പകര്‍ച്ചവ്യാധി ഭീഷണിയില്‍ പഴയങ്ങാടി
പഴയങ്ങാടി: ആവശ്യത്തിന് ശുചിമുറികളോ സ്ഥലസൗകര്യമോ ഇല്ലാതെ തിങ്ങിനിറഞ്ഞ നിലയില്‍ മാടായി പഞ്ചായത്തിലെ വൃത്തിഹീനമായ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ രോഗഭീഷണിയില്‍.
200 പേരെങ്കിലും താമസിക്കുന്ന മാടായി പഞ്ചായത്തിലെ ക്വാര്‍ട്ടേഴ്‌സില്‍ ഒന്നോ രണ്ടോ ശുചിമുറിയാണുള്ളത്. ക്വാട്ടേഴ്‌സിലെ ഒരുചെറിയ മുറിയില്‍ ചുരുങ്ങിയത് പത്ത് പേരെങ്കിലും താമസിക്കുന്നുണ്ട്. ക്വാര്‍ട്ടേഴ്‌സ് പരിസരം മുഴുവന്‍ മാലിന്യ കൂമ്പാരമായിരിക്കുന്നു. കുടിവെളള പൈപ്പും, കിണറും കക്കൂസ് ടാങ്കും എല്ലാം ഇവിടെ ഒരുപോലെ. മാടായി പഞ്ചായത്തില്‍ ഏറെ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ക്വാര്‍ട്ടേഴ്‌സുകളിലും ഇതുപോലെ തന്നെയാണ്.
ആരോഗ്യ വകുപ്പ് അധികൃതര്‍ പേരിന് പോലും ഇവിടെ പരിശോധന നടത്താറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പഴയങ്ങാടി പ്രതിഭാ ടാക്കിസിന് സമീപത്തെ മത്സ്യമാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ മിനിമം 400 പേരങ്കിലും താമസിക്കുന്നുണ്ട്.
ഇതില്‍ മിക്ക തൊഴിലാളികളും രാത്രിയില്‍ പ്രാഥമിക കാര്യം സാധിക്കുന്നത് റയില്‍വേ പരിസരത്താണ്. ഇത് മനസിലാക്കിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ തയാറാകുന്നുമില്ല. ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് മാലിന്യം കുമിഞ്ഞു കൂടിയിട്ടും ഇത് നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകാത്തത് പ്രദേശവാസികളെയാണ് ദുരിതത്തിലാക്കുന്നത്.
ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തില്‍ നിന്നു തുടച്ചുനീക്കിയ മാരകരോഗങ്ങള്‍ വീണ്ടും തിരിച്ചുവരാന്‍ പോലും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മലപ്പുറം ജില്ലയില്‍ ഡിഫ്ത്തീരിയ പടര്‍ന്നതില്‍ ഇത്തരം സാഹചര്യങ്ങളും കാരണമായിരുന്നു. ഇതുമൂലം സമീപത്തെ മത്സ്യ മാര്‍ക്കറ്റില്‍ വരെ പോകാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."