ലേഖിംപൂർ: യു.പി സർക്കാരിന് വീണ്ടും വിമർശനം 'അന്വേഷണം ശരിയല്ല'
ന്യൂഡൽഹി
കർഷകക്കുരുതി നടന്ന ലേഖിംപൂർ ഖേരി കേസിൽ യു.പിയിലെ യോഗി സർക്കാരിനെ കണക്കിനു വിമർശിച്ച് സുപ്രിംകോടതി വീണ്ടും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യ പ്രതിയായ കേസിൽ അന്വേഷണം പ്രതീക്ഷിച്ച രീതിയിലും ശരിയായ രീതിയിലും അല്ല നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ യു.പിക്ക് പുറത്തുനിന്നുള്ള ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയെ നിയമിക്കണമെന്ന് കോടതി യു.പി സർക്കാരിന് നിർദേശം നൽകി.
കേസിൻ്റെ മേൽനോട്ടത്തിനായി യു.പി സർക്കാർ പ്രദീപ് കുമാർ വാസ്തവ ഏകാംഗ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരുന്നു. ഈ കമ്മിഷനിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് കോടതി പുറത്തുനിന്നുള്ള ജഡ്ജി മേൽനോട്ടം വഹിക്കണമെന്ന് നിർദേശിച്ചത്.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിൽ നിന്നുള്ള റിട്ടയേഡ് ജഡ്ജിമാരായ രാകേഷ് കുമാർ ജെയ്ൻ, രഞ് ജിത് സിങ് എന്നിവരിലാരെയെങ്കിലും മേൽനോട്ടത്തിന് നിയമിക്കാമെന്നും കോടതി നിർദേശിച്ചു. യു.പി സർക്കാർ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ ഒന്നുമില്ലെന്നും കോടതി പറഞ്ഞു. യു.പി പൊലിസിനെ നിശിതമായി വിമർശിച്ച കോടതി, അന്വേഷണത്തിലെ പിഴവുകളും ചൂണ്ടിക്കാട്ടി. അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ മാത്രമാണ് പൊലിസ് പിടിച്ചെടുത്തതെന്നും വീഡിയോ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലം ഇതുവരെ ലഭ്യമാക്കിയില്ലെന്നും കോടതി പറഞ്ഞു. ഫോറൻസിക് ഫലം ഈ മാസം 15ന് മാത്രമേ ലഭിക്കൂ എന്ന് യു.പി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു.
പ്രതികളിൽ ചിലർ ഫോൺ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുകയാണ്. എന്നാൽ അവരുടെ ലൊക്കേഷൻ, കോളുകൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭ്യമായിട്ടുണ്ടെന്നും സാൽവെ പറഞ്ഞു. എന്നാൽ ഇക്കാര്യം തൽസ്ഥിതി റിപ്പോർട്ടിൽ പരാമർശിച്ചിട്ടി
ല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിർദേശം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കുന്നതിനും ഉത്തരവ് തേടുന്നതിനും കൂടുതൽ സമയം വേണമെന്ന് സാൽവെ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ബെഞ്ച് കേസ് 12ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."