വിഴിഞ്ഞം പദ്ധതി വൈകുന്നതിന് ഉത്തരവാദികള്‍ സര്‍ക്കാരും അദാനിയും: പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം നിയമസഭയില്‍. പദ്ധതി വൈകുന്നതിന് ഉത്തരവാദികള്‍ സര്‍ക്കാരും അദാനിയുമാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്കിയ എം. വിന്‍സെന്റ് പറഞ്ഞു. കാലാവധിയുടെ ഇരട്ടി വര്‍ഷമായാലും പദ്ധതി തീരാത്ത സ്ഥിതിയാണുള്ളത്. നിര്‍മാണ കാലാവധി തീര്‍ന്ന് ഒന്നര വര്‍ഷം കഴിഞ്ഞാണ് സര്‍ക്കാര്‍ പാറക്ഷാമം പരിഹരിക്കാന്‍ തമിഴ്നാടുമായി സംസാരിച്ചത്. സര്‍ക്കാര്‍ എല്ലാം അദാനിയുടെ ഉത്തരവാദിത്വമെന്ന് പറഞ്ഞൊഴിയുകയാണെന്നും വിന്‍സന്റ് പറഞ്ഞു.
പുലിമുട്ട് നിര്‍മാണം തീരാത്തതിനാലാണ് തുറമുഖ നിര്‍മാണം വൈകുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മറുപടി നല്കി. പുലിമുട്ട് നിര്‍മാണം വൈകാന്‍ കാരണം പാറ കിട്ടാത്തതാണ്. കൊണ്ടുവരാനുള്ള ഉത്തരവാദിത്വം അദാനിക്കാണ്. അടുത്ത വര്‍ഷത്തേക്ക് പുലിമുട്ട് നിര്‍മാണത്തിന്റെ ബഹുഭൂരിപക്ഷവും തീര്‍ക്കുമെന്നാണ് അദാനി നല്കിയ ഉറപ്പെന്നും അടുത്ത മണ്‍സൂണിനു മുമ്പായി അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അദാനി പറയുന്നത് 2023 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നാണ്. കരാറൊപ്പിട്ട് ആറു വര്‍ഷമാകുമ്പോള്‍ പുലിമുട്ട് നിര്‍മാണത്തിന്റ നാലിലൊന്ന് മാത്രമാണ് തീര്‍ന്നത്. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. മെഗാപദ്ധതിയായിട്ടും സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നില്ലെന്നും സതീശന് പറഞ്ഞു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."