വീണ്ടും റോഡിലിറങ്ങി റോബിൻ ബസ്; ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
വീണ്ടും റോഡിലിറങ്ങി റോബിൻ ബസ്; ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട: കോടതി ഉത്തരവ് പ്രകാരം വിട്ടു കിട്ടിയ റോബിൻ ബസ് ഒരു മാസത്തെ ഇടവേളക്കു ശേഷം വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. മുൻകൂട്ടി ബുക്ക് ചെയ്ത 41 യാത്രക്കാരുമായാണ് ബസ് യാത്ര പുറപ്പെട്ടത്. കോടതി നിർദേശത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസമാണ് വിട്ടു നൽകിയത്.
ഇതിനിടെ, ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പുലർച്ചെ അഞ്ച് മണിക്ക് ബസ് പുറപ്പെട്ടതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.
അനധികൃത അന്തർ സംസ്ഥാന സർവീസ് നടത്തിയെന്ന് ആരോപിച്ചായിരുന്നു മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നത്. മോട്ടോർ വാഹനവകുപ്പ് 82,000 രൂപ പിഴ ബസിന് ചുമത്തിയിരുന്നു. ഇത് ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷ് അടച്ചതിന് പിന്നാലെയാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബസ് വിട്ടുനൽകാൻ ഉത്തരവിട്ടത്. തുടർന്ന് ഉടമ പൊലിസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ചയാണ് കൈമാറിയത്.
അതേസമയം, നിയമലംഘനം കണ്ടാൽ തുടർന്നും കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജി ജനുവരി അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."