സിഖ് വിരുദ്ധ പരാമര്‍ശം: കങ്കണയ്ക്ക് ഡല്‍ഹി നിയമസഭാ സമിതി നോട്ടിസ്
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെ ഡല്‍ഹി നിയമസഭ സമിതി വിളിച്ചു വരുത്തും. അടുത്ത മാസം ആറിന് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രാഘവ് ഛദ്ദ എം.എല്‍.എ അധ്യക്ഷനായ സമിതി കങ്കണക്ക് നോട്ടിസ് നല്‍കി.
കഴിഞ്ഞ ശനിയാഴ്ച കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പിന്റെ പേരിലാണ് നടപടി. കുറിപ്പില്‍ സിഖ് സമൂഹത്തെ ഖലിസ്താനി ഭീകരരെന്ന് അധിക്ഷേപിക്കുന്നുണ്ടെന്ന് സമന്‍സില്‍ പറയുന്നു. ഇത് മുഴുവന്‍ സിഖ് സമുദായത്തിന് മുറിവേല്‍പ്പിക്കുന്നതും അപമാനം ഉണ്ടാക്കുന്നതുമാവാം എന്നും നോട്ടീസില്‍ പറയുന്നു.
സിഖ് വിഭാഗക്കാരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി നല്‍കിയ പരാതിയില്‍ കങ്കണയ്ക്കെതിരേ മുംബൈ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഐ.പി.സി 295 എ പ്രകാരമായിരുന്നു കേസെടുത്തത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് ഖലിസ്ഥാന്‍ ഭീകരര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും അവരെ കൊതുകുകളെ പോലെ ഒരു വനിത പ്രധാനമന്ത്രി മാത്രമാണ് ചവിട്ടിയരച്ചതെന്നുമായിരുന്നു പരാമര്‍ശം. ഇന്ദിരയുടെ പേര് കേട്ടാല്‍ ഇപ്പോഴും അവര്‍ വിറയ്ക്കുമെന്നും കങ്കണ ഇന്‍സ്റ്റ ഗ്രമില്‍ കുറിച്ചിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."