ലേഖിംപൂരിലൊഴുകിയ കര്‍ഷക രക്തം
ജേക്കബ് ജോര്‍ജ്
'രണ്ടു മിനിട്ടുകൊണ്ടു ഞാനവരെ മര്യാദ പഠിപ്പിക്കും', യു.പിയില്‍ നിന്നുള്ള കേന്ദ്ര ആഭ്യന്തര വകുപ്പു സഹമന്ത്രി അജയ്കുമാര്‍ മിശ്ര ആക്രോശിക്കുന്ന വിഡിയോ നാട്ടിലൊക്കെ പ്രചരിച്ചിരുന്നു. 'ധൈര്യമുണ്ടെങ്കില്‍ എന്റെ നേര്‍ക്കുവരിക. രണ്ടു മിനിട്ടുകൊണ്ടു ഞാനെല്ലാം തീര്‍ത്തു തരാം', മന്ത്രി അജയ്കുമാറിന്റെ വാക്കുകളില്‍ അധികാരത്തിന്റെ അഹന്ത വളരെ പ്രകടം. കുറെ ദിവസമായി പ്രചരിക്കുന്ന ഈ വിഡിയോ മാസങ്ങളായി സമരത്തിലായിരുന്ന കര്‍ഷകരെ ക്ഷുഭിതരാക്കി. മന്ത്രി സ്ഥലത്തെത്തുന്നതറിഞ്ഞ് പ്രകടനം നടത്താനൊരുങ്ങിയതാണവര്‍. അദ്ദേഹം യാത്രാ പരിപാടി റദ്ദാക്കി. പഞ്ചാബ്-ഹരിയാന കര്‍ഷകര്‍ മുന്‍കൈയെടുത്തു തുടങ്ങിയ പ്രക്ഷോഭം യു.പിയിലും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ വിഡിയോ പ്രചരിച്ചുതുടങ്ങിയത്. സ്വന്തം മണ്ഡലത്തില്‍ പലേടത്തും മന്ത്രിയെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തന്റെ തനി സ്വരൂപം കര്‍ഷകര്‍ കണ്ടിട്ടില്ലെന്നും താന്‍ വെറും എം.പിയോ മന്ത്രിയോ മാത്രമല്ലെന്നും അദ്ദേഹം വിഡിയോയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
ഖേരി എന്ന പ്രദേശത്തിന്റെ അധിപനായാണ് അജയ് മിശ്ര തേനി എന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ നടപ്പ്. ഖേരിയില്‍ അദ്ദേഹം അറിയപ്പെടുന്നതുതന്നെ തേനി മഹാരാജാ എന്ന പേരില്‍. ഇക്കഴിഞ്ഞ ജൂലൈയിലാണ് മിശ്ര കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രിയായത്. ഖേരി ലോക്‌സഭാ സീറ്റില്‍ നിന്ന് ലോക്‌സഭാംഗമാകുന്നത് ഇതു രണ്ടാം തവണ. കാണ്‍പൂരുകാരായ മിശ്ര കുടുംബം 90-കളിലാണ് ലേഖിംപൂര്‍ ഖേരിയിലെത്തിയത്. കൃഷിയാണ് പ്രധാന വരുമാന മാര്‍ഗം. പെട്രോള്‍ പമ്പും നെല്ലുകുത്തു മില്ലുമുണ്ട് കുടുംബത്തിന്. മിശ്രയുടെ പ്രധാന വിനോദം ഗുസ്തിയാണ്. ഗുസ്തി കളിക്കാരനെന്ന നിലയ്ക്ക് ആരെയും വെല്ലുവിളിക്കുന്ന ബലവാന്‍ എന്നൊരു പേരും നേടി. 'എന്നെയൊന്നു വെല്ലുവിളിച്ചു നോക്കൂ, അപ്പോഴറിയാം കളി' എന്നും മിശ്ര വിഡിയോയില്‍ പറയുന്നുണ്ട്. 2009-ല്‍ ബി.ജെ.പി രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ അജയ് മിശ്ര പെട്ടെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഖേരി മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടിനു ജയിച്ചു. 2019 തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തിന്റെ ബലത്തില്‍ അതേ മണ്ഡലത്തില്‍നിന്നു മിശ്ര ജയിച്ചത് 2.25 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്. മോദി ഏറ്റവുമൊടുവില്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ അജയ് മിശ്ര മന്ത്രിയായി. കിട്ടിയത് ആഭ്യന്തര വകുപ്പു സഹമന്ത്രി സ്ഥാനം. ഉത്തര്‍പ്രദേശില്‍നിന്നു മന്ത്രിയാവുന്ന ഏക ബ്രാഹ്മണ സമുദായാംഗം.
