HOME
DETAILS

അസ്തിത്വം പോലും കവര്‍ന്നെടുക്കപ്പെട്ടവര്‍

  
backup
November 13 2021 | 21:11 PM

56321754245

#ഡോ. എന്‍. ഷംനാദ്‌

ഇങ്ങനെയൊരു കേസ് തന്നെ ഇല്ലെന്ന മട്ടില്‍ അന്വേഷണം അവസാനിപ്പിക്കാനും മൃതദേഹം മറവ് ചെയ്യാനുമുള്ള നിര്‍ദേശം എത്ര വേഗമാണ് 'മുകളില്‍' നിന്നെത്തിയത്! കാവല്‍ക്കാരന്റെ മകന്‍ മിസ്‌രി ആയല്ല, നാട്ടുപ്രമാണിയുടെ മകനായി വേണമത്രെ രക്തസാക്ഷിയെ മറവ് ചെയ്യേണ്ടത്. എത്ര വിരോധാഭാസമായ കാര്യമാണ് ഇതെന്ന് നോക്കൂ. മരിച്ചുപോയെന്ന് പറയുന്ന വ്യക്തിയുടെ അതേ പേരുള്ളൊരാള്‍ ഈ നിമിഷവും ജീവനോടെ തന്നെയുണ്ടെന്ന് ഓര്‍ക്കുക. ഇനി പാവം മിസ്‌രിയുടെ കാര്യമോ, അങ്ങനെ ഒരാള്‍ തന്നെ ഉണ്ടോ? അവന്റെ ശരീരം പ്രമാണിയുടെ മകനെന്ന പേരില്‍ അടക്കം ചെയ്യുന്നത് മുതലല്ലല്ലോ ഈ പ്രശ്‌നങ്ങളൊക്കെ ആരംഭിക്കുന്നത്. പ്രമാണിയുടെ മകനെന്ന ഭാവത്തില്‍ എന്ന് പട്ടാളത്തില്‍ ചേരാന്‍ പോയോ അന്ന് മുതലേ തന്റെ അസ്തിത്വം തെളിയിക്കാന്‍ പാടുപെടുകയായിരുന്നു ആ ചെറുപ്പക്കാരന്‍. ഇപ്പോഴിതാ ഒരു രക്തസാക്ഷിയായി ഓര്‍മിക്കപ്പെടാനുള്ള അവകാശം പോലും നാം ആ പാവത്തിന് നിഷേധിക്കുകയല്ലേ?


എന്നാല്‍ എന്റെ വാദങ്ങളൊക്കെ മിലിറ്ററി ഉദ്യോഗസ്ഥന്‍ നിഷ്‌കരുണം തള്ളിയതേയുള്ളൂ. അയാള്‍ പറഞ്ഞത് ഈജിപ്ത് വിധിനിര്‍ണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നായിരുന്നു. ചരിത്രത്തില്‍ ഇതാദ്യമായല്ലേ അറബ് ജനത ഇസ്റാഈല്‍ എന്ന ശത്രുവിനെതിരെ വിജയം നേടുന്നത്? വര്‍ഷങ്ങളായി കാത്തിരുന്ന ഈ മഹത്തായ വിജയത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്താനേ മിസ്‌രിയുടെ സംഭവം കാരണമാകൂ. ഈ വാര്‍ത്ത പരസ്യമായാല്‍ ഈജിപ്തിന്റെ ശത്രുക്കള്‍ എന്ത് പറയുമെന്ന് താന്‍ ചിന്തിച്ചിട്ടുണ്ടോ? പിന്നെ ഇതത്ര ഗൗരവമായ സംഭവമൊന്നുമല്ലല്ലോ? രാജ്യത്തിന് വേണ്ടി പൊരുതുന്നതിനിടയില്‍ മിസ്‌രി എന്ന ചെറുപ്പക്കാരന്‍ രക്തസാക്ഷിയായി. അത് ഏത് പേരിലായാലും തനിക്കെന്താ പ്രശ്‌നം?'


