'കണ്ണികള്‍ മുറിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ളതല്ല നിയമങ്ങള്‍'; വസ്ത്രത്തോടെ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിം കോടതി
മുംബൈ: ബോംബെ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.
ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. കണ്ണികള്‍ മുറിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ളതല്ല നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് ബെഞ്ച് വ്യക്തമാക്കി. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്ന നിര്‍ണായക പരാമര്‍ശവും സുപ്രിംകോടതി നടത്തി.
തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍പ്പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്ന് കോടതി വിധിയില്‍ പറയുന്നു. 31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തില്‍ കയറിപ്പിടിച്ച കേസില്‍ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതായിരുന്നു ഈ വിവാദ പരാമര്‍ശം. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരത്തില്‍ പിടിക്കുന്നത് വസ്ത്രം മാറ്റിയിട്ടില്ലെങ്കില്‍ അതും ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിയെ പോക്‌സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷക്കാണ് ജഡ്ജി വിധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."