ദുബൈ:ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പദ്ധതി മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു
ദുബൈ:ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ (CSP) പദ്ധതി യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 2023 ഡിസംബർ 6-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ കോൺസെൻട്രേറ്റഡ് സോളാർ പവർ (CSP) പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
“ലോകത്തിലെ ഏറ്റവും സുസ്ഥിര രാഷ്ട്രങ്ങളിലൊന്നായി മാറാനുള്ള വ്യക്തമായ കാഴ്ചപ്പാട് യു എ ഇക്കുണ്ട്. സുസ്ഥിരതയിലേക്കുള്ള ഞങ്ങളുടെ യാത്ര സമഗ്രമാണ്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് ദുബൈയുടെ ഹൃദയഭാഗത്താണ്; സുസ്ഥിരതയ്‌ക്കായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും പരിസ്ഥിതി സൗഹൃദ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കാനുമുള്ള യു എ ഇയുടെ പ്രതിബദ്ധതയാണിത് സൂചിപ്പിക്കുന്നത്. യു എ ഇയുടെ സുസ്ഥിരതാ വർഷാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച്, സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിന്റെ സമാരംഭം നമ്മുടെ സുസ്ഥിരതാ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ്ജ പദ്ധതി സൃഷ്ടിക്കുന്നതിലെ ഞങ്ങളുടെ വിജയം, കാലാവസ്ഥാ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിന് അടിവരയിടുകയും നിലവിൽ യു എ ഇ ആതിഥേയത്വം വഹിക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ (COP28) ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.”, പദ്ധതി ഉദ്ഘാടനം ചെയ്‌ത് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
950 മെഗാവാട്ട് ശേഷിയുള്ള നാലാം ഘട്ടത്തിൽ മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. 600MW ഉത്പാദിപ്പിക്കുന്ന ഒരു പരാബോളിക് ബേസിൻ കോംപ്ലക്‌സ്, 100MW ഉത്പാദിപ്പിക്കുന്ന സിഎസ്പി ടവർ, 250MW ഉത്പാദിപ്പിക്കുന്ന ഫോട്ടോവോൾട്ടെയ്ക് സോളാർ പാനലുകൾ എന്നിവയാണിത്.
15.78 ബില്യൺ യു എ ഇ ദിർഹം മുതൽമുടക്കിലാണ് ഈ പദ്ധതി നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാർ ടവർ (263.126 മീറ്റർ), 5,907 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ഏറ്റവും വലിയ താപ ഊർജ സംഭരണ ശേഷി എന്നീ ഗിന്നസ് വേൾഡ് റെക്കോർഡുകളും ഈ പദ്ധതിയുടെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."