തെരഞ്ഞെടുപ്പ് ഫലങ്ങളിലെ പാഠം
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിച്ചില്ല. എക്‌സിറ്റ് പോളുകൾ പ്രവചിച്ചപോലെ ബി.ജെ.പി തൂത്തുവാരി. 156 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് സീറ്റുകളുടെ എണ്ണം 17 ആയി. കൊട്ടിഘോഷിക്കപ്പെട്ട ആം ആദ്മി തരംഗമൊന്നും ഫലത്തിൽ കണ്ടില്ല. ഹിമാചൽ പ്രദേശിൽ പക്ഷേ കോൺഗ്രസ് തിരിച്ചുവന്നു. അവിടെ ബി.ജെ.പി രണ്ടാമതായി. ആം ആദ്മി പാർട്ടിക്ക് സീറ്റൊന്നും കിട്ടിയില്ല. എന്താണ് ഗുജറാത്തിലെ കനത്ത തോൽവിയിലേക്കും ഹിമാചലിലെ അപ്രതീക്ഷിത വിജയത്തിലേക്കും നയിച്ച കാരണങ്ങളെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കേണ്ട സമയമാണ്. ഡൽഹിയിൽ ഒന്നിച്ചിരിക്കുകയും പാർലമെന്റിൽ ഒറ്റസ്വരത്തിൽ ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരേ സംസാരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ പാർട്ടികൾക്ക് സംസ്ഥാനങ്ങളിൽ നിർണായക ഘട്ടങ്ങളിലെങ്കിലും ഒറ്റക്കെട്ടായി നിൽക്കാനും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനും എന്താണ് തടസ്സം.
1995ൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ബി.ജെ.പി അധികാരം പിടിച്ചതിന് ശേഷം ഗുജറാത്ത് ബി.ജെ.പിയുടെ ഇളക്കം തട്ടാത്ത കോട്ടയാണ്. അധികാരം നരേന്ദ്ര മോദിയിലേക്കെത്തിയതോടെ ഉയർന്ന ഭൂരിപക്ഷത്തിനാണ് ബി.ജെ.പി അവിടെ ജയിച്ചുവന്നിരുന്നത്. 2002ലെ വംശഹത്യക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ 127 സീറ്റുകൾ നേടി. എന്നാൽ അതിനുശേഷം നടന്ന ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് സീറ്റു കുറയുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ മോദി തരംഗം രൂപപ്പെട്ടപ്പോഴും ഗുജറാത്തിൽ ബി.ജെ.പിയുടെ അംഗസംഖ്യ കുറയുന്നത് തുടർന്നു. 2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി ബി.ജെ.പി അധികാരം നിലനിർത്തിയെങ്കിലും 78 സീറ്റിലാണ് കോൺഗ്രസിന് ജയിക്കാനായത്. 1995ന് ശേഷം അതുവരെ ബി.ജെ.പി നൂറിൽ കുറഞ്ഞ അംഗസംഖ്യയിലേക്കെത്തിയിരുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ എന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വമാണ്.
പട്ടേൽ വിഭാഗങ്ങൾക്ക് ബി.ജെ.പിയുമായുണ്ടായിരുന്ന തർക്കം ഇത്തവണയുണ്ടായിരുന്നില്ലെന്നതാണ് ഒരുത്തരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന ഹാർദിക് പട്ടേൽ അടക്കമുള്ള നേതാക്കൾ ഇത്തവണ ബി.ജെ.പിയിലേക്ക് കൂറുമാറി. ഒ.ബി.സി വിഭാഗത്തിൽ സ്വാധീനമുള്ള അൽപ്പേഷ് താക്കൂറും ബി.ജെ.പിയിലേക്കു പോയി. പട്ടേൽ വിഭാഗത്തിൽ നിന്ന് മറ്റൊരാളെ കണ്ടെത്താനുള്ള കോൺഗ്രസ് ശ്രമം വിജയം കണ്ടില്ല.
