പിടിമുറുക്കുന്ന നിശബ്ദ അടിയന്തരാവസ്ഥ
അഡ്വ. കെ.എം ബഷീർ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം സംബന്ധിച്ച് ലഭിച്ച ഹരജികളിന്മേൽ വാദം കേട്ട സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഭരണഘടനയുടെ അനുഛേദം 324 അനുസരിച്ച് പാർലമെന്റിന്റെ ഇരുസഭകളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കും സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമാണ്. ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനും രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും അടങ്ങിയതാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ അംഗങ്ങളുടെ കാലാവധി ആറു വർഷമാണ്. അംഗങ്ങൾക്ക് 65 വയസായാൽ വിരമിക്കുകയും വേണം. അടുത്തകാലത്ത് നിയമിതരായ തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് ആറ് വർഷ കാലാവധി തികക്കാൻ കഴിഞ്ഞിട്ടില്ല. 65 വയസിനോട് അടുത്ത ആളുകളെയാണ് കമ്മിഷണർമാരായി സർക്കാർ നിയമിച്ചുവരുന്നത്. കുറഞ്ഞ സേവനകാലം മാത്രമുള്ള തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിഷ്പക്ഷതയിൽ സംശയം ജനിക്കുക സ്വാഭാവികമാണ്. കമ്മിഷന്റെ സ്വതന്ത്ര സ്വഭാവമാണ് ബലികഴിക്കപ്പെടുന്നത്. കേന്ദ്ര സർവിസിൽ സെക്രട്ടറിയായിരുന്ന അരുൺ ഗോയൽ നവംബർ 18ന് സ്വയം വിരമിക്കലിന് വിധേയനാകുന്നു. നവംബർ 19ന് കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നു. നവംബർ 21ന് അദ്ദേഹം ചുമതലയേൽക്കുന്നു. ഈ വിഷയമാണ് സുപ്രിംകോടതി ആഴത്തിൽ പരിശോധിച്ചത്. മെയ് മാസത്തിൽ ഒഴിവുവന്ന സ്ഥാനത്തേക്ക് നടത്തിയ നിയമനം നവംബർ 18നും 19നും ഇടയിൽ 24 മണിക്കൂറിനുള്ളിലാണ് എന്നതാണ് ഈ നിയമനത്തിലെ സവിശേഷത. മിന്നൽ വേഗത്തിൽ നടപടികൾ പൂർത്തീകരിച്ചു എന്നാണ് സുപ്രിംകോടതി ഇതിനെ വിശേഷിപ്പിച്ചത്.
സിവിൽ-ക്രിമിനൽ വ്യവഹാരങ്ങളിൽ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നിയമനങ്ങളിൽ ഭൂരിഭാഗവും ബ്രിട്ടിഷ് കാലത്ത് നിർമിച്ചിട്ടുള്ളതും അവർ ഇന്ത്യയിലെ നീതിന്യായ രംഗത്ത് പ്രയോഗിച്ചിട്ടുള്ളതുമാണ്. ഈ നിയമങ്ങൾ കൊണ്ട് ഇന്ത്യക്കാർക്ക് നീതി ലഭിച്ചിരുന്നോ എന്നത് തർക്കവിഷയമാണ്. ഇംഗ്ലീഷുകാരുമായുള്ളതും ഇന്ത്യക്കാരും ഇംഗ്ലീഷുകാരും തമ്മിലുള്ളതുമായ തർക്കങ്ങളിൽ ഇന്ത്യൻ കോടതികളിൽ നിന്ന് ഇംഗ്ലീഷുകാർക്ക് അവരുടെ നാട്ടിലുള്ളതിനു തുല്യമായ രീതിയിൽ നീതി ലഭിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. എന്നാൽ ഇന്ത്യക്കാരുടെ കാര്യത്തിൽ അങ്ങനെ പറയാൻ കഴിയില്ല. നിയമമല്ല പ്രശ്‌നം; ഭരണകൂടത്തിന്റെ മനോഭാവമാണ് നീതി നിർവഹണത്തിൽ സ്വാധീനം ചെലുത്തുന്നത്.