ജീവിച്ചിരിക്കുന്ന ഏറ്റവും പ്രതിഭാധനനായ ഈജിപ്ഷ്യന്‍ നോവലിസ്റ്റ് യൂസുഫുല്‍ ഖഈദിന്റെ 1978 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'അല്‍ഹര്‍ബ് ഫീ ബര്‍റി മിസ്ർ' (War in the Land of Egypt) എന്ന അറബി നോവലിലെ സുപ്രധാനമായൊരു ഭാഗമാണിത്. പണവും അധികാരവുമുള്ളവര്‍ സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട പാവങ്ങളെ എത്രമാത്രം ചൂഷണം ചെയ്യുമെന്നതിന്റെ ഭീകരചിത്രമാണ് ഈ കൃതി വരച്ചുകാട്ടുന്നത്. ചൂഷിതരുടെ സ്വത്തുക്കള്‍ മാത്രമല്ല, അവരുടെ അസ്തിത്വം പോലും നിഷ്‌കരുണം കവര്‍ന്നെടുക്കാന്‍ അധികാര വര്‍ഗം മുഴുവന്‍ ഒത്തൊരുമിച്ച് ഗൂഡാലോചന നടത്തുമ്പോള്‍ മനുഷ്യാവകാശങ്ങളൊക്കെ ഉട്ടോപ്യന്‍ സ്വപ്‌നമായി മാറുകയാണിവിടെ.

ഭൂമിയും യുദ്ധവും

1952 ജൂലൈ 23 ന് അരങ്ങേറിയ പട്ടാളവിപ്ലവം ഈജിപ്തിന്റെ ചരിത്രഗതിയെ ആകെ മാറ്റിമറിച്ച സംഭവമായിരുന്നു. ഒന്നരനൂറ്റാണ്ട് നീണ്ട മുഹമ്മദലി പാഷാ കുടുംബത്തിന്റെ രാജവാഴ്ച അവസാനിപ്പിച്ച് രാജ്യം റിപ്പബ്ലിക്കായി മാറിയത് അങ്ങനെയാണ്. ജമാല്‍ അബ്ദുല്‍ നാസിര്‍ പ്രസിഡന്റായതോടുകൂടി 1954 ല്‍ സോഷ്യലിസ്റ്റ് നിയമങ്ങളും ഭൂപരിഷ്‌കരണവും നടപ്പിലാക്കിയത് വിപ്ലവകരമായ നടപടിയായിരുന്നു. ദേശസാല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോയ അബ്ദുല്‍ നാസിര്‍ ഭൂപ്രഭുക്കന്മാരുടെ അധികസ്വത്തുക്കള്‍ കണ്ടുകെട്ടി കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ പതിച്ചുനല്‍കി. ഇതിന് സമാന്തരമായി 1948 ല്‍ രൂപപ്പെട്ട ഇസ്റാഈലുമായുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കാനും തുടങ്ങി. 1956 ല്‍ സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചതിനെ തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഇസ്റാഈല്‍ ബ്രിട്ടനും ഫ്രാന്‍സിനുമൊപ്പം ചേര്‍ന്ന് ഈജിപ്തിനെ ആക്രമിച്ചിരുന്നു. അറബ് ദേശീയത കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് നടന്ന 1967 ലെ 'ആറുദിന യുദ്ധ'ത്തില്‍ ഇസ്റാഈലിനോട് ദയനീയ പരാജയം ഈജിപ്തിന് ഏറ്റുവാങ്ങേണ്ടി വന്നു. സീനാ പെനിന്‍സുല ഇസ്റാഈല്‍ കൈയടക്കിയത് അബ്ദുല്‍ നാസറിന് കടുത്ത ആഘാതമായി.