എല്ലാവര്‍ഷവും സ്വന്തം ഗ്രാമത്തില്‍ ഗുസ്തി മത്സരം നടത്താറുണ്ട് അജയ് മിശ്ര. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഗുസ്തിമത്സരം. അതിന് അജയ് മിശ്ര വരുമെന്നു കരുതി കരിങ്കൊടി പ്രകടനം നടത്താനാണ് കര്‍ഷകര്‍ സന്നാഹമൊരുക്കിയത്. പക്ഷേ മന്ത്രി വന്നില്ല. പകരം മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മയൂര. കര്‍ഷകരോഷം ഉപമുഖ്യമന്ത്രിക്കെതിരെയായി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് അജയ് മിശ്രയുടെ മകന്‍ ഉള്‍പ്പെട്ട സംഘം. അജയ് മിശ്രയുടെ അകമ്പടി വാഹനങ്ങളാണ് കരിങ്കൊടി കാട്ടി റോഡ് തടഞ്ഞ കര്‍ഷകരുടെ മേല്‍ ഓടിച്ചുകയറ്റിയത്. അജയ് മിശ്രയുടെ മകന്‍ അഷീഷ് മിശ്ര മോനു ഇതിലൊരു വാഹനത്തിലുണ്ടായിരുന്നു. കഴിഞ്ഞ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മകനു സീറ്റ് വാങ്ങിക്കൊടുക്കാന്‍ അജയ് മിശ്ര ശ്രമിച്ചെങ്കിലും ബി.ജെ.പി നേതൃത്വം വഴങ്ങിയില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടുമെന്ന പ്രതീക്ഷയിലാണ് അജയ് മിശ്ര. നാലുകര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തിയ കേസില്‍ അഷീഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ ഒരു നേര്‍ചിത്രമാണ് അജയ് മിശ്രയുടെയും മകന്‍ അഷീഷ് മിശ്രയുടെയും കഥ. അധികാരവും സമ്പത്തും കൈയാളി തലയ്ക്കു മത്തുപിടിച്ച നേതാക്കളുടെ കഥകള്‍ ഇങ്ങനെയൊക്കെയാണ്. മതവൈരവും വര്‍ഗീയതയും ഉയര്‍ത്തുന്ന വിഷം ഒരുവശത്ത്. അധികാരവും സമ്പത്തും പകര്‍ന്നുനല്‍കുന്ന തന്‍പ്രമാണിത്തം മറ്റൊരുവശത്ത്. തങ്ങളെയും തങ്ങള്‍ കൈയാളുന്ന അധികാരത്തെയും തൊട്ടുകളിക്കാനോ വെല്ലുവിളിക്കാനോ സാധാരണക്കാര്‍ക്കെന്തു കാര്യമെന്നാണ് ഇവരുടെ ചോദ്യം. അധികാര മേധാവിത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ഹുങ്ക് അജയ് മിശ്രയുടെ പ്രസംഗ വിഡിയോയിലുണ്ട്. അതിനെ വെല്ലുവിളിക്കാനാണ് കര്‍ഷകര്‍ കരിങ്കൊടിയുമായി ഇറങ്ങിയത്. ആ മുന്നേറ്റത്തെ വണ്ടി കയറ്റി തകര്‍ക്കാമെന്ന് മകന്‍ അഷീഷ് മിശ്രയും കണക്കുകൂട്ടി.പക്ഷേ അതു ഫലിച്ചില്ല.
