ഗ്ലാസ്ഗോ: യാഥാർഥ്യങ്ങളെ അവഗണിക്കുന്ന കപടനാട്യം
രാജാജി മാത്യു തോമസ്
കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ 26-ാം സമ്മേളനം (കോൺഫറൻസ് ഓഫ് പാർട്ടീസ് -സി.ഒ.പി 26) അവസാനിക്കാൻ നാലു ദിവസം മാത്രം അവശേഷിക്കെ ഏറെ വാർത്താപ്രാധാന്യം കൈവരിച്ച അന്താരാഷ്ട്ര നയതന്ത്രവ്യായാമം പരാജയമാണെന്ന അഭിപ്രായം വ്യാപകമാണ്. മനുഷ്യരാശിയുടെയും ഭൂപ്രപഞ്ചത്തിന്റെയും നിലനിൽപ്പിൽ നിർണായകമാവേണ്ടിയിരുന്ന സി.ഒ.പി 26, ലോകനേതാക്കൾ അണിനിരന്ന ഒരു വമ്പൻ 'പബ്ലിക് റിലേഷൻസ് ഇവന്റാ'യി മാറിയെന്ന വിമർശനം നാനാ കോണുകളിൽനിന്നും ഉയരുന്നു.സമ്മേളന വേദിയായ സ്കോട്‌ലൻഡ് ഗ്ലാസ്ഗോ നഗരകേന്ദ്രത്തിൽ വെള്ളിയാഴ്ച ആയിരങ്ങൾ അണിനിരന്ന പ്രതിഷേധറാലി ലോകജനതയുടെ ഭാവിയെ സംബന്ധിച്ച ആശങ്കയെയും ലോകരാഷ്ട്ര ഭരണകൂടങ്ങളുടെ കാലാവസ്ഥാവ്യതിയാന പ്രതിരോധ പ്രവർത്തന പരിപാടികളോടുള്ള ആത്മാർത്ഥതാ രാഹിത്യത്തോടുള്ള അമർഷത്തെയുമാണ് അടയാളപ്പെടുത്തിയത്.
കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ലോക സർക്കാരുകളുടെ സമിതി (ഇന്റർ ഗവൺമെൻ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് - െഎ.പി.സി.സി)യുടെ നിർദിഷ്ട ആറാമത് വിലയിരുത്തൽ റിപ്പോർട്ട് ഗ്ലാസ്ഗോ സമ്മേളന പരാജയത്തിന്റെ മൂലകാരണത്തിലേക്ക് വെളിച്ചംവീശുന്നുണ്ട്. കരട് റിപ്പോർട്ടിന്റെ ഇതിനകം പുറത്തായ മൂന്നാം ഭാഗം നിലവിലുള്ള മുതലാളിത്ത വളർച്ചാ മാതൃകകൾ ഉപേക്ഷിക്കാതെ ഒരു ഗ്രഹമെന്നനിലയിൽ ഭൂമിക്ക് അതിന്റെ പരിമിതികളെ അതിജീവിക്കാനാവില്ലെന്ന് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നു. അടുത്ത നാലു വർഷങ്ങൾകൊണ്ട് ഹരിതഗൃഹ വാതക വിസർജനം അതിന്റെ പാരമ്യത്തിൽ എത്തുമെന്ന് ഐ.പി.സി.സി റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. അതിനപ്പുറത്തേക്ക് സാമ്പത്തിക വളർച്ചയ്ക്ക് തെല്ലും സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്രസഭ നിയോഗിച്ച ശാസ്ത്രജ്ഞർ തയാറാക്കിയ ആറാമത് ഐ.പി.സി.സിറിപ്പോർട്ടിന്റെ കരട് ചോർത്തി നൽകിയത്, രാഷ്ട്രീയസമ്മർദത്തെ തുടർന്ന് റിപ്പോർട്ടിൻ്റെ കണ്ടെത്തലുകളിൽ വെള്ളം ചേർക്കപ്പെടും എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളെ സംബന്ധിച്ച ശാസ്ത്രലോകത്തിന്റെ ധാരണകളും അവയെ നേരിടാൻ നാളിതുവരെ കൈക്കൊണ്ട നടപടികളുടെ തികഞ്ഞ അപര്യാപ്തതയുമാണ് യാഥാർഥ്യം ലോകത്തെ അറിയിക്കാൻ റിപ്പോർട്ട് ചോർത്തി നൽകാൻ നിർബന്ധിതമാക്കിയത്. വ്യാവസായിക വികസനവും അനുബന്ധ മുതലാളിത്ത സാമൂഹിക, സാമ്പത്തിക വികസനവും നിലനിൽക്കാവുന്നതല്ലെന്ന് ശാസ്ത്രജ്ഞരിൽ ഗണ്യമായ ഒരു വിഭാഗം ഉറച്ചുവിശ്വസിക്കുന്നു. അത് മുമ്പും പരക്കെ അംഗീകരിക്കപ്പെട്ടുപോന്ന ധാരണയാണെങ്കിൽ ലോകത്തെ സുപ്രധാന കാലാവസ്ഥാ പഠന റിപ്പോർട്ടിൽ അത് അസന്ദിഗ്ധ ഭാഷയിൽ സ്ഥാനം പിടിക്കുന്നത് ഇത് ആദ്യമാണ്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പാരിസ് കരാർ നടപ്പാക്കുക എന്നാൽ മുതലാളിത്ത വികസനത്തിന്റെയും വളർച്ചയുടെയും നിയമങ്ങളെയും യുക്തിയെയും സമ്പൂർണമായി നിഷേധിക്കുകയും നിരാകരിക്കുകയുമാണെന്ന് റിപ്പോർട്ട് വിലയിരുത്തിയ നിരീക്ഷകർ പറയുന്നു.
കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് 196 രാജ്യങ്ങൾ ഒപ്പുവച്ച പാരിസ് കരാർ (2015) ഹരിതഗൃഹവാതക വിസർജനം വ്യവസായവൽകൃതപൂർവ താപനിലയിൽ നിന്നും രണ്ട് ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തണമെന്ന ലക്ഷ്യമാണ് മുന്നോട്ടുവച്ചിരുന്നത്. അത് 1.5 ഡിഗ്രി സെൽഷ്യസിൽ നിന്നു ഉയരുന്നത് വിനാശകരമായിരിക്കുമെന്നും കരാർ അടിവരയിടുന്നു. ആ ലക്ഷ്യം 2030ൽ കൈവരിക്കാൻ ഉതകുന്ന കർക്കശ നടപടികൾ സ്വീകരിക്കാൻ ലോകരാഷ്ട്രങ്ങൾക്ക്, വിശിഷ്യാ വ്യവസായവൽകൃത ലോകത്തിന്, നാളിതുവരെ കഴിഞ്ഞിട്ടില്ലെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. 2050ൽ പൂജ്യം തലത്തിലേക്ക് താപനില കൊണ്ടുവരണമെന്നും കരാർ ലക്ഷ്യംവച്ചിരുന്നു. എന്നാൽ ഗ്ലാസ്ഗോയിൽ തുടർന്നുവരുന്ന സി.ഒ.പി26ൽ ഇതുവരെ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളുംചർച്ചകളും ആ ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കാനാവില്ലെന്ന വ്യക്തമായ സൂചനകളാണ് നൽകുന്നത്.
വൻ സമ്പദ്ഘടനകൾ എന്ന നിലയിൽ ഹരിതഗൃഹ വാതകങ്ങളുടെ പൂജ്യം വിസർജനം തത്വത്തിൽ ഇന്ത്യയും ബ്രസീലും അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യ ലക്ഷ്യം കൈവരിക്കാൻ 2070 ആണ് നിശ്ചയിച്ച സമയപരിധി. ആഗോള മാധ്യമങ്ങൾ അതിന് ഏറെ പ്രാധാന്യം നൽകുന്നുവെങ്കിലും ലക്ഷ്യപ്രാപ്തിയുടെ പ്രായോഗികത സംശയാസ്പദമാണ്. ലോകത്തിലെ പ്രമുഖ ഹരിതഗൃഹ വാതക വിസർജ്യ സ്രോതസുകളായ യു.എസ് അടക്കം പല രാജ്യങ്ങളും 2022 അവസാനത്തിൽ കൽക്കരി, പെട്രോളിയം ഇന്ധനങ്ങൾ, വാതകങ്ങൾ എന്നിവയ്ക്കുമേലുള്ള നിക്ഷേപം അവസാനിപ്പിക്കുമെന്ന് പറയുന്നു. എന്നാൽ യു.എസും ചൈനയും അടക്കം 46 രാഷ്ട്രങ്ങൾ കൽക്കരി ഉപയോഗം അവസാനിപ്പിക്കാൻ വിസമ്മതിക്കുന്നു എന്നത് അമ്പരപ്പിക്കുന്ന വിരോധാഭാസമാണ്. 2025 ഓടെ പൂജ്യം ഹരിതഗൃഹ വാതക വിസർജനം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ അവയിൽ 80 ശതമാനവും പുറപ്പെടുവിക്കുന്ന ജി 20 രാജ്യങ്ങൾ അവരുടെ സമ്പദ്ഘടനകളെ തദനുസൃതം പുനഃക്രമീകരിക്കേണ്ടതുണ്ട്. അവയിൽ ലോകത്ത് ഏറ്റവും ഉയർന്ന ആളോഹരി ഹരിതഗൃഹ വാതക വിസർജ്യത്തിന്റെ ഉൽപാദകരായ യു.എസും ഏറ്റവും ഉയർന്ന വിസർജ്യത്തിന്റെ ഉൽപാദകരായ ചൈനയും മാത്രം പുറത്തുവിടുന്നത് 40 ശതമാനത്തോളം ഹരിതഗൃഹ വാതകമാണ്. വികസന വളർച്ചാതന്ത്രങ്ങളിലും രീതികളിലും മൗലികമായ മാറ്റം കൂടാതെ 1.5ഡിഗ്രി സെൽഷ്യസ് എന്ന താപന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്.
