"വിടുവായത്തം പറഞ്ഞാൽ നാവരിയും" തെലങ്കാന ബി.ജെ.പി അധ്യക്ഷനോട് മുഖ്യമന്ത്രി
ഹൈദരാബാദ്
വിടുവായത്തം പറഞ്ഞാൽ നാവരിയുമെന്ന് ബി.ജെ.പി തെലങ്കാന അധ്യക്ഷനോട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. കർഷക പ്രശ്നം, പെട്രോൾ, ഡീസൽ വില തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കവെയാണ് തെലങ്കാന ബി.ജെ.പി നേതാവ് സഞ്ജയ് ബന്ദി ഉൾപ്പെടെയുള്ളവർക്ക് മുഖ്യമന്ത്രി താക്കീത് നൽകിയത്.
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ ബി.ജെ.പിക്ക് ധാർമികതയില്ലെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ സെസ് നീക്കാൻ ആദ്യം കേന്ദ്രം തയാറാകണം. അല്ലാതെ അനാവശ്യ സംസാരവുമായി വന്നാൽ ഞങ്ങൾ നാവരിഞ്ഞ് നാലു കഷണങ്ങളാക്കുമെന്നും ബി.ജെ.പി നേതാവിന് ചന്ദ്രശേഖർ റാവു മുന്നറിയിപ്പ് നൽകി.
തെലങ്കാനയിലെ കർഷകരെ വഞ്ചിക്കാനും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അത് അനുവദിക്കാൻ പോകുന്നില്ല. തന്നെ അധിക്ഷേപിച്ചാലും തെലങ്കാനയിലെ ജനങ്ങൾക്കെതിരേ സംസാരിച്ചാൽ കെ.സി.ആർ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിസാര രാഷ്ട്രീയത്തിനു വേണ്ടിയാണ് ബി.ജെ.പി ഇത്തരം വിലകുറഞ്ഞ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ നേരിട്ട് കേന്ദ്ര മന്ത്രിയെ കണ്ട് കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചതാണ്. കർഷകരെ സഹായിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. 5 ലക്ഷം ടൺ നെല്ലാണ് കഴിഞ്ഞ വർഷം ഉണ്ടായത്. അത് വാങ്ങാൻ കേന്ദ്രം തയാറായിട്ടില്ല. തന്നെ ജയിലിലടയ്ക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് പറയുന്നത്. തന്നെ തൊടാൻ അദ്ദേഹം വളർന്നിട്ടില്ലെന്നും റാവു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."