പത്തുമാസമായി സമരം തുടങ്ങിയിട്ട്. അതും തികച്ചും സമാധാനപരമായ സമരം. സമരം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല വഴികളും നോക്കിയെങ്കിലും ഫലിച്ചില്ല. വേണ്ടത്ര ആലോചനയോ പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചയോ നടത്താതെ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ തുടങ്ങിയ സമരം ഉത്തരേന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും സമരമായി മാറിയിരിക്കുകയാണ്.
സമരം ഇത്രകണ്ട് നീണ്ടുപോയിട്ടും കേന്ദ്രസര്‍ക്കാരിന് ഒരു കുലുക്കവുമില്ലാതെയിരിക്കുകയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ബി.ജെ.പി മുന്നണിയായ എന്‍.ഡി.എ വിട്ടുപോകുകയും ചെയ്തു. പഞ്ചാബിലെ കര്‍ഷകസമൂഹം ഏറെക്കുറെ മൊത്തമായിത്തന്നെ സമരരംഗത്താണ്. പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയും സമരത്തിനുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണ പുറമെയും.
പക്ഷേ, യു.പിയിലെ സ്ഥിതിഗതികള്‍ അങ്ങനെയല്ല. യോഗി ആദിത്യനാഥിന്റെ ഭരണമാണിവിടെ. ഗുജറാത്ത് കഴിഞ്ഞാല്‍ ബി.ജെ.പിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനം. കേന്ദ്രം ഭരിക്കാനൊരുങ്ങുന്ന ഏതു പാര്‍ട്ടിയും ആദ്യം ലക്ഷ്യംവയ്ക്കുന്നത് യു.പി ആയിരിക്കും. മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ബി.ജെ.പി. വീണ്ടും മുഖ്യമന്ത്രിയായി തിരികെവരാന്‍ യോഗി ആദിത്യനാഥ് ഒരുങ്ങിയിരിക്കുന്നു. അവിടെയാണ് കര്‍ഷകസമരം കത്തിക്കയറുന്നത്. ബി.ജെ.പിയുടെ സ്വന്തം മന്ത്രിയുടെ മകന്‍ ഇളക്കിവിട്ട ആക്രമണത്തില്‍ സമരത്തിലായിരുന്ന നാലുകര്‍ഷകര്‍ ആദ്യ ദിവസം തന്നെ മരിച്ചുവീണത് ബി.ജെ.പി നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ആശങ്ക ചില്ലറയല്ല. മന്ത്രിയുടെ മകനെതിരേ കൊലക്കുറ്റം ചുമത്തിയും മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപാ വീതം നഷ്ടപരിഹാരം അനുവദിച്ചും ആശ്രിതര്‍ക്കു ജോലി വാഗ്ദാനം ചെയ്തും സര്‍ക്കാര്‍ വിഷയം തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ ക്ഷോഭം അടക്കിയിട്ടില്ല. സമരം തണുത്തിട്ടുമില്ല.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ഞായറാഴ്ച രാത്രി തന്നെ ലഖ്‌നൗവിലെത്തി സംഭവസ്ഥലത്തേക്കു നീങ്ങിയപ്പോള്‍ പൊലിസ് വാഹനങ്ങള്‍ തടഞ്ഞു. പതിവുപോലെ പ്രിയങ്ക വാഹനത്തില്‍ നിന്നിറങ്ങി നടന്നുതുടങ്ങി. അവസാനം പ്രിയങ്കയെയും സംഘത്തെയും അവരുടെ പൊലിസ് അറസ്റ്റ് ചെയ്ത് ഒരു ഗസ്റ്റ് ഹൗസില്‍ തടവിലാക്കി. മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെയും മറ്റു പ്രതിപക്ഷ നേതാക്കളെയുമൊക്കെ പൊലിസ് തടഞ്ഞു. കര്‍ഷക നേതാക്കളുമായി ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അനുരജ്ഞന ചര്‍ച്ച നടത്തിയശേഷമാണ് പ്രക്ഷോഭകര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കാന്‍ സമ്മതിച്ചത്.
