കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം
സംസ്ഥാനത്ത് നാൾക്കുനാൾ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഇതുവരെ 64 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനകളും കാട്ടുപന്നികളുമാണ് കർഷകർക്ക് ഏറ്റവുമധികം ദ്രോഹം വരുത്തിവയ്ക്കുന്നത്. ഇതിൽ കാട്ടുപന്നിയാണ് ഏറ്റവുമധികം ഭീഷണി. നേരിൽക്കാണുന്ന മനുഷ്യരെയും കാട്ടുപന്നികൾ ആക്രമിച്ച് കൊല്ലുകയാണ്. രണ്ടുപേരെ ഈ വർഷം കാട്ടുപന്നികൾ കൊന്നു. കാട്ടുപന്നികൾ വരുത്തുന്ന കൃഷിനാശത്തിൽ മനംമടുത്ത കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോൾ.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിരവധിതവണ കത്തുനൽകിയെങ്കിലും മറുപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിട്ടുകണ്ട് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അനുഭാവപൂർവം പരിഗണിക്കാമെന്ന കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പ്രതിഫലിക്കുന്നത് പ്രശ്നപരിഹാരം നീളുമെന്നാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാൻ അനുമതിനൽകിയാൽ നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചത്.
വനത്തിൽകയറി കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതിയല്ല കർഷകർ ആവശ്യപ്പെടുന്നത്. കൃഷിയിടങ്ങൾ നശിപ്പിക്കുന്നവയെ കൊല്ലാനുള്ള അനുമതിയാണ് ആവശ്യം. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നതിനും വിളകൾ നശിപ്പിക്കുന്നതിനും കാരണമായി പറയുന്നത് വനം കൈയേറി കൃഷി ചെയ്യുന്നതിനാലാണെന്നാണ്. വനം കൈയേറുമ്പോൾ കാട്ടുമൃഗങ്ങൾ പ്രത്യേകിച്ച് കാട്ടാനകളും കാട്ടുപന്നികളും കൃഷിയിടങ്ങളിലിറങ്ങി വിളകൾ തിന്ന് നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, വർഷങ്ങൾക്കുമുമ്പ് തന്നെ കുടിയേറ്റ കർഷകർ മലമ്പ്രദേശങ്ങളിൽ കൃഷിചെയ്യാൻ തുടങ്ങിയിരുന്നു. അക്കാലങ്ങളിൽ ഇന്നത്തേതുപോലെ രൂക്ഷമായിരുന്നില്ല കാട്ടുപന്നികളുടെ ആക്രമണം. തപ്പുകൊട്ടിയാലും തീകത്തിച്ചാലും കാടുകളിലേക്ക് മടങ്ങുന്ന കാട്ടുപന്നികളുടെ മുമ്പിൽ അത്തരം വിദ്യകളൊന്നും ഇന്ന് വിലപ്പോകുന്നില്ല.
മലമ്പ്രദേശങ്ങളിൽ ഇന്ന് കൃഷി ചെയ്യുന്ന കർഷകരും കുറവാണ്. പറമ്പുകളിലും വയലുകളിലും കൃഷി ചെയ്യുന്ന വിളവുകളാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. വളർത്തുമൃഗങ്ങളെയും അവ കൊന്നു തിന്നുന്നു. വന വിസ്തൃതി കുറഞ്ഞതാണ് കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ആക്രമണം കാണിക്കാൻ മറ്റൊരു കാരണമായി പറയുന്നത്. അങ്ങനെയാണെങ്കിൽ അതിന്റെ ഉത്തരവാദികൾ കർഷകരല്ല, സർക്കാർ തന്നെയാണ്. സ്വാഭാവിക വനം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് സർക്കാരാണ്. വനത്തിൽ തേക്കും യൂക്കാലിപ്സും സർക്കാർ മേൽനോട്ടത്തിൽ കൃഷിചെയ്യുമ്പോൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥയാണ് താളം തെറ്റുന്നത്. സ്വാഭാവിക വനം ഇല്ലാതാകുമ്പോൾ വനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കാട്ടുമൃഗങ്ങളുടെ ജീവിതസന്ധാരണത്തെയാണ് അത് ഗുരുതരമായി ബാധിക്കുന്നത്. അക്കേഷ്യ മരങ്ങളെപ്പോലെ ഭൂഗർഭജലം അമിതമായി ഊറ്റുന്ന വർഗത്തിൽപ്പെട്ടതാണ് തേക്കും യൂക്കാലിപ്സും. സർക്കാർ മേൽനോട്ടത്തിൽ സ്വാഭാവിക വനം നശിപ്പിച്ച് അവിടെ ഭൂഗർഭജലം ഊറ്റുന്ന മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ വെള്ളം വറ്റിയ, ഭക്ഷണം കിട്ടാത്ത വരണ്ട കാട്ടിൽ നിന്ന് ജീവജാലങ്ങൾ അതിജീവനത്തിനായി പരക്കംപായുക സ്വാഭാവികം. അങ്ങനെയാണ് കാട്ടുപന്നികൾ വീട്ടുമുറ്റങ്ങളിൽ വരെയെത്തി കോഴിയെയും ആടിനെയും കൊല്ലുന്നതും കൃഷി നശിപ്പിക്കുന്നതും. കാലത്ത് വാതിൽ തുറക്കുന്ന വീട്ടുകാർ കാണുന്നത് കൃഷി നശിപ്പിച്ച് മുറ്റത്ത് കറങ്ങുന്ന കാട്ടുപന്നിയെയാണ്. ഇതിനെ കൊല്ലാൻ പാടില്ലെന്നും കൊല്ലാൻ നിയമമുണ്ടാക്കിയാൽ ദുരുപയോഗപ്പെടുമെന്നുള്ള കേന്ദ്രമന്ത്രിയുടെ വാദം അസംബന്ധമാണ്. ഇപ്പോൾ തന്നെ പല സംസ്ഥാനങ്ങൾക്കും കാട്ടുപന്നി പോലുള്ള ക്ഷുദ്രജീവികളെ വെടിവച്ചുകൊല്ലാനുള്ള അനുമതി കേന്ദ്രം നൽകിയിട്ടുണ്ട്. കേരളത്തിൽ മാത്രം കർഷകർ നിയമം ദുരുപയോഗം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറയുന്നത് എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.
