ഭൂമി കൈയേറ്റം ഒഴിപ്പിക്കലില്‍ മെല്ലെപ്പോക്ക്
അജേഷ് ചന്ദ്രന്‍
കണ്ണൂര്‍: വിദേശ കമ്പനികള്‍ അനധികൃതമായി കൈവശം വച്ച ഭൂമി ഏറ്റെടുക്കാനും ഉടമസ്ഥാവകാശം സ്ഥാപിക്കാനുമുള്ള സര്‍ക്കാര്‍ നടപടിയില്‍ അനാസ്ഥ. ഇക്കാര്യത്തില്‍ സര്‍ക്കാരിനുമേല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് അടക്കമുള്ള കമ്പനി അധികൃതരുടെ സമ്മര്‍ദ്ദമുണ്ടെന്ന അക്ഷേപമുയരുന്നുണ്ട്. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ മൂന്നു ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് കൈയേറിയിരിക്കുന്നത്. ഇതില്‍ 29,426 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ മാത്രമാണ് ഇതുവരെ നടപടി സ്വീകരിച്ചത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം 38,170 ഏക്കര്‍ ഭൂമി കൈയേറി. കൈയേറ്റ ഭൂമിയുടെ ഉടസ്ഥാവകാശം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച് അതാത് ജില്ലാ കലക്ടര്‍മാര്‍ സിവില്‍ കോടതിയെ സമീപിക്കണം. ഭൂമി തിരിച്ചുപിടിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് 2019ല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവും പുറപ്പെടുവിച്ചു.
ഉത്തരവിറക്കി രണ്ടു വര്‍ഷമായിട്ടും 29,426 ഏക്കര്‍ ഭൂമി മാത്രം തിരിച്ചുപിടിക്കാന്‍ ഇതുവരെ കലക്ടര്‍മാര്‍ സിവില്‍ കോടതിയെ സമീപിച്ചത് ആറു കേസുകളിലായാണ്. 48 കേസുകളില്‍ സത്യവാങ്മൂലം തയാറാക്കിയിട്ടും ആറെണ്ണം മാത്രമാണ് സിവില്‍ കോടതിയിലെത്തിയത്. ഉടമകളുടെ സമ്മര്‍ദം കാരണമാണ് ബാക്കിയുള്ള എസ്റ്റേറ്റുകളില്‍ നടപടി ഇഴയുന്നത്. ഇക്കാര്യത്തില്‍ നിരവധി തവണ കലക്ടര്‍മാര്‍ക്ക് കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സിവില്‍ കേസുകള്‍ നടത്താന്‍ റവന്യൂ വകുപ്പില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ല.
75,000 ഏക്കറിലധികം ഭൂമി ഹാരിസണ്‍ കമ്പനിയുടെ മാത്രം കൈവശമുണ്ടെന്നാണ് നേരത്തെ ഐ.ജി ശ്രീജിത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. വിദേശ കമ്പനികള്‍ ലക്ഷക്കണക്കിന് ഏക്കര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതു തിരിച്ചുപിടിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തണമെന്ന രാജമാണിക്യം റിപ്പോര്‍ട്ടിലെ ശുപാര്‍ശയിലും തുടര്‍നടപടിയുണ്ടായില്ല. വിദേശ കമ്പനികള്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വിമുഖതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."