ഇന്ത്യ കണ്ടിട്ടുള്ള പതിവുസമരങ്ങളില്‍ നിന്നൊക്കെ വിഭിന്നമായ ഒരു സമരമായി മാറുകയാണ് കര്‍ഷകസമരം. സാധാരണ തൊഴിലാളി സംഘടനകളാണ് അവകാശങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്കു നടത്തുക. കുറേകാലം പണിമുടക്ക് നീണ്ടാലും സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ അത്യാവശ്യകാര്യങ്ങള്‍ മിതമായ തോതിലെങ്കിലും നടത്തിക്കൊടുക്കാന്‍ സൗകര്യമൊരുക്കിയിട്ടു തന്നെയാവും യൂണിയനുകള്‍ സമരം പ്രഖ്യാപിക്കുക. സമരം തുടങ്ങുന്നതുപോലെ തന്നെ ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള വകുപ്പുകളും നേതൃത്വം നേരത്തെ തന്നെ കണ്ടുവച്ചിരിക്കും. സമരം അനിശ്ചിതമായി നീളുന്നത് തൊഴിലാളികള്‍ക്കോ സംഘടനകള്‍ക്കോ ഒരിക്കലും ഗുണകരമായിരിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍നിന്നു തികച്ചും വേറിട്ടൊരു ചിത്രമാണ് കര്‍ഷകര സമരം നല്‍കുന്നത്. സമരം ഇനിയും തുടരുകയാണ്. പത്തുമാസമായിരിക്കുന്നു തുടങ്ങിയിട്ട്. ആയിരക്കണക്കിനു കര്‍ഷകരാണ് സമരരംഗത്തുള്ളത്. സമരക്കാര്‍ക്ക് ഒരു കൂസലുമില്ല. അടിച്ചേല്‍പ്പിച്ച കര്‍ഷക നിയമങ്ങള്‍ സ്റ്റേ ചെയ്തില്ലേ, പിന്നെയുമെന്തിനാണു സമരം തുടരുന്നത് എന്ന സുപ്രിംകോടതിയുടെ ചോദ്യമൊന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നില്ല. സമരത്തിന്റെ ലക്ഷ്യം തങ്ങളുടെ നിലനില്‍പ്പുതന്നെയാണെന്ന ബോധം അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ പഞ്ചാബ്, ഹരിയാന എന്നിങ്ങനെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണയും കര്‍ഷകസമരത്തിനുണ്ട്. സര്‍ക്കാരില്‍ കര്‍ഷകര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ കര്‍ഷക സമരം ബി.ജെ.പിക്കു പ്രശ്‌നം തന്നെയാണ്. പുതിയ സംഭവവികാസങ്ങള്‍ അവര്‍ക്കു കനത്ത ക്ഷീണമുണ്ടാക്കിയിരിക്കുന്നു. പ്രതിപക്ഷം സംഭവം മുതലെടുക്കാന്‍ നോക്കുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആക്ഷേപിക്കുന്നു. ഇവിടെയാണു പ്രശ്‌നം. യു.പിയിലെങ്കിലും കര്‍ഷകരുടെ ഐക്യം മുതലാക്കി ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പെടുക്കാന്‍ കഴിയുമോ? അതിനും ഒരു നേതൃത്വം വേണം. ആ നേതൃത്വം ഏറ്റെടുക്കാനുള്ള അര്‍ഹതയും സാമര്‍ഥ്യവും കോണ്‍ഗ്രസിനുണ്ടോ? ലേഖിംപൂര്‍ ഖേരിയില്‍ ഒഴുകിയ കര്‍ഷകരക്തം വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് യു.പി രാഷ്ട്രീയത്തിനു മുന്നില്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിനു മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."