കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍: മോദിയുടെ പടിയിറക്കത്തിന്റെ തുടക്കമെന്ന് കെ.സുധാകരന്‍
തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം മോദിയുടെ പടിയിറക്കത്തിന്റെ തുടക്കമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ലഖിപൂരില്‍ ചിതറി വീണ ചോരത്തുള്ളികള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണമെന്നും സുധാകരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം.കോണ്‍ഗ്രസ് കുതിര ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മോഡിയുടെ പടിയിറക്കം.
കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. പിന്‍വലിക്കാനല്ല നടപ്പിലാക്കാനാണ് ബില്‍ കൊണ്ടുവന്നതെന്ന ബിജെപി യുടെ വെല്ലുവിളി കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ ഒലിച്ചു പോയി.
ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കര്‍ഷക ജനത നടത്തിയ പോരാട്ടം വിവരണാതീതം. ഐതിഹാസികം!
കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണല്‍ കാറ്റ്...സമരഭൂവില്‍ അവസാനിച്ചു പോയവര്‍ 750 ല്‍ ഏറെ. ലക്കീം പൂരില്‍ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി.
നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികള്‍, ജീവന്‍ നിലനിര്‍ത്താന്‍ മാത്രമുള്ള ഭക്ഷണം...കൊടും വേനലും അതി ശൈത്യവും.... സമാനതകളില്ലാത്ത ത്യാഗം സഹിച്ചു സമരത്തില്‍ അണിനിരന്നവര്‍ അവരുടെ പോരാട്ട വീര്യത്തെ രാജ്യം അഭിവാദ്യം ചെയ്യുന്നു. നിങ്ങളെ ഈ നാട് നമിക്കുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എല്ലാ പോരാളികളെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു.
ലഖിപൂരില്‍ ചിതറി വീണ ചോരത്തുള്ളികള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം.
യു പി ഇന്ന് ഇളകി മറിയുകയാണ്...പതിനായിരങ്ങളാണ് പ്രിയങ്കയെ കേള്‍ക്കാന്‍ ഒഴുകിയെത്തുന്നത്... രാജ്യത്തിനു ഭാവിയുടെ പ്രതീക്ഷയായി നിങ്ങള്‍ മാറിക്കഴിഞ്ഞു. ഫാസിസം തകരണമെങ്കില്‍ കോണ്‍ഗ്രസ് വളരണം.
കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഫാസിസം വളരും.
ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം.
കോണ്‍ഗ്രസ് കുതിര ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."