വ്യാവസായിക വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഗതാഗത സമ്പ്രദായങ്ങൾക്കും ആവശ്യമായ ഊർജം, ഇന്ധനം എന്നിവയ്ക്ക് ഉറവവറ്റുന്ന കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയെ വൻതോതിൽ ആശ്രയിക്കുന്ന വികസിത, വികസ്വര സമ്പദ്ഘടനകൾക്ക് അടുത്ത 89 വർഷങ്ങൾ കൊണ്ട് പാരമ്പര്യേതര ഊർജത്തിലേ ക്ക് എത്രത്തോളം മാറാൻ കഴിയുമെന്നതാണ് വെല്ലുവിളി. സമ്പൂർണവും ത്വരിതഗതിയിലുള്ള അത്തരം മാറ്റങ്ങൾക്ക് എത്ര സർക്കാരുകളും സാമ്പത്തിക ശക്തികളും സന്നദ്ധവും പ്രാപ്തവുമാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയാത്തിടത്തോളം സി.ഒ.പി26 അടക്കമുള്ള ആഗോള വ്യായാമങ്ങൾ തികഞ്ഞ കപടനാട്യവും അർഥശൂന്യവുമായി തുടരുകയേയുള്ളൂ. വികസിതലോകം പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും അതുമൂലം ഉണ്ടാകുന്ന ആഗോളതാപനവും അവരുടെ ഭൗമാതിർത്തികളിൽ ഒതുങ്ങിനിൽക്കുന്നില്ല. അതിന്റെ ഇരകളാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും ലോകത്തിലെ അവികസിത, വികസ്വര, ദരിദ്രരാജ്യങ്ങളാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്ര ദുരന്തങ്ങളിൽ നിന്നും ആർക്കും മോചനമില്ലെന്ന് യു.എസ്, യൂറോപ്പ് മുതൽ ഇന്ത്യയടക്കംരാജ്യങ്ങളിൽ ആവർത്തിച്ചു സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ തെളിയിക്കുന്നു. എന്നാൽ വികസിത ലോകത്തിന്റെ നിലനിൽപിന് വികസനത്തിന്റെ എല്ലാ നന്മകളും നിഷേധിക്കപ്പെടുകയും കടുത്ത പ്രകൃതി പ്രതിഭാസങ്ങളുടെ ഇരകളാവുകയും ചെയ്യുന്ന ദക്ഷിണലോകം അവഗണിക്കപ്പെടുന്നത് കടുത്ത അനീതിയും മനുഷ്യത്വരാഹിത്യവുമാണ്.
ലോകത്തെ കാർബൺ വിമുക്തമാക്കാൻ 100-150 ലക്ഷം കോടി ഡോളർ ആഗോള സമ്പദ്ഘടന ചെലവിടേണ്ടതുണ്ട്. അതിന്റെ ആറിൽ ഒരംശംപോലും ചെലവിടാൻ സമ്പന്ന രാഷ്ട്രങ്ങൾ ഇനിയും സന്നദ്ധമായിട്ടില്ല. സമ്പന്ന രാഷ്ട്രങ്ങളുടെ സമ്പത്തിന്റെ ഉറവിടം ദരിദ്ര ദക്ഷിണ രാഷ്ട്രങ്ങളായിരുന്നു എന്നത് ആഗോള സമ്പദ്ഘടനയുടെ ബാലപാഠത്തിൽ നിന്നുതന്നെ വ്യക്തമാണ്. കോളനിവാഴ്ചയുടെയും സാമ്രാജ്യത്വത്തിന്റെയും ആഗോളീകരണത്തിന്റെയും സമകാലിക വികസന വ്യവഹാരത്തിന്റെയും ഇരകളായ മഹാഭൂരിപക്ഷത്തെ അവഗണിച്ച് ഭൂപ്രകൃതിയിൽ മനുഷ്യരാശിക്കെന്നല്ല ജീവന് ആധാരമായ ജൈവ പ്രപഞ്ചത്തിനു തന്നെയും നിലനിൽപ്പില്ലെന്ന യാഥാർഥ്യം അംഗീകരിക്കാതെ കാലാവസ്ഥാവ്യതിയാനത്തെ അഭിമുഖീകരിക്കുക സാധ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."