സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ ദുരൂഹമരണം: കരസേന ഉന്നതതല അന്വേഷണം നടത്തും
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കരസേന. ബ്രിഗേഡ് കമാന്‍ഡര്‍ തല അന്വേഷണത്തിനാണ് കരസേന ഉത്തരവിട്ടത്. തോപ പീര്‍ ഗ്രാമവാസികളായ സഫീര്‍ ഹുസൈന്‍, മുഹമ്മദ് ഷൗക്കത്ത്, ഷാബിര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയിലെ ബാഫിയാസ് മേഖലയില്‍ നിന്നും ഡിസംബര്‍ 22 ന് സൈന്യം കസ്റ്റഡിയിലെടുത്തവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇവരെ സൈന്യം കസ്റ്റഡിയില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഇവരുടെ കുടുംബം രംഗത്തെത്തിയതോടെയാണ് സൈന്യം പ്രതികൂട്ടിലയാത്.
മരിച്ചവരെ ചില സൈനികര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. 27 നും 43 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. കശ്മീരിലെ പൂഞ്ചില്‍ നാലു ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് യുവാക്കളെ ചോദ്യം ചെയ്യാനായി സൈന്യം കസ്റ്റഡിയിലെടുത്തത്.
യുവാക്കളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെ സൈന്യം ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ ബ്രിഗേഡ് കമാന്‍ഡര്‍ തല അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ സൈന്യം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."