HOME
DETAILS
MAL
ഒക്ടോബറില്‍ അപ്രതീക്ഷിത പെയ്ത്ത്; 12 ദിവസത്തിനിടെ 117 ശതമാനം അധിക മഴ
backup
October 13 2021 | 01:10 AM
ടി. മുഹമ്മദ്
തിരുവനന്തപുരം: പ്രളയഭീതിയുടെ ഓര്‍മകളുള്ള ഓഗസ്റ്റ് പ്രശ്‌നങ്ങളില്ലാതെ കടന്നുപോയപ്പോള്‍ ഒക്‌ടോബറില്‍ മഴയുടെ അപ്രതീക്ഷിത പെയ്ത്ത്. ഈ മാസം കഴിഞ്ഞ 12 ദിവസത്തിനിടെ 117 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്. സാധാരണ നിലയില്‍ ലഭിക്കേണ്ട 121.2 മില്ലീ മീറ്ററിനു പകരം 262.5 മി.മീ മഴയാണ് ഈ മാസം ഇതുവരെ ലഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും അധികമഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒന്‍പത് ജില്ലകളിലും അധികമഴയുടെ അളവ് നൂറ് ശതമാനത്തിനു മുകളിലാണ്. കോഴിക്കോട് ജില്ലയാണ് മുന്നില്‍. സാധാരണ 118.9 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 377.7 മി.മീ മഴയാണ് ലഭിച്ചത്. 218 ശതമാനം അധിക മഴ. പാലക്കാട്, പത്തനംതിട്ട 177 ശതമാനം വീതം, മലപ്പുറം 166 ശതമാനം, കാസര്‍കോട് 136 ശതമാനം, കൊല്ലം 110 ശതമാനം, കണ്ണൂര്‍ 145 ശതമാനം, വയനാട് 103 ശതമാനം, കോട്ടയം 100 ശതമാനം, ആലപ്പുഴ 34 ശതമാനം, എറണാകുളം 83 ശതമാനം, ഇടുക്കി 66 ശതമാനം, തൃശൂര്‍ 39 ശതമാനം, തിരുവനന്തപുരം 87 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെയും പസഫിക് സമുദ്രത്തിലെയും അന്തരീക്ഷസ്ഥിതിയുമാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന കനത്ത മഴയ്ക്ക് കാരണമെന്നാണ് നിഗമനം. കേരളത്തില്‍ ഇന്നും നാളെയും തുടര്‍ച്ചയായുള്ള മഴയ്ക്കു പകരം ഇടവിട്ടുള്ള കനത്ത മഴയാകും ലഭിക്കുകയെന്നാണ് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. എന്നാല്‍ അറബിക്കടലിലെ ചക്രവാതച്ചുഴി തീരത്തേക്ക് അടുക്കുന്നതിനാലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലും വെള്ളിയാഴ്ചയോടെ മഴ കൂടുതല്‍ ശക്തിയാര്‍ജിക്കാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് പ്രവചനം.
സാധാരണഗതിയില്‍ കാലവര്‍ഷം (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍) പിന്‍വാങ്ങി തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടങ്ങേണ്ട സമയമായെങ്കിലും ഈ വര്‍ഷം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ വൈകുകയാണ്. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോഴും ലഭിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങിത്തുടങ്ങിയെങ്കിലും കേരളത്തില്‍ ഈ മാസം 20നു ശേഷമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."