ദത്തു നല്‍കല്‍ വിവാദം ; ഷിജുഖാനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രൊഫസറാക്കാന്‍ ചട്ടവിരുദ്ധ നീക്കം
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: ദത്തു നല്‍കല്‍ വിവാദമായതോടെ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഷിജുഖാന് പുതിയ സ്ഥാനം നല്‍കാന്‍ അണിയറ നീക്കം. വിവാദ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനാണ് ചട്ടവിരുദ്ധമായ നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
മുസ്‌ലിം സമുദായത്തിന് സംവരണം ചെയ്തിട്ടുള്ള തസ്തികയിലേയ്ക്കുള്ള അഭിമുഖം അടുത്ത ദിവസം ഓണ്‍ലൈനായി തിരക്കിട്ട് നടത്തുന്നത് ഷിജുഖാന് പുതിയ സ്ഥാനം നല്‍കാനാണെന്ന ആരോപണം ശക്തമാണ്.
ഷിജുഖാന് കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് അനുവദിച്ചതും ചട്ടവിരുദ്ധമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം നടക്കുന്ന അഭിമുഖത്തില്‍ അധിക യോഗ്യതയ്ക്ക് വേണ്ടിയാണ് കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ചട്ടവിരുദ്ധമായി അനുവദിച്ചിരിക്കുന്നത്.
മറ്റൊരു പൂര്‍ണ സമയ ഔദ്യോഗിക ചുമതല വഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് അനുവദിക്കാന്‍ പാടില്ലെന്ന യു.ജി.സി വ്യവസ്ഥ മറികടന്നാണ് കേരള സിന്‍ഡിക്കേറ്റ് ഫെല്ലോഷിപ്പ് അനുവദിച്ചത്.
പ്രത്യേക പരിഗണനയില്‍ ചട്ടവിരുദ്ധമായി ജോയിന്‍ ചെയ്യുന്നതിന് ആറുമാസം സമയം നീട്ടിനല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയ്ക്ക് അഭിമുഖത്തില്‍ മുന്‍ഗണന ലഭിക്കുമെന്നതു കണക്കിലെടുത്തതാണ് ഷിജുഖാന് ചട്ടവിരുദ്ധമായി ജോയിന്‍ ചെയ്യാനുള്ള സമയം സിന്‍ഡിക്കേറ്റ് ആറുമാസം നീട്ടി നല്‍കിയത്. നാളിതുവരെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് പ്രവേശിക്കാന്‍ ആര്‍ക്കും സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റിന് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് സിന്‍ഡിക്കേറ്റ് അവഗണിക്കുകയായിരുന്നു.
ഒരു വകുപ്പില്‍ ഒരാള്‍ക്കാണ് സാധാരണ ഫെലോഷിപ്പ് അനുവദിക്കുക. എന്നാല്‍ 2020ലെ ഫെല്ലോഷിപ്പ് ഷിജുഖാനുവേണ്ടി നീട്ടി നല്‍കിയത്തോടെ മലയാളവിഭാഗത്തില്‍ മാത്രം ഈ വര്‍ഷം രണ്ടുപേര്‍ക്ക് ഫെലോഷിപ് ലഭിച്ചു. ഗവേഷണം നടത്തുന്നതിന് തനിക്ക് സര്‍വകലാശാലയില്‍ പ്രത്യേക മുറി വേണമെന്ന് വകുപ്പു മേധാവിയോട് ഷിജുഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേഖകളിലുണ്ട്.
സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ ഷിജുഖാന്‍ അപേക്ഷകനായിരുന്നുവെങ്കിലും സ്പീക്കര്‍ എം.ബി രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിക്ക് നിയമനം നല്‍കിയതോടെ അദ്ദേഹം തഴയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."