ഒരു ബെഞ്ചിൽ രണ്ട് കുട്ടികള്‍ മാത്രം, ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്; സ്‌കൂള്‍ തുറക്കുന്നതിന് കരട് മാര്‍ഗരേഖയായി
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ കരട് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍.ഒരു ബെഞ്ചിൽ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തും. ആഴ്ചയില്‍ മൂന്ന് ദിവസം ഒരുബാച്ച് എന്ന രീതിയില്‍ ക്ലാസ് തുടങ്ങാനാണ് ആലോചന. ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും സ്‌കൂളില്‍ ഉണ്ടാക്കും. കൈകഴുകാന്‍ എല്ലാ ക്ലാസ് റൂമിലും കവാടത്തിലും സോപ്പും വെള്ളവും ഉണ്ടാകും. ഒരു കുട്ടികളെയും കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം അലവന്‍സ് നല്‍കാനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സ്‌കൂളുടെ മുന്‍പിലുള്ള കടകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കും. സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. ഇത് കൂടാതെ രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ ബോധവത്കരണ ക്ലാസ് നടത്തും. ക്ലാസിനെ വിഭജിക്കുമ്പോള്‍ അതിന്റെ ചുമതലയുള്ള അധ്യാപകര്‍ കുട്ടികളുമായി ഫോണില്‍ ബന്ധപ്പെടണം. ഭിന്നശേഷിക്കാരായ കുട്ടികളെ ആദ്യഘട്ടത്തില്‍ അയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങള്‍ പോലുമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. അടിയന്തരഘട്ടമുണ്ടായാല്‍ അത് നേരിടാനുള്ള സംവിധാനം എല്ലാ സ്‌കുളിലും ഒരുക്കും. സ്‌കൂള്‍ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സ്‌കൂളിലെ തിക്കും തിരക്കും ഒഴിവാക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."