ഫേസ്ബുക്ക് ആഭ്യന്തര റിപ്പോർട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുസ് ലിം വിരുദ്ധ നുണപ്രചാരണങ്ങളുണ്ടായി
ന്യൂഡൽഹി
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണകാലത്ത് ഫേസ്ബുക്കിൽ മുസ് ലിം വിരുദ്ധ പോസ്റ്റുകൾ വ്യാപകമായെന്നും തെരഞ്ഞെടുപ്പിന് ശേഷവും 18 മാസത്തോളം അത് തുടർന്നെന്നും ഫേസ്ബുക്കിന്റെ ആഭ്യന്തര റിപ്പോർട്ട്. അക്രമഭീഷണി, കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട മുസ് ലിംകൾക്കെതിരായ വ്യാജപ്രചാരണം, മുസ് ലിംകൾ വർഗീയ കലാപമുണ്ടാക്കുന്നുവെന്ന നുണപ്രചാരണം തുടങ്ങിയവയെല്ലാമാണുണ്ടായത്. ഫേസ്ബുക്ക് മുൻ ജീവനക്കാരി ഫ്രാൻസസ് ഹൗഗൻ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുള്ളത്.
അസമിൽ മുസ് ലിംകൾ മറ്റു അസമികൾക്ക് കരൾ, വൃക്ക, ഹൃദയ രോഗങ്ങൾ വരുത്തുന്നതിനായി കാർഷിക വസ്തുക്കളിൽ രാസവളം ചേർത്ത് ജൈവായുധം പ്രയോഗിക്കുന്നുവെന്ന പ്രചാരണം ഫേസ്ബുക്കിൽ അസം തെരഞ്ഞെടുപ്പിന് മുമ്പ് ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നടത്തിയതായി റിപ്പോർട്ടുകളിലൊന്നിലുണ്ട്. അസമിൽ ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്യുന്നത് ബംഗ്ല ഭാഷ സംസാരിക്കുന്ന മുസ് ലിംകളാണ്. 2019 ഡിസംബർ, 2010 മാർച്ച് മാസങ്ങളിൽ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി ഭാഷകളിലായി നിരവധി മുസ് ലിം വിരുദ്ധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
സി.എ.എ വിരുദ്ധസമരം, കൊവിഡ് വ്യാപനം തുടങ്ങിയവയുമായി ബന്ധപ്പെട്ട മുസ് ലിംകൾക്കെതിരായ പോസ്റ്റുകളായിരുന്നു ക്കാലത്തുണ്ടായത്. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും വ്യാപകമായി മുസ് ലിം വിരുദ്ധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ആർ.എസ്.എസ്, ബി.ജെ.പി അനുകൂലികൾ വ്യാപകമായി ഫേസ്ബുക്കിലൂടെ ലൗ ജിഹാദ് പ്രചാരണം നടത്തിയത് സംബന്ധിച്ചും റിപ്പോർട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."