സർക്കാർ ജീവനക്കാരും എം.എൽ.എമാരും ബുധനാഴ്ച കൈത്തറി വസ്ത്രം ധരിക്കണം: മന്ത്രി
തിരുവനന്തപുരം
എല്ലാ സർക്കാർ ജീവനക്കാരും എം.എൽ.എമാരും ബുധനാഴ്ച ദിവസങ്ങളിൽ കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്ന് വ്യവസായമന്ത്രി പി. രാജീവ്. നേരത്തെ ഇതുസംബന്ധിച്ച് നിർദേമുണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
സ്കൂൾ യൂണിഫോം കൈത്തറിയാക്കിയത് മേഖലയ്ക്ക് വലിയ ഉണർവേകി. സർക്കാർ സ്ഥാപനങ്ങളും ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കൈത്തറിക്ക് മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വിരിപ്പുകളും മറ്റും വാങ്ങുമ്പോൾ കൈത്തറിക്ക് മുൻഗണന നൽകുമെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ക്വാറികൾ കാരണമാണോ എന്ന് പരിശോധിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെക്കൊണ്ട് പഠനം നടത്താൻ സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ക്വാറികൾ കാരണമാണ് പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൂട്ടിക്കൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ അനധികൃത ക്വാറികൾ കണ്ടെത്താനുള്ള പരിശോധന ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ദുരന്തം നടന്ന കൂട്ടിക്കലിൽ രണ്ട് ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. അതിൽ ഒന്നിന്റെ പ്രവർത്തനം പ്രളയത്തെ തുടർന്ന് 2019ൽ അവസാനിപ്പിച്ചിരുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളായി നിർണയിച്ച സ്ഥലങ്ങളിൽ ഖനനപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ അഞ്ചു വർഷത്തിനകം പ്രവർത്തനം അവസാനിപ്പിക്കും.
കേരളത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് കരിങ്കല്ല് ആവശ്യമാണ്. ശരാശരി മൂന്ന് ഹെക്ടറായി ക്വാറിയുടെ വിസ്തൃതി കണക്കാക്കിയാൽ വിഴിഞ്ഞം തുറമുഖനിർമാണം പൂർത്തീകരിക്കണമെങ്കിൽ പോലും 66 ക്വാറികൾ വേണ്ടിവരും. എന്നാൽ എട്ട് ലക്ഷം മെട്രിക് ടൺ കരിങ്കൽ മാത്രമാണ് സംസ്ഥാനത്തു നിന്ന് സംഭരിക്കുന്നത്. ബാക്കിയുള്ളവ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരികയാണ്. ദേശീയപാതാ വികസനത്തിനും നിർദിഷ്ട സിൽവർ ലൈൻപദ്ധതിക്കും മറ്റു വികസനപ്രവർത്തനങ്ങൾക്കും കരിങ്കല്ല് ആവശ്യമായി വരും. ഇവയൊക്കെ നടപ്പാക്കുമ്പോൾ പാരിസ്ഥിതിക ആഘാതമുണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."