പോരാ…അതിഥി സല്‍ക്കാരം, വിനോദം എന്നിവക്കുള്ള ചെലവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: രാജ്ഭവന് അനുവദിക്കുന്ന തുകയില്‍ വന്‍ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിഥി സല്‍ക്കാരം, വിനോദം, വിനോദയാത്ര ഉള്‍പ്പെടെ ആറ് ഇനങ്ങളിലായി 36 ഇരട്ടി വരെ വര്‍ധനവാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണറുടെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിഥികള്‍ക്കായുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫിസ് ചെലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക, ഓഫിസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് രാജ്ഭവന്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുള്ളതെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്‌സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് നല്‍കേണ്ട തുക 32 ലക്ഷം രൂപയാണ്. എന്നാല്‍, ഈ വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."