പ്രളയ ഭീതിയിൽ തമിഴ്നാട് 14 ജില്ലകളിൽ ജാഗ്രതാ നിർദേശം
ചെന്നൈ
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 14 ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട്.
ചെന്നൈ, കടലൂർ, വിഴുപുറം, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ, വെല്ലൂർ തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്നലെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി. ക്യാംപുകളിൽ കഴിയുന്നവരെ സന്ദർശിക്കാനും അവർക്ക് ഭക്ഷണം നൽകാനും സ്റ്റാലിൻ മുന്നിട്ടിറങ്ങി.
പ്രളയ സാഹചര്യം തുടരുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കേന്ദ്രത്തിന്റെ സഹായം അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ മാസം 11 വരെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദുരിതബാധിതർക്ക് ചെന്നൈയിൽ മാത്രം 3.36 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. പ്രളയ മേഖലകളിൽ 15 സോണുകളിലായി സമൂഹ അടുക്കള പ്രവർത്തനം തുടങ്ങി. ചെന്നൈയിൽ കുടിവെള്ളം വിതരണം ചെയ്യാൻ 570 ടാങ്കറുകൾ രംഗത്തുണ്ടെന്ന് ചെന്നൈ കോർപറേഷൻ കമ്മിഷണർ ഗംഗൻദീപ് സിങ് ബേദി പറഞ്ഞു. ദുരിത ബാധിത ജില്ലകളിൽ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ദിണ്ഡുക്കലിൽ കൊടൈക്കനാൽ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. ഈ റൂട്ടിൽ ഗതാഗതം നിർത്തിവച്ചതായി ദിണ്ഡുക്കൽ ജില്ലാ കലക്ടർ അറിയിച്ചു.
ചെന്നൈയിൽ വെള്ളക്കെട്ടിനെ തുടർന്ന് 12,297 വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചതായി വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി പറഞ്ഞു. 34,047 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിർത്തിവച്ചു. 1,757 ഫീഡറുകളിൽ 18 എണ്ണം വിച്ഛേദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 സോണുകളാക്കി തിരിച്ചു. ഇവിടെ 15 ഐ.എ.എസ് ഓഫിസർമാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."