ഹലാൽ 'സ്റ്റിക്കർ' വേണ്ടത് ഭക്ഷണത്തിൽ മാത്രമല്ല
വെള്ളിപ്രഭാതം
മുജീബ് ഫൈസി പൂലോട്
9072481008
അനുവദനീയമായത് എന്നാണ് ഹലാൽ എന്ന അറബി പദത്തിന്റെ അർഥം. അതിന്റെ നേർവിപരീതമാണ് ഹറാം. നിഷിദ്ധമായത് എന്നാണ് ഇതിനർഥം. ജീവിതത്തിൽ സമഗ്രമായ മാർഗനിർദേശം നൽകുന്ന മതമെന്ന നിലയ്ക്ക് ഒരു വിശ്വാസിയുടെ സകല മേഖലകളിലും ചിട്ട പാലിക്കാൻ മതം നിർദേശം നൽകുന്നുണ്ട്. വിധികളുടെ അടിസ്ഥാനത്തിൽ വിശ്വാസിയുടെ കർമങ്ങളെ അഞ്ചായി തരം തിരിക്കാം. വാജിബ് (നിർബന്ധമായും ചെയ്യേണ്ടവ), സുന്നത്ത് (പ്രോത്സാഹിപ്പിക്കപ്പെട്ടവ), ഹലാൽ (അനുവദനീയമായവ), കറാഹത്ത് (നിരുത്സാഹപ്പെടുത്തിയവ), ഹറാം (നിഷിദ്ധമാക്കപ്പെട്ടവ) എന്നിങ്ങനെയാണവ. തദടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ ഇത് ഭക്ഷണ രംഗത്ത് മാത്രമല്ല എന്ന് മനസ്സിലാക്കാനാകും. ധനാഗമന മാർഗങ്ങളും വിനിയോഗങ്ങളും എല്ലാം ഹലാലാകണമെന്ന് മതം അനുശാസിക്കുന്നു.
സംശുദ്ധമായത് കഴിക്കണമെന്ന് താൽപര്യമുള്ള ഇസ്‌ലാമേതര വിശ്വാസികളും ഇന്ന് ഹലാൽ വിപണിയെ ആശ്രയിക്കുന്നുണ്ട്. ഭക്ഷണം, സൗന്ദര്യവർധക വസ്തുക്കൾ, കെമിക്കൽസ്, ശുചീകരണ ഉത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, ടൂറിസം, ധനകാര്യം തുടങ്ങിയ മേഖലകളിലെല്ലാം ഹലാൽ വിപണി സജീവമാണ്. ലോക ഹലാൽ ഉത്പന്ന വിപണി ഏഴു ലക്ഷം കോടി കടന്നതായും കൂടുതൽ ഓഹരി ഇസ്‌ലാമേതര രാജ്യങ്ങൾക്കാണെന്ന് വേൾഡ് ഹലാൽ സമ്മിറ്റ് കൗൺസിൽ തലവൻ യൂനുസ് എറ്റെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ രംഗത്ത് ഇസ്‌ലാമേതര വിശ്വാസികളുള്ള രാജ്യങ്ങളാണ് കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്.
മനുഷ്യൻ കഴിക്കുന്നത് സംശുദ്ധമാകണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. ഖുർആൻ പറയുന്നത് നോക്കൂ: 'ഹേ ജനങ്ങളേ, ഭൂമിയിലുള്ളതിൽ അനുവദനീയവും ഉദാത്തവുമായവ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക' (അൽബഖറ-168). ഭക്ഷിക്കുന്നത് ഹലാൽ മാത്രമായാൽ പോരാ എന്നും ത്വയ്യിബ് ( വിശിഷ്ടം) ആകണമെന്നും സ്രഷ്ടാവ് പറയുന്നു. ഭക്ഷണങ്ങളിൽ നിന്നോ ഇതര വ്യവഹാരങ്ങളിൽ നിന്നോ ഹലാലായി മതം നിർണയിച്ചുതന്നതിനെ ഹറാമായി ഗണിക്കരുതെന്നും അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, അല്ലാഹു അനുവദിച്ചുതന്ന ഉത്തമവസ്തുക്കൾ നിങ്ങൾ നിഷിദ്ധമാക്കരുത്, പരിധി ലംഘിക്കുകയുമരുത്. അതിരുവിടുന്നവരെ അല്ലാഹു സ്‌നേഹിക്കുകയില്ല. അല്ലാഹു തന്നതിൽ അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക' (അൽമാഇദ-87, 88).
