HOME
DETAILS
MAL
യു.എസിന്റെ ഭീകരവിരുദ്ധ യുദ്ധം; കൊല്ലപ്പെട്ടത് 3,63,000 പേര്‍
backup
September 11 2021 | 04:09 AM
യു.എസ് നടത്തിയത് 91,340 വ്യോമാക്രമണങ്ങള്‍
ലണ്ടന്‍: 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഭീകരവിരുദ്ധ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 3,63,000 പേര്‍. ബ്രൗണ്‍ യൂനിവേഴ്‌സിറ്റിയുടെ യുദ്ധച്ചെലവ് പദ്ധതി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. വ്യോമാക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍, ആശുപത്രികള്‍, രോഗം എന്നിവയെല്ലാം കൂട്ടുമ്പോള്‍ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കോസ്റ്റ് ഓഫ് വാര്‍ പ്രോഗ്രാം ഡയരക്ടര്‍ നെത.സി ക്രോഫോര്‍ഡ് പറഞ്ഞു.
അതേസമയം 48,308 ആളുകള്‍ യു.എസിന്റെ ഡ്രോണ്‍-വ്യോമ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലണ്ടന്‍ കേന്ദ്രമായ എയര്‍വാര്‍സ് എന്ന സംഘടന സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസിന്റെ വാദങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഇതു പ്രകാരം 2001 മുതല്‍ യു.എസ് സേന ഭീകരവിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി 91,340 വ്യോമാക്രമണങ്ങള്‍ നടത്തി. ഇതില്‍ 9,000 എണ്ണവും ഐ.എസിനെ ലക്ഷ്യമിട്ടായിരുന്നു.
അഫ്ഗാനില്‍നിന്നു യു.എസ് സേനയെ പിന്‍വലിച്ചതോടെ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എസ് അധിനിവേശം നടത്തിയ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവയ്ക്കു പുറമെ യമന്‍, സൊമാലിയ, പാകിസ്താന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും യു.എസ് ഭീകരവിരുദ്ധ യുദ്ധം നടത്തി. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്തു തുടങ്ങിയ ഭീകരവേട്ട ബരാക് ഒബാമയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും കാലത്തും തുടര്‍ന്നു.
ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2003ലെ ഇറാഖ് അധിനിവേശത്തിലായിരുന്നു. 5,529 പേര്‍. 2017ല്‍ ഇറാഖിലും സിറിയയിലും യു.എസ് ആക്രമണത്തില്‍ 4,931 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ 2017ല്‍ ഐ.എസ് വിരുദ്ധ യുദ്ധത്തില്‍ 19,623 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഭീകരവിരുദ്ധ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ലെന്നാണ് പെന്റഗണ്‍ സെന്‍ട്രല്‍ കമാന്‍ഡ് എയര്‍വാര്‍സിനു നല്‍കിയ മറുപടിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."