ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: നിയമവിരുദ്ധമായി ദത്തുനല്‍കപ്പെട്ട പേരൂര്‍ക്കട സ്വദേശിനി അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിച്ച കുഞ്ഞിനെ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് കൈമാറി. മൂന്ന് പൊലിസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗവുമടക്കമുള്ള നാലംഗസംഘം അതീവരഹസ്യമായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഈ സമയം അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സമരത്തില്‍ ആയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്.
കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികള്‍ ആദ്യംകുഞ്ഞിനെ വിട്ടുതരാന്‍ തയാറായിരുന്നില്ല. എന്നാല്‍, ശിശുക്ഷേമസമിതിയുള്പ്പെടെയുള്ള അധികൃതര്‍ ദമ്പതികളുമായി നേരിട്ട് സംസാരിക്കുകയും നിയമനടപടികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ വിട്ടുനല്‍കിയത്. വൈകാരികതയും നാടകീയതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് മാസങ്ങളോളം വളര്‍ത്തിയ കുഞ്ഞിനെ ദമ്പതികള്‍ കൈമാറിയതെന്നാണ് സൂചന. ഇക്കാരണത്താലാണ് കേരളാസംഘം മടങ്ങിയെത്താനും വൈകിയത്.
തിരുവനന്തപുരത്തെത്തിയ സംഘം മാധ്യമങ്ങള്‍ക്ക് മുഖം കാണിക്കാതെ നേരിട്ട് ശിശുസംരക്ഷണ ഓഫിസര്‍ക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു. കുഞ്ഞിനെ തിരിച്ചറിയുന്ന വിധത്തിലുള്ള യാതൊന്നും പരസ്യപ്പെടുത്തരുതെന്ന് മാധ്യമങ്ങള്‍ക്ക് ശിശുസംരക്ഷണസമിതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. വൈദ്യ, ഡി.എന്‍.എ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയാണ് ഇനിയുള്ള നടപടി. തുടര്‍ന്ന് കുഞ്ഞിനെ വളര്‍ത്താനും സംരക്ഷിക്കാനുമുള്ള അനുപമയുടെ ശേഷി അന്വേഷിക്കും. ഇതോടൊപ്പം ഈ വിഷയത്തില്‍ കോടതി മുമ്പാകെയുള്ള കേസിലെ അന്തിമ ഉത്തരവും നിര്‍ണായകമാണ്. ഇതിനെല്ലാം ശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമറുക. എന്നാല്‍, ഔദ്യോഗികമായി കൈമാറും മുമ്പ് കുഞ്ഞിനെ കാണാനുള്ള അവസരം അനുപമക്ക് കര്‍ശന വ്യവസ്ഥകളോടെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."