'സാമ്പത്തികം, അതിര്‍ത്തി സുരക്ഷ, വിദേശ നയം...മോദി സര്‍ക്കാര്‍ എല്ലാത്തിലും പരാജയം; ആരാണ് ഉത്തരവാദി?' കേന്ദ്രത്തിനെതിരെ വീണ്ടും സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ബി.ജെ.പി രാജ്യസഭാ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമി വീണ്ടും. 'മോദി ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്' പ്രസിദ്ധീകരിച്ചാണ് സ്വാമിയുടെ പരിഹാസം.
നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും അതിനെല്ലാം ഉത്തരവാദി താനാണോയെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
'മോദി ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്:
സാമ്പത്തിക രംഗം പരാജയം
അതിര്‍ത്തി സുരക്ഷ പരാജയം
വിദേശ നയം അഫ്ഗാനിലെ തോല്‍വി
ദേശീയ സുരക്ഷ പെഗാസസ് എന്‍.എസ്.ഒ
ആഭ്യന്തര സുരക്ഷ കശ്മീരിലെ ഇരുട്ട്
ആരാണ് ഉത്തരവാദി സുബ്രമണ്യന്‍ സ്വാമി'
എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.
Modi Government's Report Card:
— Subramanian Swamy (@Swamy39) November 24, 2021
Economy---FAIL
Border Security--FAIL
Foreign Policy --Afghanistan Fiasco
National Security ---Pegasus NSO
Internal Security---Kashmir Gloom
Who is responsible?--Subramanian Swamy
സ്വാമി തൃണമൂലിലേക്കെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ബി.ജെ.പി സര്‍ക്കാറിനെതിരായ ഈ രൂക്ഷ വിമര്‍ശനം. ഇന്നലെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സുബ്രമണ്യന്‍ സ്വാമി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ബംഗാളില്‍ ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മമതയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് അവരെ കണ്ടതെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. അപ്പോഴും കേന്ദ്രത്തിനെതിരെ ഒരു കുത്തുണ്ടായിരുന്നു സ്വാമിയുടെ ഭാഗത്തു നിന്ന്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ രാജ്യത്തിന് ഒരു ആഭ്യന്തര മന്ത്രി ഇല്ലേ എന്നും ഒന്ന് ബംഗാള്‍ സന്ദര്‍ശിച്ചു കൂടേ എന്നും സ്വാമി ചോദിച്ചു. കൂടെ മമത ബാനര്‍ജിയെ പുകഴ്ത്താനും സുബ്രമണ്യന്‍ സ്വാമി മറന്നില്ല.
'ഞാന്‍ കാണുകയോ ഒപ്പം ജോലിചെയ്യുകയോ ചെയ്ത രാഷ്ട്രീയക്കാരില്‍ മമത ബാനര്‍ജി ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായ്, രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍, നരസിംഹറാവു എന്നിവരുടെ ശ്രേണിയിലാണ്. ഉദ്ദേശിച്ചതേ പറയൂ എന്നതാണ് അവരുടെ ഗുണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു അപൂര്‍വ യോഗ്യതയാണ്..' സ്വാമി ട്വീറ്റ് ചെയ്തു.
ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സുബ്രമണ്യന്‍ സ്വാമി നേതൃത്വവുമായി പരസ്യ ഏറ്റുമുട്ടലിലാണ്. പല വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ സ്വാമി, മോദി ആരാധകരെ ABs and GBs (അന്ധഭക്തരും ഗന്ധഭക്തരും) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."