ശേഷം അധികാരത്തിലെത്തിയ അന്‍വര്‍ സാദത്തിന്റെ കാലത്ത് നടന്ന പ്രധാന സംഭവമായിരുന്നു 1973 ഒക്ടോബറില്‍ നടന്ന നാലാം അറബ്- ഇസ്റാഈല്‍ യുദ്ധം. സൂയസ് കനാലിന്റെ കിഴക്കന്‍ തീരത്ത് ഇസ്റാഈല്‍ തീര്‍ത്ത അഗ്നിമതിലായ ബര്‍ലിഫ് മറികടന്ന ഈജിപ്ഷ്യന്‍ സേന തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും ഇസ്റാഈല്‍ തിരിച്ചടിച്ചതോടെ ഇരുപക്ഷത്തിനും വിജയം അവകാശപ്പെടാനാകാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. സീനാ പ്രദേശത്ത് ആയിരക്കണക്കിന് ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പിന്നീട് 1979 ല്‍ അന്‍വര്‍ സാദത്ത് ഇസ്രയേലുമായി 'ക്യാംപ് ഡേവിഡ് കരാര്‍' ഒപ്പിടുകയും ആ രാജ്യത്തെ അംഗീകരിക്കുകയും ചെയ്തുവെന്നത് ചരിത്രത്തിലെ മറ്റൊരു തമാശയാണ്. 73 ലെ ഒക്ടോബര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യൂസുഫുല്‍ ഖഈദ് 'അല്‍ഹര്‍ബ് ഫീ ബര്‍റി മിസ്ർ' എന്ന നോവല്‍ രചിക്കുന്നത്.

നാട്ടുപ്രമാണിയുടെ കഥ

ഈജിപ്തിലെ അലക്‌സാണ്ട്രിയയ്ക്കടുത്തുള്ള ഏതോ ഒരു ഗ്രാമത്തിലാണ് കഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഗ്രാമത്തിന് പേരില്ലാത്തതുപോലെ തന്നെ കഥാപാത്രങ്ങള്‍ക്കാര്‍ക്കും പേര് നല്‍കാതിരിക്കാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ആകെയൊരപരാധം മുഖ്യകഥാപാത്രമായ മിസ്‌രിയാണ്. അതിനാകട്ടെ ഈജിപ്തുകാരന്‍ എന്നര്‍ഥമേയുള്ളൂ. ആ നാട്ടില്‍ എവിടെയും ആര്‍ക്കും സംഭവിക്കാവുന്നതേയുള്ളൂ ഈ കഥയെന്ന് പറയാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ കഥാകാരന്‍.
ഗ്രാമമുഖ്യനായ നാട്ടുപ്രമാണിയാണ് ആദ്യം തന്റെ കഥ പറയുന്നത്. 1954 ല്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയപ്പോള്‍ അയാളുടെ കൈവശമുണ്ടായിരുന്ന അധിക സ്വത്തുക്കളൊക്കെ സര്‍ക്കാര്‍ കണ്ടുകെട്ടി ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനായി പതിച്ചു നല്‍കിയിരുന്നു. അബ്ദുല്‍ നാസിര്‍ മരണപ്പെട്ട് അന്‍വര്‍ സാദത്ത് പ്രസിഡന്റായതോടുകൂടി തന്റെ കൈയില്‍നിന്ന് 'അന്യായ'മായി കവര്‍ന്നെടുത്ത ഭൂമി തിരിച്ചുലഭിക്കാനായി പ്രമാണി കോടതിയെ സമീപിച്ചു. കോടതിയാകട്ടെ അതിവേഗത്തിലാണ് അയാള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പ്രമാണിയുടെ സ്വത്തുക്കള്‍ ഏതൊക്കെ കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയോ അതെല്ലാം തിരിച്ചുനല്‍കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.


