സുരക്ഷാ സംവിധാനങ്ങളില്ലാതെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബര്‍
മട്ടാഞ്ചേരി: ആയിരത്തിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് ദുരിതമാകുന്നു. മത്സ്യ ബന്ധന ബോട്ടില്‍ നിന്നും കായലിലേക്ക് വീണുള്ള അപകടങ്ങള്‍ അടുത്തിടെ പതിവായിരിക്കുകയാണ്. വ്യാഴാഴ്ച കണ്ണമാലി മങ്ങാട്ട് വീട്ടില്‍ സേവ്യറിന്റെ മകന്‍ ഫ്രാന്‍സിസ് സേവ്യര്‍ (സനീഷ് 27) ബോട്ടിന്റെ മുകളില്‍ കയറി നിന്ന് കയര്‍ ചുറ്റി കെട്ടുന്നതിനിടയില്‍ കായലിലേക്ക് വീണ് മരണപ്പെട്ടിരുന്നു.
വെള്ളിയാഴ്ച മത്സ്യ ബന്ധനം കഴിഞ്ഞെത്തിയ ബോട്ടില്‍ ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകന്നതിനിടെ ബോട്ടില്‍ നിന്ന് തൊട്ടടുത്ത ബോട്ടിലേക്ക് തലയടിച്ച് കായലിലേക്ക് വീണ തിരുവനന്തപുരം പുല്ലുവിള ചാരത്തടി പുരയിടത്തില്‍ ജോസഫിന്റെ മകന്‍ ജോണി (39) നെ കാണാതായിരുന്നു. രണ്ടു പേര്‍ കായലിലേക്ക് വീണ സംഭവത്തില്‍ ഇവരെ രക്ഷിക്കുവാനുള്ള ഒരു സംവിധാനവുമൊരുക്കാന്‍ ഹാര്‍ബര്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി തുറമുഖ ട്രസ്റ്റാണ് ഹാര്‍ബറിന്റെ നടത്തിപ്പുകാര്‍. ഹാര്‍ബറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒരാള്‍ ഏഴു രൂപയുടെ പ്രവേശന ഫീസെടുക്കണം. ഒരു ഇരുചകവാഹനം ഹാര്‍ബറിലേക്ക് കയറ്റണമെങ്കി ല്‍ പത്ത് തുപയുടെ പാസ് എടുക്കണം. ചരക്ക് കയറ്റുന്ന ലോറി, മിനിലോറി തുടങ്ങിയ വാഹനങ്ങള്‍ കയറ്റുന്നതിനു മാത്രമല്ല. ചരക്കുമായി തിരികെ ഇറങ്ങുമ്പോഴും വണ്ടിയില്‍ കയറ്റിയിരിക്കുന്ന മത്സ്യത്തിന്റെ തോത് അനുസരിച്ച് ഹാര്‍ബറില്‍ ഫീസ് അടക്കേണ്ടതുണ്ട്. ബോട്ടുകളില്‍ ജീവനക്കാര്‍ക്ക് കുടിക്കുവാന്‍ കൊണ്ടു പോകുന്ന വെള്ളത്തിനു പോലും പണം നല്‍കണം. ഇപ്രകാരം മത്സ്യതൊഴിലാളികളും ബോട്ടുടമകളും ചരക്ക് വാങ്ങുന്നതിനെത്തുന്നവര്‍ വരെ ഹാര്‍ബര്‍ ഉപയോഗപെടുത്തുന്നതിന് യൂസേഴ്‌സ് ഫീസ് നല്‍കുമ്പോഴും ഒരു സുരക്ഷാസംവിധാനങ്ങളും കാര്യമായ രീതിയില്‍ ഇവിടെ നടപ്പാക്കുന്നില്ലായെന്ന് തൊഴിലാളികള്‍ പറയുന്നു.
കായലില്‍ വീണവരെ രക്ഷിക്കുന്നതിന് കരയില്‍ നില്‍ക്കുന്നവര്‍ക്ക് എറിഞ്ഞു കൊടുക്കാന്‍ ലൈഫ് ബോയകള്‍ പോലും ഹാര്‍ബറിലില്ല. കഴിഞ്ഞ ആഴ്ച ഹാര്‍ബറില്‍ കിടക്കകയായിരുന്ന മത്സ്യ ബന്ധന ബോട്ടിന് തീപിടിച്ചിട്ട് മട്ടാഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തേണ്ടി വന്നു തീ അണക്കാന്‍. തീ അണക്കുവാന്‍ പോലും പര്യാപ്തമായ സംവിധാനം ഇല്ലായെന്നതാണ് ആയിരങ്ങള്‍ തൊഴിലെടുക്കുന്ന ഇവിടുത്തെ അവസ്ഥ.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ പതിനഞ്ച് തൊഴിലാളികളില്‍ കൂടുതല്‍ ജോലിക്കാരുണ്ടെങ്കില്‍ തൊഴില്‍ ഉടമക്ക് നേരേ നിയമങ്ങളുടെ നൂലാമാലകള്‍ ഉയര്‍ത്തുന്ന സര്‍ക്കാര്‍ തന്നെയാണ് ഇവിടെ ആയിരത്തിലധികം പേര്‍ ജോലി ചെയ്യുന്ന ഹാര്‍ബറില്‍ സുരക്ഷാ സംവിധാനം ഒരുക്കാത്തത്. ഹാര്‍ബറിലടുക്കുന്ന ഇതര സംസ്ഥാനബോട്ടുടമകളില്‍ നിന്നം യൂസേഴ്‌സ് ഫീസായി ക്ഷേമനിധി ബോര്‍ഡിലേക്ക് പ്രതിവര്‍ഷം കോടികള്‍ പിരിക്കുമ്പോള്‍ പോലും ഇവിടെ ഹാര്‍ബറില്‍ ജോലിക്കിടെ അപകടങ്ങളില്‍ പെടുന്ന തൊഴിലാളികള്‍ക്ക് അഞ്ചു നയാ പൈസയുടെ ആനുകൂല്യം പോലും നല്‍കുന്നില്ല.
ഹാര്‍ബറില്‍ അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി തൊഴിലാളികളുടെ ജീവന് സംരക്ഷണമുറപ്പാക്കാന്‍ പോര്‍ട്ട് അധികൃതര്‍ തയാറാകണമെന്ന് ഗില്‍ നെറ്റ് ബോട്ട് ബയിഗ് ഏജന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം.മജീദ് ആവശ്യപ്പെട്ടു. മട്ടാഞ്ചേരി മേഖലയില്‍ അവശേഷിക്കുന്ന ഈ തൊഴില്‍ കേന്ദ്രം നിലനിറുത്തുവാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."