കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം: കെ.എസ്.യു കോടതിയിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയില്‍ പുനര്‍നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു കോടതിയിലേക്ക്.
60 വയസ് കഴിഞ്ഞവരെ വി.സിയായി നിയമിക്കരുതെന്ന സര്‍വകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്ന് കെ.എസ്.യു പറയുന്നു. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം നിയമപരമായി നിലനില്‍ക്കില്ല. സി.പി.എമ്മിന്റെ ഇഷ്ടക്കാരെ നിയമിക്കാനാണ് ഈ നടപടിയെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കാലാവധി അവസാനിക്കുന്ന ദിവസമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ പുനര്‍നിയമനം നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ പ്രകാരമാണ് പുനര്‍നിയമനം. ഇതോടെ പുതിയ വി.സി നിയമനത്തിനായി പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദാക്കുകയും സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ക്ക് രണ്ട് തവണയായി എട്ട് വര്‍ഷത്തേക്ക് നിയമനം നല്‍കുന്നത്. 2025 നവംബര്‍വരെ ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയില്‍ തുടരാനാകും. കാലിക്കറ്റ് സര്‍വകലാശാല ആക്ട് നിലവില്‍ വരുംമുമ്പ് ഓര്‍ഡിനന്‍സ് പ്രകാരം പ്രഫ. എം.എം. ഗനിയെ മൂന്ന് വര്‍ഷത്തേക്ക് ആദ്യ വൈസ് ചാന്‍സലറായി നിയമിക്കുകയും പിന്നീട് മൂന്നുവര്‍ഷം കൂടി കാലാവധി ദീര്‍ഘിപ്പിച്ചതുമാണ് ഇതിന് മുമ്പുള്ള ഏക കീഴ്‌വഴക്കം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയ വി.സിയെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുകയും അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. വി.സി പദവിയിലേക്ക് പരിഗണിക്കാനുള്ള അപേക്ഷ ഈ മാസം 30വരെ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരിക്കെയാണ് സര്‍ക്കാര്‍ സെര്‍ച് കമ്മിറ്റി പിരിച്ചുവിടുന്നതും നിലവിലുള്ള വി.സിക്ക് പുനര്‍നിയമനം നല്‍കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."