മരംമുറി: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം പഴുതടച്ച നടപടിയെന്ന് മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ പ്രദേശത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയതിലൂടെ ജലനിരപ്പ് 152 അടിയാക്കണമെന്നും ബേബി ഡാം പണിയണമെന്നുമുള്ള തമിഴ്നാടിന്റെ ആവശ്യത്തിന് സർക്കാർ വഴങ്ങിക്കൊടുത്തെന്ന് പ്രതിപക്ഷം നിയമസഭയിൽ. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്ർകിയത്.
വിഷയം പല രീതിയിൽ സഭയിൽ ചോദിച്ചതാണെന്നും സബ്മിഷനായി ഉന്നയിച്ചാൽ പോരെയെന്നും സ്പീക്കർ എം.ബി രാജേഷ് ചോദിച്ചു. എന്നാൽ വിഷയം പ്രധാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. തുടർന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.
മരംമുറിക്കാനുള്ള അനുമതി മന്ത്രി അറിയാതെപോയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. വൈൽഡ് ലൈഫ് ബോർഡ് ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വനംമന്ത്രിയുമാണ്. ഇവരറിയാതെ ഉദ്യോഗസ്ഥർ ഉത്തരവ് നൽകില്ല. 152 അടിയിലേക്ക് വെള്ളം സംഭരിക്കാനുള്ള തമിഴ്നാടിനെ അനുവദിക്കാനുള്ള നാടകമാണിത്. ഉത്തരവിറങ്ങിയത് കെ റെയിലിനെക്കാൾ വേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവിറങ്ങിയത് സർക്കാരിന്റെ ശ്രദ്ധയിൽ വരുന്നത് ആറാം തിയതിയാണെന്നും ഏഴിനു തന്നെ ഉത്തരവ് മരിവിപ്പിച്ചെന്നും അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്, സർക്കാർ അറിയാതെ ഉദ്യോഗസ്ഥരാണ് ഉത്തരവിറക്കിയത്. ഉത്തരവ് മരവിപ്പിച്ചിട്ടുണ്ട്. ഉത്തരവിറക്കിയവർക്കെതിരേ പഴുതടച്ച നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടി നൽകിയതോടെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്നാട് സർക്കാരിന് അനുമതി നൽകിക്കൊണ്ട് കേരള വനം വകുപ്പിലെ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഉത്തരവിറക്കിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻമാർ ഉത്തരവിറക്കിയത് വനം മന്ത്രി അറിഞ്ഞില്ലെങ്കിൽ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നത്? ഉത്തരവ് മരവിപ്പിച്ചതല്ലാതെ റദ്ദാക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."