ഇരുപത് വര്‍ഷമായി കാത്തിരുന്ന ആനന്ദ മുഹൂര്‍ത്തം വന്നെത്തിയ ആ ദിവസങ്ങളില്‍ തന്നെ മറ്റൊരു കടലാസ് കൂടി പ്രമാണിയെ തേടിയെത്തി. ഇളയപുത്രനെ നിര്‍ബന്ധ സൈനികസേവനത്തിന് അയക്കണമെന്ന ഉത്തരവായിരുന്നു അത്. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ മൂന്ന് വര്‍ഷക്കാലം സൈന്യത്തില്‍ നിര്‍ബന്ധസേവനം ചെയ്യണമെന്ന നിയമം നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. കുടുംബത്തിലെ ഏക ആണ്‍സന്തതി, വിധവയുടെ മക്കള്‍ തുടങ്ങിയ അപൂര്‍വം ആളുകള്‍ക്കേ സൈനിക സേവനത്തില്‍ നിന്ന് ഇളവ് ലഭിക്കുകയുള്ളൂ. എന്നാല്‍ നാട്ടുപ്രമാണിയുടെ ആണ്‍മക്കള്‍ക്കാര്‍ക്കും ഇതുവരെ പട്ടാളത്തില്‍ ചേരേണ്ടി വന്നിട്ടേയില്ല. ഓരോരുത്തര്‍ക്കും എന്തെങ്കിലും ന്യായം പറഞ്ഞ് ഇളവ് കണ്ടെത്താന്‍ അയാള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ഇളയപുത്രനെത്തേടി പട്ടാളത്തില്‍ ചേരാനുള്ള ഉത്തരവ് കിട്ടിയിരിക്കുകയാണ്. അവസാനഭാര്യയുടെ ആകെയുള്ള സന്തതിയാണ്. എന്തായാലും തന്റെ മകനെ പട്ടാളത്തില്‍ ചേരാന്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് ആ സ്ത്രീ.
ധര്‍മസങ്കടത്തിലായ പ്രമാണി ഒരു ഇടനിലക്കാരനെ കാണാന്‍ ചെന്നു. നിര്‍ബന്ധ സൈനികസേവനത്തിന് ഉത്തരവ് ലഭിക്കുന്ന യുവാക്കളെ അതില്‍നിന്ന് ഒഴിവാക്കാനായി കൈക്കൂലി വാങ്ങി ഇടപാട് നടത്തുന്നതാണ് അയാളുടെ തൊഴില്‍. പണ്ടൊരു അധ്യാപകനായിരുന്നു. കൈക്കൂലി ഇടപാടില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. പണം നല്‍കിയാല്‍ ഈജിപ്തില്‍ എന്തും സാധിക്കാം എന്ന നിലപാടുകാരനാണ് അയാള്‍. പ്രമാണിയുടെ മകനെ പട്ടാളത്തില്‍ ചേരാതെ രക്ഷിക്കണമെങ്കില്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ മകനെ ഈ നാട്ടില്‍നിന്ന് തന്നെ എവിടേക്കെങ്കിലും കടത്തണം. അതൊരിക്കലും നടക്കില്ല. ഇളയഭാര്യ സമ്മതിക്കാനേ പോണില്ല. പിന്നെ ഒരേയൊരു പരിഹാരമേയുള്ളൂ. പ്രമാണിയുടെ മകന്റെ അപരനായി മറ്റൊരു യുവാവിനെ സൈന്യത്തിലേക്കയക്കുക.


മിസ്‌രിയുടെ കഥ

നാട്ടുപ്രമാണിയുടെ നിശാകാവല്‍ക്കാരന്റെ മകനാണ് മിസ്‌രി. കുടുംബത്തിലെ ഏകആണ്‍തരി. മിടുക്കനായ വിദ്യാര്‍ഥി. പ്രൈമറി ക്ലാസില്‍ ഒന്നാമനായി ജയിച്ചിട്ടും പട്ടണത്തിലയച്ച് പഠിപ്പിക്കാനുള്ള സാമ്പത്തികാവസ്ഥ മിസ്‌രിയുടെ പിതാവിനില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമാണിയുടെ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി പതിച്ചുനല്‍കിയപ്പോള്‍ മൂന്ന് ഏക്കര്‍ കൃഷിഭൂമി മിസ്‌രിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. അവിടെ കൃഷി ചെയ്യാന്‍ പിതാവിനെ സഹായിക്കേണ്ട നിര്‍ബന്ധാവസ്ഥയിലാണ് മിസ്‌രി.
സര്‍വകലാശാലയില്‍ പോയി പഠിക്കണമെന്ന അവന്റെ സ്വപ്‌നമൊന്നും നടക്കാന്‍ പോകുന്നില്ല. അതിനിടയിലാണ് ഇടിവെട്ടുപോലെ ആ വാര്‍ത്ത മിസ്‌രിയുടെ കുടുംബവും അറിയുന്നത്. ആകെയുള്ള ഭൂമി നാട്ടുപ്രമാണിക്ക് തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടത്രെ. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മറ്റ് ഗ്രാമങ്ങളിലും നടക്കുന്നുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും തന്റെ ഭൂമി വിട്ടുനല്‍കാന്‍ തയാറാകാത്തൊരു കര്‍ഷകനെ പൊലിസുകാര്‍ തല്ലിക്കൊന്നെന്ന വാര്‍ത്ത അടുത്ത ഗ്രാമത്തില്‍നിന്ന് കേട്ടത് ഈയിടെയാണ്.