ബ്രിട്ടിഷുകാർ നിർമിച്ച നിയമങ്ങൾക്ക് പ്രയോഗക്ഷമതയുള്ളതുകൊണ്ടാണ് നമ്മൾ ആ നിയമങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത്. ഉന്നത ജനാധിപത്യ മൂല്യങ്ങൾ സ്വന്തം നാട്ടിൽ നടപ്പാക്കിയപ്പോൾ കോളനി ജനതയോട് വ്യത്യസ്ത നിലപാടാണ് ബ്രിട്ടിഷുകാർ സ്വീകരിച്ചത്. ബ്രിട്ടിഷുകാരുമായി ആശയ സംവാദത്തിനായി രൂപം കൊണ്ട ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആദ്യകാലങ്ങളിൽ അവർ ഇന്ത്യ വിട്ടുപോകണമെന്ന ആശയഗതിക്കാരായിരുന്നില്ല. ബ്രിട്ടിഷ് ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിത നീതിയുക്ത ഭരണം ബ്രിട്ടനിലെ പോലെ ഇന്ത്യയിലും നടപ്പാക്കണം എന്നതായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആവശ്യം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം പിന്നിടുമ്പോഴേക്കും കോൺഗ്രസിന്റെ വീക്ഷണഗതിയിൽ മാറ്റം സംഭവിച്ചു. ബ്രിട്ടിഷുകാർക്കെതിരായ ബഹുജന മുന്നേറ്റത്തിനാണ് പിന്നീടുള്ള നാളുകൾ സാക്ഷ്യംവഹിച്ചത്. പാശ്ചാത്യ ആധുനികതയിൽ അധിഷ്ഠിത ചിന്താധാരകൾ സ്വാതന്ത്ര്യ സമരത്തിന്റെ അടിത്തട്ടിൽ പ്രവർത്തിച്ചുതുടങ്ങി. ഇന്ത്യ സ്വതന്ത്രമാവുമ്പോൾ ഏതു തരത്തിലുള്ള ഭരണക്രമമായിരിക്കണം എന്നതു സംബന്ധിച്ച് ഗൗരവ ആലോചനകൾ നടന്നു. ഇതിന്റെ ഫലമായാണ് സ്വാതന്ത്ര്യം ലഭിച്ച ഉടനെ ഭരണഘടന നിർമാണസഭ വിളിച്ചുകൂട്ടിയത്. ആഴത്തിലുള്ള ചർച്ചകൾക്കു ശേഷമാണ് റിപ്പബ്ലിക്കൻ ഭരണഘടന ഇന്ത്യ അംഗീകരിച്ചത്. ഭരണാധികാരിയെ ജനങ്ങൾ തെരഞ്ഞെടുക്കുന്നു എന്നതാണ് റിപ്പബ്ലിക്കൻ ഭരണഘടനയുടെ സവിശേഷത. നിയമനിർമാണ വിഭാഗം, കാര്യ നിർവഹണ വിഭാഗം, നീതി നിർവഹണ വിഭാഗം എന്നിങ്ങനെ സ്വതന്ത്രവും പരസ്പര ബന്ധിതവുമല്ലാത്ത അധികാര വിഭജനമാണ് ആധുനിക ജനാധിപത്യത്തിന്റെ അടിത്തറ. നിയമനിർമാണസഭ നിർമിക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നത് കാര്യനിർവഹണ വിഭാഗമാണ്. ഭരണഘടനയുടെ അന്തഃസത്തക്ക് വരുദ്ധമായ നിയമനിർമാണം നടത്താൻ നിർമാണസഭക്ക് അധികാരമില്ല. ഭരണഘടനാ തത്വങ്ങൾക്ക് നിരക്കാത്ത രീതിയിൽ ഭരണനിർവഹണം നടത്താനും പാടില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ വിധത്തിലാണ് ഭരണഘടന ക്രമപ്പെടുത്തിയിരിക്കുന്നത്. നിയമനിർമാണസഭയും ഭരണനിർവഹണവിഭാഗവും ഭരണഘടനാ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കാൻ കോടതികൾക്ക് കഴിയും. ഹൈക്കോടതികളും സുപ്രിംകോടതിയും ഭരണഘടനാ കോടതികളാണ്.
