കിഡ്‌സ് റൈറ്റ്സ് ഫൗണ്ടേഷന്‍ അവാര്‍ഡ് അവസാന പട്ടികയില്‍ ഇടം നേടി കോഴിക്കോട്ടുകാരന്‍ ആസിം വെളിമണ്ണ
കോഴിക്കോട്: ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് അന്തിമ പട്ടികയില്‍ ആസിം വെളിമണ്ണയും. 39 രാജ്യങ്ങളില്‍ നിന്നുള്ള 169 ലധികം നോമിനേഷനുകളില്‍ നിന്നാണ് വിദഗ്ധ സംഘം മൂന്ന് ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. വിവേചനമില്ലാതെ ഭിന്നശേഷിക്കാര്‍ക്കും മറ്റുകുട്ടികള്‍ക്കൊപ്പം പഠിക്കുന്നതിന് അവസരം ഉറപ്പാക്കാന്‍ ആസിം രൂപം നല്‍കിയ വെളിമണ്ണ ഫൗണ്ടഷന്റെ പുതിയ പ്രോജക്ടാണ് നാമനിര്‍ദ്ദേശത്തിനര്‍ഹമായത്.
കുട്ടികളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ്. 17-ാമത് പുരസ്‌കാരത്തിന്റെ ഫൈനലിസ്റ്റുകളെ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവാണ് പ്രഖ്യാപിച്ചത്. ആസിമിനെ കൂടാതെ മറ്റുള്ളവര്‍ ഇംഗ്ലണ്ടില്‍ നിന്നും നെതര്‍ലാന്‍ഡില്‍ നിന്നും ഉള്ളവരാണ്. വിജയിയെ 12ന് പ്രഖ്യാപിക്കും. പുരസ്‌കാര സമര്‍പ്പണം 13 ന് ഹേഗില്‍ നടക്കും.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനു പുറമെ ഒരു കോടി രൂപയുടെ പ്രോജക്ട് ഫണ്ട് കൂടി ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. കാസര്‍കോട്ടെ അക്കര ഫൗണ്ടേഷനാണ് ആസിമിനെ നാമനിര്‍ദ്ദേശം ചെയ്തത്.
വെളിമണ്ണയിലെ ശഹീദ് - ജംസീന ദമ്പതികളുടെ മൂത്ത മകനാണ് ആസിം. ജന്മനാ 90 ശതമാനം വൈകല്യമുണ്ട്. രണ്ടു കൈകളുമില്ല. നടക്കാന്‍ പ്രയാസമുണ്ട്. കേള്‍ക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
താന്‍ പഠിച്ച വെളിമണ്ണ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്താനുള്ള നിയമപോരാട്ടം വിജയിച്ചതോടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. ഹൈസ്‌കൂളാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ആസിം. കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ പ്രൈവറ്റായാണ് ആസിം പഠനം തുടരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ഉജ്ജ്വലബാല്യം പുരസ്‌കാരം, യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ്, കലാം ഫൗണ്ടേഷന്റെ ഇന്‍സ്പയറിംഗ് ഇന്ത്യന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."