ഗൂഡാലോചനയുടെ ആരംഭം

എന്നാല്‍ കാവല്‍ക്കാരനെയും മിസ്‌രിയെയും കാത്തിരിക്കുന്ന വിധി മറ്റൊന്നായിരുന്നു. പ്രമാണിയുടെ ഗുമസ്തന്‍ കാവല്‍ക്കാരനെ മാളികയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിവില്ലാത്ത സ്‌നേഹത്തോടെയുള്ള സ്വീകരണമാണ് അവിടെ ലഭിച്ചത്. കോടതി ഉത്തരവിട്ടതുപോലെ കാവല്‍ക്കാരന്റെ കൈവശമുള്ള ഭൂമി തനിക്ക് തിരികെ നല്‍കേണ്ടായെന്ന് പ്രമാണി പറഞ്ഞപ്പോള്‍ സ്വര്‍ഗം ലഭിച്ച സന്തോഷമാണ് ആ കര്‍ഷകന് തോന്നിയത്. എന്നാലത് അധികനേരം നീണ്ടുനിന്നില്ലെന്ന് മാത്രം. കാരണം ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ പ്രമാണിയുടെ ഇളയമകന് പകരം കാവല്‍ക്കാരന്റെ മകനായ മിസ്‌രി നിര്‍ബന്ധ സൈനികസേവനത്തിന് പോകണം. മിസ്‌രിയെത്തന്നെ ഇക്കാര്യത്തിന് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്. പ്രമാണിയുടെ മകന്‍ ജനിച്ച അതേ ദിവസം തന്നെ ജനിച്ചയാളാണ് മിസ്‌രി. കുടുംബത്തിലെ ഏക ആണ്‍സന്തതിയായതിനാല്‍ മിസ്‌രിക്ക് പട്ടാളത്തില്‍ ചേരേണ്ടിവരികയുമില്ല. അതിനാല്‍ തന്നെ പ്രമാണിയുടെ മകനെന്ന പേരില്‍ വ്യാജരേഖകളുണ്ടാക്കാന്‍ എളുപ്പവുമാണ്. കള്ളി ഒരിക്കലും പുറത്താവുകയുമില്ല. വിവരമറിഞ്ഞ മിസ്‌രി കുറേ എതിര്‍ത്തുനോക്കിയെങ്കിലും ഗതികെട്ട ആ കുടുംബത്തിന്റെ ഭാവിക്കായി അവസാനം ഈ ആള്‍മാറാട്ടത്തിന് സമ്മതിക്കേണ്ടി വന്നു. വീട്ടിലെ പത്ത് വായകള്‍ക്ക് അന്നം കിട്ടാന്‍ അവന്റെ മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു. പിന്നീട് ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ഇടനിലക്കാരനും അലക്‌സാണ്ട്രിയയിലെ സൈനിക റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നാട്ടുപ്രമാണിയുടെ മകന്റെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡുകളുമൊക്കെ ഉണ്ടാക്കി. പേരും വിലാസവുമൊക്കെ പ്രമാണിയുടെ മകന്റേതും ഫോട്ടോ മിസ്‌രിയുടെയും. വലിയ തുക ഒട്ടേറെ ആളുകള്‍ക്ക് കൈക്കൂലി നല്‍കിയാണ് ഇതൊക്കെ നടത്തിയെടുത്തത്.