എന്നാൽ ശത്രുപാളയത്തിനുള്ളിലെ പടയിൽ പ്രതീക്ഷവച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിഡ്ഢിത്തമാണെന്ന് കോൺഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം. 2017ലെ 78 സീറ്റ് വിജയത്തിന് ശേഷം സീറ്റുനില ഉയർത്തി അധികാരത്തിലെത്താൻ എന്തു നയപരിപാടികളായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. ഒന്നുമില്ലായിരുന്നുവെന്ന് മാത്രമല്ല പരസ്പരം പോരടിക്കുന്ന നേതാക്കളും കാലുമാറ്റവും സ്ഥാനാർഥി പട്ടിക തയാറാക്കുന്നതിലെ ആശയക്കുഴപ്പവും തുടങ്ങി ആഭ്യന്തര പ്രതിസന്ധികളിൽ കുടുങ്ങിക്കിടന്ന കോൺഗ്രസ് അനായാസ വിജയം ബി.ജെ.പിക്ക് താലത്തിൽവച്ചു നീട്ടുകയായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു നേതാവ് രഘു ശർമയ്ക്കുമായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയേണ്ട സമയത്ത് രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി പദവി വിട്ടുനൽകുന്ന വിഷയത്തിൽ തമ്മിലടിക്കുകയായിരുന്നു ഈ നേതാക്കൾ. കഴിഞ്ഞ തവണ സംഘടനയെ വിജയത്തിന്റെ പടിവാതിൽ വരെയെത്തിച്ച രാഹുൽ ഗാന്ധി ഇത്തവണ തിരിഞ്ഞുനോക്കിയില്ല. സംസ്ഥാനത്ത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിനാണ് കോൺഗ്രസ് സാക്ഷ്യംവഹിച്ചിരിക്കുന്നത്. 1995ൽ അധികാരം നഷ്ടപ്പെട്ടെങ്കിലും കോൺഗ്രസിന്റെ വോട്ട് ശതമാനം ഇത്ര കുറഞ്ഞിരുന്നില്ല. ഇത്തവണ 15 ശതമാനത്തോളം ഇടിവാണുണ്ടായത്. കോൺഗ്രസ് മോശം പ്രകടനം കാഴ്ചവച്ച 2007ൽപ്പോലും 38 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. വീടുകൾ തോറും കയറിയിറങ്ങിയും ബൂത്ത് മാനേജ്‌മെന്റ് നടപ്പാക്കിയുമുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇത്തവണ കോൺഗ്രസ് പയറ്റിനോക്കിയത്.
താഴേത്തട്ടിൽ ശക്തമായ പ്രചാരണമെന്ന് തോന്നാമെങ്കിലും പ്രത്യക്ഷത്തിലുള്ള തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളിൽ കോൺഗ്രസിനെ കണ്ടില്ല. കോൺഗ്രസിനെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമാക്കുന്നതായിരുന്നു ഈ നീക്കം. ആദ്യമായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായെന്ന ആശ്വാസമെങ്കിലുമുണ്ട്.
ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ സ്വന്തം നാടായ ഹിമാചൽ പ്രദേശിൽ അധികാരം പിടിക്കാനായതിൽ ഇതിനിടയിലും കോൺഗ്രസിന് ആശ്വസിക്കാം. ഒരുവട്ടം കോൺഗ്രസിനെങ്കിൽ അടുത്ത തവണ ബി.ജെ.പിക്ക് അധികാരം നൽകുന്ന രീതിയാണ് 1985 മുതൽ ഹിമാചലിലുണ്ടായിരുന്നത്. ഇത്തവണ തുടർഭരണം ഉറപ്പാക്കാൻ ശക്തമായ പ്രചാരണമായിരുന്നു ബി.ജെ.പി നടത്തിയത്. ആം ആദ്മി പാർട്ടിയുടെ കൂടി വരവോടെ ബി.ജെ.പിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്ന് കരുതിയിരുന്നു.
എന്നാൽ, ആം ആദ്മി നീക്കം പരാജയമായി. ഉൾപ്പാർട്ടി കലഹവും വിമതശല്യവും വീരഭദ്ര സിങ്ങിനെ പോലൊരു നേതാവിന്റെ അഭാവവുമൊക്കെ ഹിമാചലിലെ കോൺഗ്രസിനെ അലട്ടിയിരുന്നെങ്കിലും ജനം ഒരിക്കൽക്കൂടി അധികാരം കോൺഗ്രസിന്റെ കൈകളിൽവച്ചു കൊടുത്തിരിക്കുന്നു. അത് കൈവിടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ട്. ഉൾപ്പാർട്ടി കലഹവും മുഖ്യമന്ത്രിസ്ഥാനം ആർക്കെന്ന കാര്യത്തിലുണ്ടാകാനിടയുള്ള തർക്കവുമെല്ലാം കോൺഗ്രസിനെ വലയ്ക്കും. മറുവശത്ത് ഏതു സമയവും എം.എൽ.എമാരെ കൂറുമാറ്റാൻ കണ്ണുനട്ട് ബി.ജെ.പിയുണ്ട്. ജനഹിതത്തെ മാനിച്ചെങ്കിലും ബി.ജെ.പി. ശ്രമങ്ങളെ തുടക്കം മുതൽ പ്രതിരോധിക്കാൻ കോൺഗ്രസ് തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."