യമനിലേക്കുപോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങി
മസ്കത്ത്: 11 ജീവനക്കാരുമായി പുറപ്പെട്ട ഇന്ത്യന്‍ ചരക്കുകപ്പല്‍ ഒമാന്‍ തീരത്തു മുങ്ങി. ജലാന്‍ ബാനി ബുഅലി പ്രവിശ്യയിലാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്നും ഇവരെ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.
ഷാര്‍ജയില്‍ നിന്ന് യമനിലെ അല്‍മുകല്ല തുറമുഖത്തേക്ക് 69 കാറുകളും ഭക്ഷ്യവസ്തുക്കളും ടയറുകളും എന്ജിന് ഓയിലുകളുമായി പുറപ്പെട്ട കപ്പലാണ് മുങ്ങിയത്. പരിധിയിലധികം ഭാരംകയറ്റിയതാണ് കപ്പല്‍ മുങ്ങാന്‍ ഇടയാക്കിയതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 22 ന് പ്ലാസ്റ്റിക് വസ്തുക്കളുമായി പോയ ഇന്ത്യന്‍ കപ്പലും ഒമാനിലെ മാസിറ ദ്വീപിനു സമീപം മുങ്ങിയിരുന്നു. 17 ജീവനക്കാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. ഇവരെയും ഒമാന്‍ പൊലിസ് രക്ഷപ്പെടുത്തിയിരുന്നു. 800 ടണ്‍ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. ഷാര്‍ജയിലേക്ക് ഗുജറാത്തില്‍ നിന്ന് കന്നുകാലികളെ കൊണ്ടുപോയ കപ്പലായിരുന്നു ഇത്. ഷാര്‍ജയില്‍ നിന്ന് സൊമാലിയയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാനായിരുന്നു കപ്പലിന്റെ അടുത്തദൗത്യം. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് കപ്പല്‍ തകര്‍ന്നത്.
അപകടത്തെ തുടര്‍ന്ന് കടലില്‍ പരന്നൊഴുകുന്ന വസ്തുക്കള്‍ നീക്കംചെയ്ത് കടലിനെ സംരക്ഷിക്കാന്‍ ഒമാന്‍ പരിസ്ഥിതി, കാലാവസ്ഥാകാര്യ മന്ത്രാലയം ശ്രമംതുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."