ഏകാധിപത്യത്തിലേക്കും സ്വേഛാധിപത്യത്തിലേക്കും ഭരണകൂടം വഴുതിപ്പോകാത്ത വിധത്തിൽ മുൻകരുതലുകൾ ഭരണഘടനയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വ്യക്തമായ ഭരണഘടനയുണ്ടായിട്ടും സർക്കാരിന് ഏകാധിപത്യ രീതിയിൽ ഭരണം നടത്താൻ എങ്ങനെ കഴിയുന്നുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഭരണഘടനയെ മരവിപ്പിച്ച് ഭരണകൂടത്തിന്റെ ശക്തി പ്രദർശിപ്പിക്കാനുള്ള വ്യവസ്ഥകൾ ഭരണഘടനക്ക് അകത്തു തന്നെയുണ്ട്. അനുഛേദം 352 ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്. ആഭ്യന്തരമോ വൈദേശികമോ ആയ ശത്രുക്കളിൽനിന്ന് രാജ്യം ഭീഷണി നേരിടുന്നുവെന്ന് പ്രസിഡന്റിന് ബോധ്യം വന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പൗരാവകാശങ്ങൾ സ്വയം റദ്ദു ചെയ്യപ്പെടും. ഇതുവഴി ഭരണകൂട സ്വേഛാധിത്യം ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥ സംജാതമാകും.
1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നമ്മൾ ഇതെല്ലാം അനുഭവിച്ചതാണ്. ഇന്ത്യ സ്വതന്ത്രമായ ശേഷം തുടർച്ചയായി ഭരണം നടത്തിയ കോൺഗ്രസിന് തങ്ങളുടെ ഭരണത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും തമ്മിലുള്ള വ്യത്യാസം ഇവിടെ നമുക്ക് കാണാവുന്നതാണ്. ഭരണഘടനാ സ്ഥാപനങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ഏകാധിപത്യം നടപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് ഭരണഘടന അനുവദിച്ചിട്ടുള്ള വഴിതന്നെ തെരഞ്ഞെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ ഇന്നും കോൺഗ്രസിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ്. ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ വില കുറച്ചുകാണാൻ അടിയന്തരാവസ്ഥ കാരണമായി.
കോൺഗ്രസിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നുവെങ്കിൽ, ഭരണഘടനയിൽ ഒരു മാറ്റവും വരുത്താതെ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ, ഭരണഘടനാ സ്ഥാപനങ്ങളെ ഷണ്ഡീകരിക്കാനും ഭരണനിർവഹണ വിഭാഗത്തെ കുഴലൂത്തുകാരാക്കി മാറ്റാനും ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിച്ചിരിക്കുന്നു എന്നതാണ് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയുടെ ഭരണസംവിധാനത്തിൽ ഹിന്ദുത്വശക്തികൾക്ക് ആദ്യമേ തന്നെ മേൽക്കൈയുണ്ടായിരുന്നു. ബി.ജെ.പി നടപ്പാക്കുന്നത് തങ്ങളുടെ തന്നെ ആശയഗതികളാണ് എന്ന ബോധ്യം ഭരണ സംവിധാനങ്ങളിലുള്ളവർക്ക് ഉള്ളതുകൊണ്ടാണ് ഭരണനിർവഹണം നടത്താൻ ബി.ജെ.പിക്ക് കഴിയുന്നത്. ഭരണകൂട ചെയ്തികളെ ചോദ്യം ചെയ്യാൻ ശക്തമായ പ്രതിപക്ഷം ഇല്ലാത്തത് ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു.
