ഏഴ് മണിക്കൂര്‍ മോര്‍ച്ചറിയിലെ ഫ്രീസറില്‍; മരിച്ചെന്ന് കരുതിയ യുവാവ് തിരികെ ജീവിതത്തിലേക്ക്
ലഖ്‌നോ: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവാവിന് ഏഴ് മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. 40 വയസുള്ള ശ്രീകേഷ് കുമാര്‍ എന്ന യുവാവാണ് ജീവനോടെ ഡോക്ടറുടെ അശ്രദ്ധ കൊണ്ട് ജീവനോടെ ഏഴുമണിക്കൂര്‍ ഫ്രീസറില്‍ കഴിയേണ്ടിവന്നത്.
ബൈക്ക് അപകടത്തെത്തുടര്‍ന്നാണ് വ്യാഴാഴ്ച്ച രാത്രി ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ ഇയാള്‍ മരിച്ചതായി അറിയിച്ചു. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഏഴ് മണിക്കൂറിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മരിച്ചിട്ടില്ല എന്ന വ്യക്തമായത്.
മോര്‍ച്ചറിയില്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ 'മൃതദേഹം' തിരിച്ചറിയുന്നതിനിടെ ശ്രീകേഷിന്റെ സഹോദരഭാര്യയാണ് യുവാവിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഇവര്‍ ബഹളംവെയ്ക്കുകയും യുവാവ് മരിച്ചിട്ടില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. സഹോദരന്‍ ശ്വാസമെടുക്കുന്നതായും യുവതി പറഞ്ഞു. ഇതോടെ പൊലിസും ജീവനക്കാരും ഡോക്ടര്‍മാരെ വിവരമറിയിക്കുകയും യുവാവിനെ മോര്‍ച്ചറിയില്‍നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
അതേസമയം, ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ക്ക് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നും അതിനാലാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയതെന്നുമാണ് അധികൃതരുടെ വാദം. ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."