കാത്തിരുന്ന വിധി

ഗൂഡാലോചനയുടെ ബാക്കിപത്രമായി മിസ്‌രി പ്രമാണിയുടെ മകന്റെ തിരിച്ചറിയല്‍ രേഖകളുമായി പട്ടാളത്തില്‍ ചേര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞ് തിരിച്ചുവരാമെന്നാണ് കരുതിയത്. യുദ്ധഭീഷണി നിലനില്‍ക്കുന്ന സൂയസ് കനാല്‍ മേഖലയിലേക്കാണ് മിസ്‌രിയുടെ യൂണിറ്റ് നിയോഗിക്കപ്പെട്ടത്. എന്നാല്‍ അവന്റെ പെരുമാറ്റത്തിലെന്തോ പന്തികേടുണ്ടെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് സംശയം തോന്നി. പേര് വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കുക, യുദ്ധത്തില്‍ മരിച്ചാല്‍ ആനുകൂല്യം ലഭിക്കേണ്ട ബന്ധുവിന്റെ വിവരങ്ങള്‍ നല്‍കേണ്ട ഫോറം പൂരിപ്പിച്ച് നല്‍കുന്നതില്‍ കാണിച്ച അമാന്തം. ഇവയൊക്കെ കണ്ടപ്പോള്‍ സംശയം ബലപ്പെട്ടു. അവസാനം ഈ സുഹൃത്തിനോട് മാത്രം മിസ്‌രി സത്യം തുറന്നുപറഞ്ഞു.


ഇടയ്‌ക്കൊരു അവധി കിട്ടിയതും മിസ്‌രി ഗ്രാമത്തിലേക്ക് പോയി. എന്നാല്‍ നാട്ടുപ്രമാണി തന്റെ പിതാവിന് ഭൂമി വിട്ടുനല്‍കിയിട്ടില്ലെന്നറിഞ്ഞതും അവന്റെ രക്തം തിളച്ചു. പ്രമാണിയെ കാണാന്‍ പിതാവ് സമ്മതിച്ചതുമില്ല. പട്ടാളക്യാംപിലേക്ക് തിരിച്ചെത്തിയ മിസ്‌രി ആള്‍മാറാട്ടകഥ പരസ്യപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. യൂണിറ്റ് കമാന്ററുടെ ഓഫിസിലേക്ക് ചെന്ന അവനെ കാത്തിരുന്നത് യുദ്ധം തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ്. ഈജിപ്ഷ്യന്‍ പട്ടാളം സൂയസ് കനാല്‍ കടന്ന് ഇസ്റാഈല്‍ പിടിച്ചെടുത്ത സീനായ് മേഖല മോചിപ്പിക്കാന്‍ തുനിയുകയാണത്രെ. ദേശസ്‌നേഹിയായ മിസ്‌രി അതോടെ തീരുമാനം മാറ്റി യുദ്ധത്തിന് പോകാന്‍ സന്നദ്ധനായി. മുന്നാഴ്ച നീണ്ട ഒക്ടോബര്‍ യുദ്ധത്തിനിടയില്‍ ഒരു സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ മിസ്‌രി രക്തം വാര്‍ന്ന് മരണത്തിന് കീഴടങ്ങി.


മരിച്ചത് ആര്?

മിസ്‌രിയുടെ ശവശരീരവുമായി ഗ്രാമത്തിലേക്ക് പുറപ്പെട്ട സൈനികട്രക്കില്‍ രഹസ്യങ്ങളെല്ലാമറിയുന്ന സുഹൃത്തായ പട്ടാളക്കാരനുമുണ്ടായിരുന്നു. സ്ഥലത്തിന് അടുത്തെത്താറായതും ഒരു ഗ്രാമീണന് അവര്‍ വാഹനത്തില്‍ ഇടം നല്‍കി. പ്രമാണിയുടെ മകന്റെ മൃതദേഹവുമായി പോകുന്നതാണെന്നറിഞ്ഞതും അയാള്‍ അതിശയിച്ചുപോയി. ഇന്ന് രാവിലെയും താന്‍ ആ ചെറുപ്പക്കാരനെ കണ്ടതാണെന്ന് ഗ്രാമീണന്‍ പറഞ്ഞപ്പോള്‍ അമ്പരന്നത് ഒപ്പമുള്ള പട്ടാള ഉദ്യോഗസ്ഥനായിരുന്നു. അതോടെ മിസ്‌രിയുടെ സുഹൃത്തായ പട്ടാളക്കാരന്‍ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞു.


