കേരളത്തില്‍ ട്രെയിന്‍ യാത്ര ദുഷ്‌കരം
രാജ്യത്തെ സാധാരണ ജനങ്ങള്‍ പൊതുഗതാഗതത്തിനായി കൂടുതല്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. സുരക്ഷിതവും ആയാസരഹിതവുമായ യാത്രക്ക് ഏറ്റവും അനുയോജ്യമാണത്. കൊവിഡ് ആശങ്കയ്ക്കുശേഷം മാര്‍ച്ചില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുകയും പ്രധാന റെയില്‍വേ സ്റ്റേഷനുകളെല്ലാം പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അനുഭവപ്പെട്ടത് പോലുള്ള ശൂന്യത മാര്‍ച്ച് മുതല്‍ റെയില്‍ പാളങ്ങളില്‍ ഇല്ലാതായെങ്കിലും കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെയും കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെയും യാത്ര ദുഷ്‌കരമായി തുടരുകയാണ്.
മെമു സര്‍വിസുകള്‍ തുടങ്ങിയെങ്കിലും പഴയതുപോലെ സുഗമമായ യാത്ര കേരളത്തിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ലഭ്യമാകുന്നില്ല എന്നതാണ് വസ്തുത. റിസര്‍വേഷനിലൂടെ മാത്രമേ ടിക്കറ്റ് കിട്ടൂ. ഓണ്‍ലൈനിലൂടെ ഒരു മാസത്തില്‍ 12 റിസര്‍വേഷന്‍ മാത്രമേ അനുവദിക്കൂ. അപ്പ് ആന്‍ഡ് ഡൗണ്‍ യാത്രയാണെങ്കില്‍ 6 ദിവസത്തേക്ക് മാത്രമേ ഈ റിസര്‍വേഷന്‍ ഉപയോഗപ്പെടുകയുള്ളൂ. ബാക്കി ദിവസം മുഴുവനും യാത്രക്കാര്‍ ക്യൂ നില്‍ക്കണം. നിത്യയാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രയാസകരമാണ്. പട്ടണങ്ങളിലും നഗരങ്ങളിലും ജോലിക്ക് പോകേണ്ടവര്‍ക്ക് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുക സാധ്യമല്ല. വലിയ പ്രയാസമാണ് ഇത്തരം യാത്രക്കാര്‍ അനുഭവിക്കുന്നത്. സീസണ്‍ ടിക്കറ്റാണെങ്കില്‍ അനുവദിക്കുന്നുമില്ല. ആറ് ദിവസത്തേക്ക് ബുക്ക് ചെയ്താല്‍ പോലും യഥാസമയം ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. ഷൊര്‍ണൂര്‍-കോഴിക്കോട്-കണ്ണൂര്‍ മെമു മാര്‍ച്ചില്‍ കന്നി ഓട്ടം തുടങ്ങിയെങ്കിലും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല.
മെമു ഒഴികെ ഇപ്പോള്‍ ലഭ്യമായ ട്രെയിനുകളിലെല്ലാം റിസര്‍വ് ചെയ്ത യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന റെയില്‍വേയുടെ നിലപാടാണ് കേരളീയരെ സംബന്ധിച്ചിടത്തോളം യാത്ര ദുഷ്‌കരമാക്കുന്നത്. റിസര്‍വ് ചെയ്യാതെയുള്ള യാത്ര മെമുവില്‍ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതിനാല്‍ വലിയ തിരക്കാണ് ഈ ട്രെയിനില്‍ അനുഭവപ്പെടുന്നത്. റെയില്‍വേയുടെ ഈ നിലപാട് കാരണം പലരും ട്രെയിന്‍ യാത്ര ഉപേക്ഷിച്ച് ബസുകളിലാണ് ദീര്‍ഘദൂര യാത്ര നടത്തുന്നത്. ഇത് സമയ നഷ്ടവും ധന നഷ്ടവും ഉണ്ടാക്കുന്നു.
മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റും, കോയമ്പത്തൂര്‍-മംഗലാപുരം, കോയമ്പത്തൂര്‍-കണ്ണൂര്‍ ലോക്കല്‍ ട്രെയിനുകള്‍ എക്‌സ്പ്രസ് ആയി സര്‍വിസ് നടത്തുന്നതിനാലാണ് നിത്യ യാത്രികര്‍ക്ക് ട്രെയിന്‍ യാത്ര പ്രയാസകരമാവുന്നത്. ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകളുടെ റിസര്‍വേഷന്‍ ട്രെയിന്‍ വരുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് അവസാനിക്കുന്നുവെന്നതും ട്രെയിന്‍ യാത്ര ഉപേക്ഷിക്കാന്‍ യാത്രക്കാരെ നിര്‍ബന്ധിതരാക്കുന്നു. പാസഞ്ചര്‍ വണ്ടികള്‍ പൂര്‍ണമായും ഓടിത്തുടങ്ങിയിട്ടില്ല എന്നത് ദുരിതം ഇരട്ടിപ്പിക്കുന്നു.
