പുനരധിവസിപ്പിക്കപ്പെട്ടവരുടെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണം: എന്‍. കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ ജോലിക്കായി ശ്രീലങ്കയില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്കും പിന്‍തലമുറക്കാര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവച്ച നടപടി പുനഃപരിശോധിക്കണമെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ നടപടികള്‍ സ്വകീരിക്കണമെന്നും ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്കക്ഷേമ മന്ത്രി എ.കെ. ബാലനും കത്ത് നല്‍കി.
കേന്ദ്ര സര്‍ക്കാരും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ 1972 മുതല്‍ 1980 വരെ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കും പിന്‍തലമുറക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് നിയമവിരുദ്ധമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആറായിരത്തോളം കുടുംബങ്ങളാണ് സര്‍ക്കാരിന്റെ നിലപാട് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സമാനമായ രീതിയില്‍ ശ്രീലങ്കയില്‍ നിന്നും പുനരധിവസിപ്പിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും പിന്‍തലമുറക്കാര്‍ക്കും പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഉത്തരവായിട്ടുണ്ട്. അതേ സ്വഭാവത്തിലും വിഭാഗത്തിലുമുള്ള കേരളത്തിലെ തൊഴിലാളികളെ വിവേചനപരമായി കൈകാര്യം ചെയ്യുന്നത് യുക്തിസഹമല്ല. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഉണ്ടായ കാലതാമസം അന്യായമാണ്. ഈ വിഭാഗത്തില്‍ നല്‍കിക്കൊണ്ടിരുന്ന പട്ടികജാതി സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍ത്തി വയ്ക്കുവാനുണ്ടായ കാരണവും വ്യക്തമാക്കിയിട്ടില്ല. സമൂഹത്തില്‍ പിന്നോക്കാവസ്ഥയിലുള്ള ദലിതരായ തൊഴിലാളി കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."