'ഭക്ഷണം കളിക്കാരുടെ ഇഷ്ടം പോലെ' ; 'ഹലാല്‍ ഡയറ്റ് പ്ലാന്‍' വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഭക്ഷണ മെനു സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ബി.സി.സി.ഐ ട്രഷറര്‍. കളിക്കാര്‍ എന്തു കഴിക്കണമെന്നത് അവരുടെ താല്‍പര്യമനുസരിച്ചാണെന്നും ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.
കളിക്കാര്‍ക്ക് ബീഫും പോര്‍ക്കും നിരോധിച്ചുകൊണ്ടും മറ്റു മാംസ ഇനങ്ങള്‍ 'ഹലാല്‍' ആയിരിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടും ബി.സി.സി.ഐ 'ഡയറ്റ് പ്ലാന്‍' നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതു സംബന്ധിച്ച് ബി.സി.സി.ഐയുടെ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണമാണ് അരുണ്‍ ധുമാലിന്‍േറത്.
'ഇത് (ഭക്ഷണക്രമം) ചര്‍ച്ച ചെയ്യാറോ നിര്‍ബന്ധിക്കാറോ ഇല്ല. ഇങ്ങനെയൊരു തീരുമാനം എന്നെടുത്തുവെന്നോ അങ്ങനെ ഉണ്ടോ എന്നു പോലുമറിയില്ല. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാറില്ല. അത് കളിക്കാരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ബിസിസിഐക്ക് അതില്‍ പങ്കില്ല' അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേയോടാണ് ധുമാലിന്റെ പ്രതികരണം.
മാസഭക്ഷണം വേണോ, സസ്യാഹാരം വേണോ എന്നതൊക്കെ കളിക്കാരുടെ ഇഷ്ടമനുസരിച്ച് തീരുമാനിക്കാമെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്ത് കഴിക്കണം, കഴിക്കരുത് എന്ന് ബിസിസിഐ കളിക്കാരോട് നിര്‍ദേശിക്കാറില്ല. ഭക്ഷണം തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വെജിറ്റേറിയന്‍ വേണമെങ്കില്‍ അതവരുടെ സ്വാതന്ത്ര്യം. വീഗന്‍ ആകണമെങ്കില്‍ അതും അവരുടെ സ്വാതന്ത്ര്യം. നോണ്‍ വെജ് ആകുന്നുവെങ്കില്‍ അതും അവരുടെ ചോയ്‌സ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ടി20 പരമ്പരയിലെ മൂന്നു മത്സരവും ഇന്ത്യ ജയിച്ചിരുന്നു. നവംബര്‍ 25ന് കാന്‍പൂരില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാണ് നായകന്‍. വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."