സ്റ്റേഷനുകളില്‍ നിന്ന് നിയന്ത്രണ വിധേയമായാണ് ടിക്കറ്റുകള്‍ നല്‍കുന്നതെന്നതും മറ്റൊരു കടമ്പയാണ്. കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടിത്തുടങ്ങിയിട്ടുണ്ടെങ്കിലും വാതില്‍പ്പടികളില്‍പോലും യാത്രക്കാര്‍ ഞെരുങ്ങിയിരുന്നാണ് യാത്ര ചെയ്യുന്നത്. ഇതിലും ബുക്ക് ചെയ്താല്‍ മാത്രമേ യാത്ര ചെയ്യാനാവൂ. ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ പലരെയും അത് നിര്‍ബന്ധിതരാക്കുന്നു. ദീര്‍ഘദൂര യാത്രക്കാരാണ് ഈ സാഹസത്തിനു മുതിരുന്നത്. ടിക്കറ്റ് പരിശോധകര്‍ വന്നാല്‍, അഞ്ഞൂറ് രൂപ പിഴയൊടുക്കിയാല്‍ മതിയല്ലോ എന്ന തീരുമാനത്താല്‍ വിദേശത്ത് നിന്നു മടങ്ങിവരുന്ന പ്രവാസികളില്‍ പലരും ഈ വഴി തെരഞ്ഞെടുക്കുന്നു.
കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് പല മാര്‍ഗ നിര്‍ദേശങ്ങളും ഇന്ത്യന്‍ റെയില്‍വേ പുറപ്പെടുവിച്ചിരുന്നു. മാസ്‌ക് ധരിക്കാതെ സ്റ്റേഷനുകളില്‍ വരുന്നവര്‍ക്ക് 500 രൂപ പിഴ ഈടാക്കുന്നത് പോലുള്ള മാര്‍ഗ നിര്‍ദേശങ്ങളായിരുന്നു അവ. കേരളത്തിലേക്ക് വരുന്ന ട്രെയിന്‍ യാത്രക്കാര്‍ നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഒപ്പം കരുതണം. യാത്രക്കാര്‍ എല്ലാവരും തന്നെ 14 ദിവസത്തേക്ക് നിര്‍ബന്ധിത ഹോം ക്വാറന്റൈനിന് വിധേയരാകണം തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളായിരുന്നു അവ. എന്നാല്‍ യാത്രക്കാരുടെ യാത്രാ ദുരിതം ഇല്ലാതാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചതുമില്ല.
യാത്ര ദുഷ്‌കരമാകുന്നതോടൊപ്പം തന്നെ ട്രെയിനുകളില്‍ കൊള്ളയും മോഷണവും ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ റെയില്‍ ഗതാഗതം മോഷണങ്ങള്‍ക്കും പിടിച്ചുപറികള്‍ക്കും അനുകൂലമായതിനാലാവാം ഇത്. റിസര്‍വേഷന്‍ യാത്രകളായിട്ടും യാത്രക്കാര്‍ മോഷണത്തിനും കൊള്ളക്കും വിധേയരാകുന്നു. നിസാമുദ്ദീന്‍-തിരുവനന്തപുരം ജയന്തി എക്‌സ്പ്രസ് ട്രെയിനില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ കൊള്ളയടിക്കപ്പെട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മയക്കു മരുന്ന് ശീതളപാനീയത്തില്‍ നല്‍കി മയക്കിയാണ് സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. ബിഹാര്‍ സ്വദേശിയായ മോഷ്ടാവിന്റെ ചിത്രം സഹിതം പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടും അയാള്‍ പിടിക്കപ്പെട്ടില്ല. റിസര്‍വ് ചെയ്ത യാത്ര പോലും പ്രയാസത്തിലാകുന്നതോടൊപ്പം യാത്രക്കാര്‍ മോഷണങ്ങള്‍ക്കും വിധേയരാകുന്നു എന്ന സ്ഥിതി പരിതാപകരമാണ്.
കൊവിഡ് നിയന്ത്രണങ്ങളില്‍ പല സംസ്ഥാനങ്ങളും കേരളവും ഇളവു വരുത്തുമ്പോള്‍ പാസഞ്ചര്‍ വണ്ടികളിലടക്കം ഏര്‍പ്പെടുത്തിയ റിസര്‍വേഷന്‍ ഒഴിവാക്കാത്തത് അനീതിയാണെന്ന് പറയാതിരിക്കാനാവില്ല. നിര്‍ത്തിവച്ച സീസണ്‍ ടിക്കറ്റുകള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കണം. പകല്‍ സമയത്ത് ഓടുന്ന ട്രെയിനുകളുടെ റിസര്‍വേഷനുകള്‍ പെട്ടെന്ന് തന്നെ ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയാറാകണം. എങ്കില്‍ മാത്രമേ കേരളത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരറുതിയുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."