അര്‍ധരാത്രി വാതില്‍ തകര്‍ത്ത് റെയ്ഡ് 'ഡല്‍ഹി പൊലിസ് നരഭോജിയെപ്പോലെ'
പൊലിസ് സംരക്ഷണം നല്‍കേണ്ടവരെന്നും ക്രിമിനലുകളെപ്പോലെ പെരുമാറിയെന്നും കോടതി
ന്യൂഡല്‍ഹി: അര്‍ധരാത്രി വീടിന്റെ വാതില്‍ തകര്‍ത്ത് റെയ്ഡ് നടത്തി ഗൃഹനാഥനെ പരുക്കേല്‍പ്പിച്ച ഡല്‍ഹി പൊലിസിന് ഡല്‍ഹി കോടതിയുടെ രൂക്ഷവിമര്‍ശനം. ക്രിമിനലുകളെപ്പോലെയാണ് പൊലിസ് പെരുമാറിയതെന്നും സംരക്ഷണം നല്‍കേണ്ട പൊലിസ് നരഭോജിയെപ്പോലെയാണ് പെരുമാറിയതെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി രവീന്ദര്‍ ബേദി ചൂണ്ടിക്കാട്ടി. വെല്‍ക്കം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്‍വര്‍ ഖാന്റെ വീട്ടിലാണ് പൊലിസ് അതിക്രമം ഉണ്ടായത്.
പൊലിസ് തേടുന്ന ഗുണ്ടാ സംഘാംഗങ്ങളില്‍ ചിലരെ ഒളിപ്പിച്ചുവെന്നാരോപിച്ച് വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രധാന വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയ പൊലിസ് സംഘം അന്‍വര്‍ ഖാനെ ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. അന്‍വര്‍ ഖാന്റെ രണ്ടു പെണ്‍മക്കളെയും വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെയും മര്‍ദിച്ചു. പരാതിക്കാരന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും അക്രമത്തിനെതിരേ വീട്ടുകാര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ വീട്ടില്‍ നിന്ന് ആരെയും കണ്ടത്താന്‍ പൊലിസിന് കഴിഞ്ഞില്ലെന്നും ഹരജിയില്‍ പറയുന്നു.
പൊലിസ് കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനാല്‍ പരിശോധന നടത്തിയെന്ന പൊലിസ് വിശദീകരണം തൃപ്തികരമല്ല. ക്രൂരമായ മര്‍ദനമാണുണ്ടായത്. അര്‍ധരാത്രി റെയ്ഡ് നടത്തിയതും വീട്ടില്‍ അതിക്രമിച്ചു കയറിയതും തെറ്റാണ്. ഡ്യൂട്ടി ചെയ്യുന്നതിന് പകരം ക്രിമിനലുകളാവുകയാണ് പൊലിസ് ചെയ്തത്.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."