വിവാദങ്ങള്‍ക്കിടെ ട്വിസ്റ്റ്; ഹലാല്‍ ശര്‍ക്കരയെന്ന് ആരോപിച്ച ശര്‍ക്കര കമ്പനി ശിവസേന നേതാവിന്റെ ഉടമസ്ഥതയിലുള്ളത്
തിരുവനന്തപുരം: ശബരിമലയില്‍ ഉപയോഗിച്ച ശര്‍ക്കരയെ ചൊല്ലി വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ വന്‍ട്വിസ്റ്റ്. ശര്‍ക്കര വിവാദം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കമെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്. മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള കമ്പനിയല്ല ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നതെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകള്‍ പറയുന്നത്. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നത്. ഇതുമാത്രമല്ല, കമ്പനി ചെയര്‍മാന്‍ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമാണ്.
പത്തു വര്‍ഷമായി കൃഷി-അനുബന്ധ മേഖലയില്‍ സജീവമായ കമ്പനിയാണ് ധ്യാന്‍ദേവിന്റെ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീല്‍ ധ്യാന്‍ദേവ് കദം, വിക്രംശീല്‍ ധ്യാന്‍ദേവ് കദം, ഗീതാഞ്ജലി സത്യശീല്‍ കദം, സുനിത ധൈര്യശീല്‍ കദം, തേജസ്വിനി വിക്രംശീല്‍ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടര്‍മാര്‍.
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തില്‍ ശിവസേനാ സ്ഥാനാര്‍ത്ഥിയായിരുന്നു ധ്യാന്‍ദേവ്. സതാര ജില്ലയിലെ മണ്ഡലത്തില്‍ എന്‍സിപിയുടെ ബാലാസാഹെബ് പന്‍ദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. പിന്നീട് 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും ധ്യാന്‍ദേവ് മത്സരിച്ചിരുന്നു. എന്നാല്‍ 2009 മുതല്‍ ജയിച്ചുവരുന്ന പാട്ടീല്‍ തന്നെയായിരുന്നു വിജയി.
ധ്യാന്‍ദേവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാല്‍ നിറയെ ശിവസേനയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. നവംബര്‍ 17ലെ താക്കറെ ഓര്‍മദിനത്തില്‍ വരെ ഇദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
[caption id="attachment_984855" align="alignnone" width="815"] ധ്യാന്‍ദേവ് കദമിന്‍റെ ഇന്‍സ്റ്റഗ്രാം പേജ്[/caption]
ശര്‍ക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയില്‍ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡര്‍. ഈ മേഖലയിലെ ഹോള്‍സെയില്‍ വമ്പന്മാരാണ് വര്‍ധന്‍ ആഗ്രോ പ്രൊസസിങ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പായ്ക്കിങ്ങില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നത്.
ശബരിമലയില്‍ അരവണ, അപ്പം നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതാണ് സംഘ്പരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്. ശബരിമലയില്‍ പോലും ഹലാല്‍ ശര്‍ക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന കൂടി വന്നതോടെ വിഷയം ബി.ജെ.പിയും ഏറ്റെടുത്തു.
ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നതിനെതിരെ ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും വിശദീകരണം തേടുകയും ചെയ്തു. മറ്റു മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ശബരിമലയില്‍ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങള്‍ പരിശുദ്ധവും പവിത്രവുമായിരിക്കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന നടപടിയാണെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."