കർഷകർക്ക് സഹായകമായ നിലപാടെടുക്കേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ അവരെ ദ്രോഹിക്കുകയാണ്. കുറ്റവാളികളോടെന്നപോലെയാണ് കർഷകരോടുള്ള അവരുടെ പെരുമാറ്റം. കർഷകരെ ദ്രോഹിക്കുകയും വനം മാഫിയകളെ സഹായിക്കുകയും ചെയ്യുന്ന നിലപാടുകളാണ് പല വനം ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നത്. സ്വന്തം വീട്ടുവളപ്പിൽ നിന്ന് മരംമുറിച്ചാൽ കർഷകനെതിരേ കേസെടുക്കുന്ന ഉദ്യോഗസ്ഥർ വനം മാഫിയകൾ ലോഡ് കണക്കിന് മരം വനത്തിനുള്ളിൽനിന്ന് മുറിക്കുന്നതിന് കൈക്കൂലി വാങ്ങി എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. കൈമടക്ക് കിട്ടാനായി കർഷകർക്കെതിരേ കള്ളക്കേസുകൾ ചുമത്തുന്നത് ചില വനം വകുപ്പ് ജീവനക്കാർ തുടർന്നുപോരുന്ന പതിവ് ചര്യകളാണ്.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിലാണ് കാട്ടുപന്നികളുടെ കൃഷിയിടങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിച്ചത്. എന്തുകൊണ്ടാണ് കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നതെന്നത് സംബന്ധിച്ച് പഠനം നടത്താൻ വനംവകുപ്പ് ഇതുവരെ തയാറായിട്ടില്ല. പഠനം നടന്നാൽ കാടിനെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെയാണ് അന്തകരായിത്തീരുന്നതെന്ന റിപ്പോർട്ടായിരിക്കും പുറത്തുവരിക. അതുകൊണ്ടായിരിക്കണം ഇത്തരമൊരു ഉദ്യമത്തിന് വനം വകുപ്പും ഉദ്യോഗസ്ഥരും മുതിരാതിരിക്കുന്നത്. കാട്ടുപന്നികളെ കൊല്ലാൻ അനുവദിക്കാതെ നീട്ടിക്കൊണ്ടുപോവുകയാണെങ്കിൽ മനുഷ്യർക്ക് കൃഷി ചെയ്യാനോ സ്വസ്ഥമായി ജീവിക്കാനോ കഴിയാത്ത സാഹചര്യമുണ്ടാകും.
പെറ്റുപെരുകുന്ന ജീവിയാണ് പന്നി. ഒരു പ്രസവത്തിൽ തന്നെ നിരവധി കുഞ്ഞുങ്ങൾക്കാണ് ജന്മം കൊടുക്കുന്നത്. ചുരുങ്ങിയ മാസത്തിനുള്ളിൽ അവ വീണ്ടും പെറ്റുപെരുകുന്നു. കാട്ടിനുള്ളിൽ ഇവയ്ക്ക് വെള്ളവും ഭക്ഷണവും കിട്ടാതെ വരുമ്പോൾ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ആടുമാടുകളെ കൊല്ലുകയുമാണ്. ഈ അവസരത്തിൽ പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന കാട്ടുപന്നികളെ കൊല്ലുകയല്ലാതെ വേറെ വഴികളൊന്നുമില്ല. അതിനുവേണ്ടത് നിബന്ധനകളോടെ കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകലാണ്. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഇതര സംസ്ഥാനങ്ങളിൽ അനുമതി നൽകിയതുപോലെ കേരളത്തിനും അനുമതി നൽകാൻ കേന്ദ്രം സന്നദ്ധമാകണം. മനുഷ്യനാണ് ഏതൊരു സർക്കാരും പ്രഥമ പരിഗണന നൽകേണ്ടത്, കാട്ടുമൃഗങ്ങൾക്കല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."