വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് ബസ് ഉടമകൾ
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ചാർജ് വർധനവ് അംഗീകരിക്കില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി കൺവീനർ ടി ഗോപിനാഥ് പറഞ്ഞു.
നവംബർ ഒന്നിന് ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം മന്ത്രിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന് പിൻവലിച്ചിരുന്നു. ഇന്നലെ ഗതാഗതമന്ത്രിയുമായി വീണ്ടും ബസ് ഉടമകൾ ചർച്ച നടത്തിയിരുന്നു. ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ മിനിമം ചാർജ് 12 രൂപയാക്കണം എന്ന ആവശ്യം സർക്കാർ അംഗീകരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യവും മന്ത്രി ഇത് വരെ അംഗീകരിച്ചിട്ടില്ല. അതേസമയം, ചാർജ് വർധനയുണ്ടാൽ വലിയ സമരങ്ങളുമായി രംഗത്തുവരുമെന്ന് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. ചാർജ് വർദ്ധനയുടെ കാര്യത്തിൽ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."