ജസ്റ്റിസ് എം. ഫാത്തിമ ബീവി നീതിവഴിയിലെ സൂര്യശോഭ
അഡ്വ. ടി. ആസഫ് അലി
രാജ്യചരിത്രത്തില്‍ ആദ്യത്തെ സുപ്രിംകോടതി വനിതാ ജഡ്ജി എന്ന ഉന്നതസ്ഥാനം അലങ്കരിക്കാന്‍ അപൂര്‍വ അവസരം ലഭിച്ച ജസ്റ്റിസ് എം. ഫാത്തിമ ബീവി കാലത്തോട് വിടപറഞ്ഞു. 1950ല്‍ കൊല്ലം ജില്ലാ കോടതിയിലെ അഭിഭാഷക എന്ന നിലയില്‍ ആരംഭിച്ച ജീവിതം പിന്നീട് രാജ്യത്തെ നീതിന്യായ സംവിധാനത്തിലെ മുന്‍സിഫ്മജിസ്‌ട്രേറ്റ് പദവിതൊട്ട് സബ് ജഡ്ജി, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി അവസാനം രാജ്യത്തെ ഉന്നത നീതിസന്നിധിയായ സുപ്രിംകോടതി ജഡ്ജിയായും അവരോധിക്കപ്പെട്ട ജസ്റ്റിസ് ഫാത്തിമബീവി ഒരു രാജ്യത്തെ ഉന്നതനീതിപീഠത്തിലേക്ക് നിയമിക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയായിട്ടാണ് ചരിത്രം രേഖപ്പെടുത്തുന്നത്. സ്ത്രീ ശാക്തീകരണത്തിനും അധഃസ്ഥിത പിന്നോക്ക വിഭാഗത്തിന്റെ മോചനത്തിനുമായി ശക്തമായ നിലപാടുള്ള ന്യായാധിപയായിരുന്നു ഫാത്തിമ ബീവിയെന്നത് ഹൈക്കോടതി ജഡ്ജിയെന്ന നിലയിലും സുപ്രിംകോടതി ജഡ്ജിയെ നിലയിലും അവരുടെ നിരവധി വിധിന്യായങ്ങളില്‍ പ്രകടമായിരുന്നു. സുപ്രിംകോടതി ജഡ്ജിയായി വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായും 1997 തൊട്ട് 2001 വരെ തമിഴ്‌നാട് ഗവര്‍ണറായും ശ്രദ്ധേയ സേവനം നടത്തിയിട്ടുണ്ടായിരുന്നു അവര്‍.
സുപ്രിംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ചില സുപ്രധാന വിധികള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെ കൂടുതല്‍ ബലപ്പെടുത്തുവാനുതകുന്നതും അധഃസ്ഥിത പിന്നോക്കജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന് വളരെയധികം സഹായകവുമായിരുന്നു. അത്തരം വിധിന്യായങ്ങളില്‍ ഏറെ പ്രധാന വിധിയായിരുന്നു ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജും ഡല്‍ഹി സര്‍വകലാശാലയും തമ്മിലുള്ള കേസിലേത്. ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാമതന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തുവാനുമുള്ള അവകാശങ്ങളെ വളരെയധികം ബലപ്പെടുത്താനുതകുന്ന സുപ്രധാന വിധിയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ മേല്‍ വിവരിച്ച കേസിലെ ഭൂരിപക്ഷ വിധി. ഭാഷാമതന്യൂനപക്ഷങ്ങള്‍ക്ക് തങ്ങള്‍ ഉദ്ദേശിക്കുംവിധം യഥേഷ്ടം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തുവാനുമുള്ള അവകാശത്തെ നിയന്ത്രിക്കുംവിധം ഡല്‍ഹി സര്‍വകലാശാലയുടെ ഉത്തരവാണ് മേല്‍ വിധി റദ്ദ് ചെയ്തത്. ഭാഷാമതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണാടിസ്ഥാനത്തില്‍ 50% സീറ്റുകളില്‍ തങ്ങളുടെ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പ്രവേശനം നല്‍കാന്‍ പര്യാപ്തമായ സുപ്രിംകോടതിയുടെ മേല്‍വിധി ഇന്നും രാജ്യത്ത് ഫലത്തിലും ബലത്തിലും നിലനില്‍ക്കുന്ന നിയമമാണ്.
രാജ്യത്തെ നീതിന്യായ സ്ഥാപനങ്ങളും ഭരണകൂടങ്ങളും അധഃസ്ഥിത വിഭാഗത്തിന്റെ രക്ഷാകേന്ദ്രങ്ങളാവണമെന്നാഗ്രഹിച്ച ജനപക്ഷത്തുനിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ന്യായാധിപയായിരുന്നു ഫാത്തിമ ബീവി. അവരുടെ പല വിധിന്യായങ്ങളും ജനപ്രിയമാണെന്ന് പറയാന്‍ കാരണവുമതാണ്.
