ക്രൊയേഷ്യക്കെതിരേ മെസ്സി ഉണ്ടാവില്ലേ? ഫിഫ അച്ചടക്ക സമിതിയുടെ തീരുമാനം ഇന്ന് വൈകീട്ട്; നെഞ്ചിടിപ്പോടെ അര്‍ജന്റിന
ക്രൊയേഷ്യക്കെതിരേ ഇന്ന് രാത്രി നടക്കുന്ന നിര്‍ണായക സെമിഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് കളിക്കാനാവുമോയെന്ന് വൈകീട്ടോടെ അറിയാം. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലെ അച്ചടക്ക ലംഘനങ്ങളും മല്‍സര ശേഷമുള്ള പെരുമാറ്റങ്ങളും ഫിഫ അച്ചടക്ക സമിതി പരിശോധിച്ചുവരികയാണ്. ഫിഫ ഇന്ന് വൈകീട്ടോടെ വിധി പ്രഖ്യാപിക്കും.
മെസ്സിക്ക് വിലക്ക് നേരിടേണ്ടി വന്നാല്‍ അര്‍ജന്റീന വലിയ പ്രതിസന്ധിയിലായേക്കും. മാച്ച് റഫറി അന്റോണിയോ മത്തേയു ലഹോസിനോട് കയര്‍ക്കുകയും പ്രതികരിക്കുകയും ചെയ്തതാണ് മെസ്സിക്ക് വിനയായത്. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അച്ചടക്കം ഒരു പ്രധാന പ്രശ്‌നമായി മാറി. വാശിയും ആവേശവും മുറ്റിനിന്ന മല്‍സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടതോടെ ഇരു ടീമുകളിലെയും കളിക്കാരും കോച്ചിങ് സ്റ്റാഫും സംയമനം നഷ്ടപ്പെട്ട പോലെ പെരുമാറി. വാക്ക് തര്‍ക്കങ്ങള്‍ക്ക് പുറമെ, കളിക്കിടയിലും ശേഷവും വഴക്കുകള്‍ പൊട്ടിപ്പുറപ്പെട്ടതിനാല്‍ കളിക്കാര്‍ പലപ്പോഴും പരസ്പരം ഏറ്റുമുട്ടി. റഫറി 16 തവണ മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും പുറത്തെടുത്തു. ലോകകപ്പിന്റെ ചരിത്രത്തിലെ റെക്കോഡ് ബുക്കിങാണിത്.
പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ താരങ്ങള്‍ക്കു പുറമേ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരേയും അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഫിഫ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിഫ ഡിസിപ്ലിനറി കോഡിന്റെ ആര്‍ട്ടിക്കിള്‍ 12 (കളിക്കാരുടെയും ഒഫീഷ്യലുകളുടെയും മോശം പെരുമാറ്റം), ആര്‍ട്ടിക്കിള്‍ 16 (മത്സരങ്ങളിലെ ക്രമവും സുരക്ഷയും) പ്രകാരം അര്‍ജന്റീനക്കെതിരേ ഫിഫ അച്ചടക്ക സമിതി നടപടി ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണിക്കും മഞ്ഞക്കാര്‍ഡ് ലഭിക്കുകയുണ്ടായി. എന്നാല്‍, മല്‍സരത്തില്‍ മോശമായ കാര്യങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നാണ് കോച്ചിന്റെ അഭിപ്രായം. ഇരു ടീമുകളുടെയും ഭാഗത്തുനിന്ന് മോശമായി ഒന്നും ഉണ്ടായിട്ടില്ലെന്നും വാശിയേറിയ കളിയാണ് ഫുട്‌ബോളെന്നും കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയെ കോപ അമേരിക്ക കിരീടം ചൂടിച്ച സ്‌കലോണി അഭിപ്രായപ്പെട്ടു.
അതേസമയം, ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിച്ച റഫറിയെ ലയണല്‍ മെസ്സി രൂക്ഷമായി വിമര്‍ശിച്ചു. 'ഞങ്ങള്‍ക്ക് മികച്ച കളി പുറത്തെടുക്കാനായിരുന്നില്ല. തുടര്‍ന്ന് റഫറി എക്‌സ്ട്രാ ടൈമിലേക്ക് മല്‍സരം കൊണ്ടുപോയി. അദ്ദേഹം എപ്പോഴും ഞങ്ങള്‍ക്ക് എതിരായിരുന്നു. അവസാനത്തേത് ഒരു ഫൗള്‍ ആയിരുന്നില്ല. ഫിഫ അത് അവലോകനം ചെയ്യണം. ഇത്രയും പ്രാധാന്യമുള്ള ഒരു മത്സരം ഇതു പോലെയുള്ള ഒരു റഫറിക്ക് നല്‍കാനാവില്ല- മെസ്സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."