നാട്ടുപ്രമാണിയുടെ വീട്ടിലെത്തിയതും പട്ടാള ഉദ്യോഗസ്ഥന്‍ അവിടെയുള്ള എല്ലാവരേയും ചോദ്യം ചെയ്തു. പ്രമാണിയുടെ മകനാകട്ടെ ഈ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അയാളുടെ തിരിച്ചറിയല്‍ കാര്‍ഡുകളൊക്കെ പിതാവ് മൂന്ന് മാസക്കാലമായി വാങ്ങി കൈയില്‍ വച്ചിരിക്കുകയാണത്രെ. കാര്യങ്ങള്‍ കൈവിട്ടുപോയെന്നറിഞ്ഞതും പ്രമാണി ഫോണില്‍ ആരെയൊക്കെയോ ബന്ധപ്പെട്ടു. ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ അയാള്‍ തയാറായതുമില്ല. വിവരമറിഞ്ഞ് ഗ്രാമീണര്‍ തടിച്ചുകൂടി. മിസ്‌രി തന്റെ മകനാണെന്ന് അവകാശപ്പെട്ട് കാവല്‍ക്കാരനും കരഞ്ഞുകൊണ്ട് ഓടിവന്നു. മൃതദേഹവുമായി പട്ടാള ഉദ്യോഗസ്ഥന്‍ ഗ്രാമത്തിലെ പൊലിസ് സ്റ്റേഷനിലേക്ക് ചെന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അമ്പരന്ന് നില്‍ക്കുകയാണ് അവിടത്തെ പൊലിസുകാര്‍. പ്രമാണിക്കെതിരെ വിരലനക്കാന്‍ അവര്‍ക്ക് ധൈര്യമില്ല.


എന്തായാലും കേസന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥലത്തെത്തി. ക്രൂരനായ പ്രമാണിക്കെതിരെ നടപടി എടുക്കണമെന്നും ശുദ്ധമായ ആള്‍മാറാട്ടമാണ് നടന്നിരിക്കുന്നതെന്നും ഗ്രാമീണര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. സത്യസന്ധനായ പ്രോസിക്യൂട്ടര്‍ മിസ്‌രിക്ക് മരണശേഷമെങ്കിലും നീതികിട്ടിയേ തീരൂവെന്ന കര്‍ശനനിലപാടിലെത്തിച്ചേര്‍ന്നു. ആള്‍മാറാട്ടവും രാജ്യദ്രോഹവുമാണ് നടന്നിരിക്കുന്നത്. രേഖകളില്‍ തിരിമറി നടത്തിയ ഇടനിലക്കാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ സംഭവിച്ചിട്ടും പ്രമാണി മാത്രം വായതുറക്കുന്നതേയില്ല.