1974ലെ കര്‍ണാടക ചേരിപ്രദേശം (ഇംപ്രൂവ്‌മെന്റ് ആന്റ് ക്ലിയറന്‍സ്) ആക്ട് അനുസരിച്ച് ബാംഗ്ലൂരിലെ ചേരിപ്രദേശം നിര്‍മാര്‍ജനം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചേരിനിവാസികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണെന്ന് ആരോപിച്ച് മേല്‍ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചേരിനിവാസികളുടെ സംഘടന കര്‍ണാടക ഹൈക്കോടതിയില്‍ ബോധിപ്പിച്ച ഹരജി ചില സാങ്കേതിക കാരണങ്ങളാല്‍ തള്ളിയതിനെതിരേ ചേരിനിവാസികളുടെ സംഘടന സുപ്രിംകോടതിയില്‍ ബോധിപ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ എന്നും തിളങ്ങുന്ന വിധിയായിട്ടാണറിയപ്പെടുന്നത്. ബോംബെ ചേരി നിര്‍മാര്‍ജനത്തിനെതിരേയുള്ള ഓള്‍ഗാടെല്ലീസ് എന്ന് പേരായ പൊതുപ്രവര്‍ത്തക നല്‍കിയ കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മുന്‍വിധികളെല്ലാം അടിസ്ഥാനപ്പെടുത്തി ഫാത്തിമ ബീവി പുറപ്പെടുവിച്ച വിധി ചേരിനിവാസികളുടെ രക്ഷാകവചമായിട്ടാണ് അറിയപ്പെടുന്നത്.
നീതിന്യായരംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തിയ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ തമിഴ്‌നാട് ഗവര്‍ണര്‍ എന്ന നിലയിലുള്ള നാലു വര്‍ഷക്കാലത്തെ സേവനം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടായിരുന്നു. നിയമസഭാംഗമായി മത്സരിക്കുന്നതില്‍ അയോഗ്യതയുണ്ടായപ്പോള്‍ തെരഞ്ഞെടുപ്പിനുശേഷം ജയലളിതയെ തന്നെ അണ്ണാ ഡി.എം.കെയുടെ നിയമസഭാ കക്ഷിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഘട്ടത്തില്‍ അതീവഗുരുതരമായ ഭരണരാഷ്ട്രീയനിയമ പ്രതിസന്ധിയുണ്ടാവുമെന്ന് പോലും രാജ്യമൊന്നടങ്കം കരുതിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നടപടി ഒരു മുതിര്‍ന്ന ന്യായാധിപയെന്നതുപോലെ പക്വമതിയായ ഗവര്‍ണര്‍കൂടിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു.
ജസ്റ്റിസ് ഫാത്തിമാബീവിയുടെ പരിചയവും ഉള്‍ക്കാഴ്ചയും ഭരണഘടനയെയും നിയമത്തിന്റെയും നടത്തിപ്പിന് വിലപ്പെട്ട മുതല്‍ക്കൂട്ടാണെന്ന് അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ പറഞ്ഞിരുന്നു. അലങ്കരിച്ച എല്ലാ പദവികളിലും തന്റേതായ ശൈലിയില്‍ ദൃഢനിശ്ചയവും ഉള്‍ക്കാഴ്ചയും പ്രകടിപ്പിച്ചുകൊണ്ട് നിസ്തുല സേവനം ചെയ്ത മാതൃകാ വ്യക്തിത്വമാണെന്ന് തെളിയിക്കപ്പെട്ട, പ്രതിഭാശാലിയായ ന്യായാധിപയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന് ഭാവിചരിത്രം രേഖപ്പെടുത്തും.
കൊവിഡ് കാലത്തിന് തൊട്ടുമുമ്പ് ജസ്റ്റിസ് ഫാത്തിമ ബീവിയെ സംബന്ധിച്ചുള്ള പുസ്തകപ്രകാശനവേളയില്‍ എറണാകുളത്തെ ഒരു ചടങ്ങില്‍ സ്വാഗതഭാഷണം നടത്തിയ ലേഖകന്റെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച ഫാത്തിമ ബീവി, ചടങ്ങിന്റെ സമാപനത്തിനോടനുബന്ധിച്ചുള്ള വിരുന്നില്‍വച്ച് അനുഗ്രിക്കുകയും അഭിനന്ദിക്കുകയും ചെയ്ത നിമിഷം ജീവിതത്തിലെ അത്യപൂര്‍വ അനുഭവമായി ഇന്നും ഓര്‍മിക്കുകയാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ വരുംതലമുറയ്ക്ക് മാര്‍ഗദീപമായി മാറട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് ആ മഹതിയുടെ കാല്‍പാടുകള്‍ നീതിന്യായരംഗത്തെ പുതിയ തലമുറയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.
(മുന്‍ കേരള ഡയരക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."