ഈ പശ്ചാത്തലത്തിൽ വേണം തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഇപ്പോഴത്തെ നിയമനങ്ങളെ നോക്കിക്കാണാൻ. തെരഞ്ഞെടുപ്പ് കമ്മിഷന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പ്രയോഗത്തിലൂടെ കാണിച്ചുതന്നത് തെരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ ശേഷനായിരുന്നു. ഇനിയുമൊരു ശേഷൻ തെരഞ്ഞെടുപ്പ് കമ്മിഷറായി വരുന്നത് സർക്കാരിന് സഹിക്കാൻ കഴിയുന്ന കാര്യമല്ല. തെരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കൽ, പെരുമാറ്റച്ചട്ടം പ്രയോഗത്തിൽവരുത്തൽ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടന്നു എന്ന് ഉറപ്പുവരുത്തൽ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ നടപടി സ്വീകരിക്കൽ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കൽ തുടങ്ങി വിപുല അധികാരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. വോട്ട് ശതമാനം കുറവായാലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചയാൾ ജയിക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ പകുതിയിലധികം സ്ഥാനാർഥികളും വിജയിക്കുന്നത് ആയിരത്തിൽ താഴെ വോട്ടുകൾക്കാണ്. ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിപുല സർവേകൾ നടത്തിയാണ് രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർഥിക്ക് എത്ര വോട്ട് കിട്ടാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചെറിയ വോട്ടുകളിൽ മാറ്റംവരുത്തുന്നതരത്തിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടത്തിയാൽ അനായാസം ജയിച്ചു കയറാൻ കഴിയുന്ന ധാരാളം മണ്ഡലങ്ങളുണ്ട്. ഇത്തരം മണ്ഡലങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടില്ലെന്ന് നടിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞാൽ അതിന്റെ ഫലം വലുതായിരിക്കും. ഭരണകക്ഷിക്ക് പ്രഖ്യാപനങ്ങൾ നടത്താൻ അവസരം ലഭിക്കും. ഹിമാചൽ പ്രദേശിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പ് തീയതികൾ ഒന്നിച്ച് പ്രഖ്യാപിക്കാനിരുന്നതുകൊണ്ട് ഗുജറാത്തിൽ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാൻ ഭരണകക്ഷിക്ക് കൂടുതൽ സമയം ലഭിച്ചു എന്നത് ആക്ഷേപത്തിനട നൽകിയിട്ടുണ്ട്.
സുപ്രിംകോടതി മുമ്പാകെയുള്ള കേസിൽ എന്തു തീരുമാനം വന്നാലും അതിന് പിൻകാല പ്രാബല്യം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് ഭരണകക്ഷിക്കു ആശ്വാസകരമാണ്. സുപ്രിംകോടതി, ഹൈക്കോടതികൾ, കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ, ധനകാര്യ കമ്മിഷൻ, പബ്ലിക് സർവിസ് കമ്മിഷനുകൾ എന്നിവ ഭരണഘടനാ സ്ഥാപനങ്ങളാണ്. സ്വതന്ത്രവും നിഷ്പക്ഷവും നിർഭയവുമായി പ്രവർത്തിക്കാൻ കഴിയുന്ന ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളാണ് നമ്മുടെ ഭരണഘടനയെ മൂല്യവത്തും ചലനാത്മകവും ആക്കുന്നത്. തങ്ങളുടെ സ്വന്തക്കാരെ സൂക്ഷമമായ ഈ സ്ഥാനങ്ങളിലേക്ക് അവരോധിച്ചുകൊണ്ടാണ് ഭരണഘടനാ ബാഹ്യമായ രീതിയിൽ ഭരണം നടത്താൻ ഭരണകക്ഷി ഊർജം സംഭരിക്കുന്നത്. ഈ അവസ്ഥക്ക് ഒരു മാറ്റം ഉടനെ പ്രതീക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."