പ്രമാണി ആരെയാണോ കാത്തിരുന്നത് അവര്‍ അവസാനം അയാളുടെ തുണയ്‌ക്കെത്തുകതന്നെ ചെയ്തു. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം പബ്ലിക് പ്രോസിക്യൂട്ടറെ തേടിയെത്തി. ഈ കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. സൈന്യവുമായി ബന്ധപ്പെട്ട കേസില്‍ പൊലിസ് ഇടപെട്ടത് തന്നെ ഗുരുതരമായ തെറ്റാണ്. മരിച്ചത് ഒരു പട്ടാളക്കാരനാണ്. രാജ്യം യുദ്ധസാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. പേരിനൊരു വെടിനിര്‍ത്തലേ പ്രഖ്യാപിച്ചിട്ടുള്ളൂ. ഈ വാര്‍ത്ത എങ്ങാനും പുറത്തറിഞ്ഞാല്‍ രാജ്യത്തിന്റെ അന്തസ്സാണ് കളങ്കപ്പെടുന്നത്. എത്രയും വേഗം രക്തസാക്ഷിയായ സൈനികനെ മറമാടണം. അതും നാട്ടുപ്രമാണിയുടെ മകനെന്ന പേരില്‍ തന്നെ.
മേലുദ്യോഗസ്ഥന്റെ മുന്നില്‍ നിസ്സഹായനായി നില്‍ക്കാനേ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കഴിഞ്ഞുള്ളൂ. മിസ്‌രിയുടെ മൃതശരീരം സ്വന്തം പിതാവിന് വിട്ടുകൊടുക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറായില്ല. അജ്ഞാതമായ എവിടെയെങ്കിലുമേ മിസ്‌രിയെ അടക്കം ചെയ്യൂ. യുദ്ധത്തില്‍ രക്തസാക്ഷിയായ സൈനികന്റെ കുടുംബത്തിന് ലഭിക്കുന്ന മരണാനന്തര ബഹുമതികളും നഷ്ടപരിഹാരവും നാട്ടുപ്രമാണിക്കേ ലഭിക്കൂ. അത് കാവല്‍ക്കാരന് കൈമാറാന്‍ പ്രമാണി തയാറേയല്ല. അങ്ങനെ ചെയ്താല്‍ അത് താന്‍ ചെയ്ത കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്കറിയാം.

നീതിനിഷേധത്തിന്റെ
ആര്‍ത്തനാദം

മാതൃരാജ്യത്തിനായി യുദ്ധമുന്നണിയില്‍ ധീരമായി പൊരുതി രക്തസാക്ഷിയായ സൈനികന് മരണശേഷം പോലും നീതി ലഭിക്കാന്‍ അധികാരവും പണവുമുള്ളവര്‍ തയ്യാറാകാത്ത ദയനീയ ചിത്രമാണ് യൂസുഫുല്‍ ഖഈദിന്റെ 'അല്‍ഹര്‍ബ് ഫീ ബര്‍റി മിസ്ർ'. മണ്ണിലും യുദ്ധത്തിലും ജീവന്‍ ബലിയര്‍പ്പിക്കാന്‍ പാവങ്ങള്‍ തയാറാകുമ്പോള്‍ അതിന്റെ നേട്ടങ്ങളൊക്കെ ഇവിടെ തട്ടിയെടുക്കുന്നത് സമൂഹത്തിലെ ഉള്ളവര്‍ മാത്രമാണ്. പാവങ്ങള്‍ എന്നും ചൂഷിതരായി തുടരുന്ന ഭീകരചിത്രമാണ് നോവല്‍ പങ്കുവയ്ക്കുന്നത്.
ആറ് പ്രധാന കഥാപാത്രങ്ങള്‍ തങ്ങളുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ മിസ്‌രിയുടെ കഥ പറയുന്ന പോളിഫോണിക് സങ്കേതമാണ് കഥാരചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. സോഷ്യലിസ്റ്റ് ഭൂപരിഷ്‌കരണനയം, 1973 ലെ ഒക്ടോബര്‍ യുദ്ധം എന്നീ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയായിട്ടും രാഷ്ട്രീയം ഒട്ടും പറയാതിരിക്കാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. 2001 ല്‍ സിറിയയിലെ അറബ് റൈറ്റേഴ്‌സ് യൂണിയന്‍ അറബിയിലെ ഏറ്റവും മികച്ച നൂറ് നോവലുകളുടെ പട്ടിക തയാറാക്കിയപ്പോള്‍ നാലാം സ്ഥാനത്തെത്തിയ കൃതിയാണ് 'അല്‍ഹര്‍ബ് ഫീ ബര്‍റി മിസ്ർ'. 1991 ല്‍ 'അല്‍ മുവാതിന്‍: മിസ്‌രി' എന്ന പേരില്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ സ്വലാഹ് അബൂസൈഫ് ഈ നോവല്‍ ചലചിത്രമാക്കി മാറ്റി. വിഖ്യാത അറബ്ഹോളിവുഡ് താരമായിരുന്ന ഒമര്‍ ശരീഫായിരുന്നു ചിത്രത്തില്‍ നാട്ടുപ്രമാണിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago