മുന്നോക്ക സംവരണം; സര്‍ക്കാര്‍ പിന്നോക്ക ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നു
കോഴിക്കോട്
മുന്നോക്ക സംവരണം നടപ്പാക്കുമ്പോള്‍ അതു നിലവിലെ സംവരണ സമുദായങ്ങള്‍ക്ക് നഷ്ടം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളേ തെറ്റിദ്ധരിപ്പിക്കാന്‍. സാമുദായിക സംവരണ വിഭാഗത്തിന്റെ 50 ശതമാനം കവരില്ലെന്നു പറയുമ്പോഴും ഈ വിഭാഗങ്ങള്‍ക്കു കൂടി ജനറല്‍ സീറ്റിലേക്കുള്ള 10 ശതമാനമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് മാത്രമായി നീക്കിവച്ചിരുക്കുന്നത്. ഇങ്ങനെ പിന്നോക്ക വിഭാഗങ്ങള്‍ക്കു മത്സരിക്കാനുള്ള 10 ശതമാനം സീറ്റ് നഷ്ടപ്പെടുമ്പോള്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മത്സരമില്ലാതെ സര്‍ക്കാര്‍ സര്‍വിസുകളില്‍ കയറിപ്പറ്റാന്‍ 10 ശതമാനം സീറ്റ് അധികം ലഭിക്കുന്നു.
സംവരണേതര വിഭാഗത്തില്‍ ഒരുവിഭാഗം പരമദരിദ്രരാണെന്നും അവരുടെ ഉന്നമനത്തിനാണ് സാമ്പത്തിക സംവരണമെന്നുമാണ് മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിച്ചത്. എന്നാല്‍ സാമ്പത്തിക പിന്നോക്കം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ ദരിദ്രരെ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. ആനുകൂല്യത്തിനുള്ള കുടുംബ വാര്‍ഷിക വരുമാനപരിധി നാലു ലക്ഷമാണ്. കുടുംബസ്വത്ത് പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയില്‍ 75 സെന്റും കോര്‍പറേഷനില്‍ 50 സെന്റുമാണ്. കുടുംബത്തിന്റെ വീട്ടുവളപ്പിന്റെ വിസ്തൃതി മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്റിലും കോര്‍പറേഷന്‍ പ്രദേശത്ത് 15 സെന്റിലും കൂടാന്‍ പാടില്ല. ഇത്രയും ആസ്തികളുള്ള ഒരു കുടുംബത്തെ എങ്ങനെ ദരിദ്രവിഭാഗത്തില്‍പ്പെടുത്താന്‍ കഴിയും.
മാത്രമല്ല, എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, യാത്രാബത്ത, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ മേഖലകളിലെ ഹൗസ് പ്ലോട്ടിലെ കാര്‍ഷിക വരുമാനം എന്നിവ വാര്‍ഷിക വരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇത്രയും ഉദാരമായ മാനദണ്ഡങ്ങള്‍വച്ച് മുന്നോക്ക സംവരണത്തിന് യോഗ്യത നല്‍കുമ്പോള്‍ ആ വിഭാഗത്തിലെ കൂടുതല്‍ പേര്‍ക്ക് അനായാസം സര്‍ക്കാര്‍ സര്‍വിസുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയാണ് ചെയ്യുക. ഇതിലൂടെ ഭരണനിര്‍വഹണത്തില്‍ ജനസംഖ്യാനുപാതിക പ്രതിനിധ്യം എന്ന സംവരണത്തിന്റെ ലക്ഷ്യംതന്നെ അട്ടിമറിക്കപ്പെടും. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വേയും സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ചിരിക്കുകയാണ്. ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അശാസ്ത്രീയമായ ഒരുസര്‍വേയിലൂടെ എങ്ങനെ പിന്നോക്കാവസ്ഥ നിര്‍ണയിക്കാന്‍ കഴിയുമെന്നും ചോദ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."