നെഹ്‌റുവിനെ ഗോദയിലിറങ്ങാന്‍ എ.കെ.ജി വെല്ലുവിളിച്ച കാസര്‍കോട്
കാസര്‍കോട്: ടിപ്പു സുല്‍ത്താന്‍ പടനയിച്ച വീരഭൂമി, സപ്തഭാഷകള്‍ സംസാരിക്കുന്ന നാട്, ബേക്കല്‍ ഉള്‍പ്പെടെ ചരിത്രപ്രസിദ്ധമായ കോട്ടകളുടെ ദേശം. 1957ല്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ ഗോപാലന്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കാസര്‍കോട്ടു നിന്ന് തനിക്കെതിരേ മത്സരിക്കാന്‍ വെല്ലുവിളിച്ച ചരിത്രം കൂടിയുണ്ട് ഈ നാടിന്.
1957ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ച ശേഷം കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകള്‍ തെക്കന്‍ കാനറയില്‍ നിന്ന് വേര്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയുമായി ചേര്‍ത്തു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ കോട്ടയായിരുന്നു കാസര്‍കോട് ലോക്‌സഭാ മണ്ഡലം. 1957ലെ ആദ്യ തെരഞ്ഞെടുപ്പു മുതല്‍ 1967 വരെ എ.കെ.ജി ആയിരുന്നു കാസര്‍കോടിന്റെ എം.പി. 1957ലും 1962ലും സി.പി.ഐ ടിക്കറ്റിലാണ് എ.കെ.ജി മത്സരിച്ചതെങ്കില്‍ 1967ല്‍ സി.പി.എം ടിക്കറ്റിലാണ് മത്സരിച്ചത്. 1957ലെ തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ട് നേടിയ എ.കെ.ജി 1957ലും 1962ലും 60 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തി ചെങ്കോട്ടയായി സംരക്ഷിച്ചു.
തുടര്‍ന്ന് നടന്ന 1971ലെ തെരഞ്ഞെടുപ്പിലാണ് കാസര്‍കോട്ട് ആദ്യമായി കോണ്‍ഗ്രസ് ജയിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി അന്ന് ഇ.കെ നായനാരെ അട്ടിമറിച്ച് വിജയിച്ചു. കരുത്തനായ ഇ.കെ നായനാരെ അക്കാലത്ത് 'മീശമുളയ്ക്കാത്ത പയ്യന്‍' എന്നു വിളിക്കപ്പെട്ട രാമചന്ദ്രന്‍ കടന്നപ്പള്ളി അട്ടിമറിച്ചതുപോലുള്ള അട്ടിമറിക്കഥകള്‍ പലതും കാസര്‍കോടിനു പറയാനുണ്ട്. അതുവരെ പഞ്ചായത്ത് മെംബര്‍ പോലും ആകാതിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊല്ലത്തു നിന്നെത്തി 40, 438 വോട്ട് ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചത് 2019ലെ അട്ടിമറി.
1977ല്‍ സി.പി.എമ്മിലെ എം.രാമണ്ണറെയെയാണ് കടന്നപ്പള്ളി തോല്‍പ്പിച്ചത്. എന്നാല്‍ 1980ല്‍ സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. 84ല്‍ സി.പി.എമ്മിലെ കരുത്തനായ ഇ.ബാലാനന്ദനെ അട്ടിമറിച്ചാണ് കോണ്‍ഗ്രസിലെ ഐ.രാമറായി വിജയിച്ചത്. 1989ല്‍ മണ്ഡലം വീണ്ടും സി.പി.എമ്മിന്റെ കൈയില്‍. രാമണ്ണറെ ആയിരുന്നു വിജയി. 1991ല്‍ കോണ്‍ഗ്രസ് കെ.സി വേണുഗോപാലിനെ ഇറക്കിയെങ്കിലും മണ്ഡലം രാമണ്ണറെ നിലനിര്‍ത്തി.
1996 മുതല്‍ മൂന്നു തവണ ടി.ഗോവിന്ദനും 2004 മുതല്‍ 2014 വരെ മൂന്നുതവണ പി. കരുണാകരനും സി.പി.എമ്മില്‍ നിന്ന് ലോക്സഭയിലെത്തി. 2004ല്‍ 1.07 ലക്ഷമായിരുന്ന പി.കരുണാകരന്റെ ഭൂരിപക്ഷം 2009ല്‍ 64,427 ആയി കുറഞ്ഞു.
കോണ്‍ഗ്രസിന്റെ യുവനേതാവ് ടി.സിദ്ദിഖ് 2014ല്‍ പി.കരുണാകരന്റെ വിജയ മാര്‍ജിന്‍ 6,921 ആയി കുറച്ചു. 2019ല്‍ ഉണ്ണിത്താനിലൂടെ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു.
1957ലെ ആദ്യ തെരഞ്ഞെടുപ്പു മുതല്‍ 1967 വരെ മൂന്നുതവണയും എ.കെ.ജി കരസ്ഥമാക്കിയ ഉയര്‍ന്ന ശതമാനം തുടര്‍ന്നു മത്സരിച്ച സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് നേടാനായില്ല. 2019ല്‍ ഇടതുമുന്നണി വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ചയുണ്ടായെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഇത്തവണ വടക്കന്‍ കാറ്റ് മാറിവീശുമെന്നാണ് ഇടതു പ്രതീക്ഷ. മൂന്നര പതിറ്റാണ്ടത്തെ മണ്ഡല ചരിത്രത്തില്‍ ആദ്യമായി ഇടതുകോട്ടയെ വിറപ്പിച്ച യു.ഡി.എഫ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തന്നെ വീണ്ടുമിറക്കിയാണ് സീറ്റ് നിലനിര്‍ത്താന്‍ നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."