ഭുജിക്കപ്പെടാൻ പറ്റിയതും പറ്റാത്തത്തതും വളരെ വ്യക്തമായി മതം പറയുന്നുണ്ട്. 'ഒട്ടകം, മാട്, ആട് എന്നീ വർഗത്തിൽപെട്ട മൃഗങ്ങളെ നിങ്ങൾക്കു ഭക്ഷണമായി അനുവദിക്കപ്പെട്ടിരിക്കുന്നു'(അൽമാഇദ-1). 'ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവിന്റേതല്ലാത്ത നാമത്തിൽ അറുത്തത് എന്നിവയെ നിങ്ങൾക്കവൻ നിഷിദ്ധമാക്കിയിട്ടുള്ളൂ. എന്നാൽ അതിർലംഘനമോ അതിക്രമമോ കൂടാതെ ഒരാൾ അവ ആഹരിക്കാൻ നിർബന്ധിതനായാൽ അല്ലാഹു ഏറെ മാപ്പരുളുന്നവനും കരുണാമയനുമത്രേ' (അന്നഹല്-115). 'ശവം, രക്തം, പന്നിയിറച്ചി, അല്ലാഹു അല്ലാത്തതിന്റെ പേരു ചൊല്ലിയറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, തല്ലിക്കൊന്നത്, വീണോ കുത്തേറ്റോ ചത്തത്, വന്യമൃഗം തിന്നത്, ജീവൻ പോകും മുൻപ് അറുത്തതൊഴികെ, ബിംബങ്ങൾക്ക് വേണ്ടി അറുക്കപ്പെട്ടത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാണ്'(അൽമാഇദ-3). മനുഷ്യൻ്റെ പ്രകൃതിക്ക് യോജിക്കുന്നവയും മാലിനമുക്തമായതുമാണ് ഇസ്‌ലാം ഭക്ഷ്യയോഗ്യമാക്കിയവ.ആട് (ചെമ്മരിയാട് ,നെയ്യാട്, കോലാട് ,കാട്ടാട്) മാട് (പോത്ത്, എരുമ, പശു, കാള, കാട്ടു പശു, കാട്ടുപോത്ത്) ഒട്ടകം, കുതിര, കാട്ടുകഴുത, മുയൽ, കൂരൻ, മാൻ, കലമാൻ, കീരി, രോമ ചർമ്മ കുറുനരി, ഉടുമ്പ്, ഇത്തൾമുള്ളൻ, സൂചി മുള്ളൻ , ഒരു തരം പെരുച്ചാഴി, അണ്ണാൻ, തുർക്കികൂരൻ, താറാവ്, അരയന്നം, കോഴി വർഗങ്ങൾ, ശീമക്കോഴി, വെട്ടുകിളി, കാട, കൊക്ക്, അരിപ്രാവ്, അമ്പലപ്രാവ്, മാടപ്രാവ്, കാട്ടു പ്രാവ്, മൂട് കുലുക്കി പക്ഷി, പൈങ്ങാക്കിളി, കുയിൽ, മുണ്ടി, ഒട്ടകപ്പക്ഷി, മൈന, മണ്ണാത്തിക്കിളി, വേഴാമ്പൽ, സാരസപക്ഷി, അണ്ണൽപക്ഷി, കുരുവി, തിത്തിരി പക്ഷി എന്നിവയും നഖങ്ങളിൽ ഇറുക്കാതെ കൊക്കുകൊണ്ട് കൊത്തിയെടുക്കുന്ന മറ്റ് എല്ലാ പക്ഷികളും അനുവദനീയമാണ്. സമുദ്ര ജീവികളിൽനിന്ന് മത്സ്യവും മത്സ്യരൂപത്തിൽ അല്ലാത്തവയും ഭക്ഷിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: 'നിങ്ങൾക്കും യാത്രാസംഘങ്ങൾക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും അനുവദിക്കപ്പെട്ടിരിക്കുന്നു '(മാഇദ:96).
നജസ് ഭക്ഷിച്ചത് മൂലം മാംസത്തിനോ നിറത്തിനോ രുചിക്കോ വ്യത്യാസം വന്ന ഭക്ഷ്യയോഗ്യമായ ജീവിയേയും അതിന്റെ പാലും മുട്ടയും ഭക്ഷിക്കൽ കറാഹത്താണ്. അതിന് ശുദ്ധമായ ഭക്ഷണം നൽകി അതിന്റെ മാംസം നന്നായാൽ കറാഹത്തു നീങ്ങുന്നതാണ് (തുഹ്ഫ 9:386). ഹലാൽ അറവ് രീതി വളരെ ശാസ്ത്രീയമാണ്. രക്തം പരിപൂർണമായും ഒഴുകിത്തീരുന്ന രൂപത്തിലുള്ള ക്രമീകരണങ്ങളാണുള്ളത്. ശ്വാസനാളി, അന്നനാളി, തൊണ്ട, കഴുത്തിലെ രക്തക്കുഴൽ എന്നിവ ഛേദിക്കപ്പെടുന്നതിലൂടെ രക്തം വേഗത്തിൽ വാർന്നൊഴുകുന്നു. ഇത് അനായാസം ജീവൻ പോകുന്നതിന് സഹായിക്കും. രക്തത്തിൻ്റെ അംശം പരിപൂണമായും പോകുന്നു എന്നതാണ് ഹലാലിനെ ആരോഗ്യരംഗത്തുള്ളവർക്കിടയിൽ ആകർഷകമാക്കുന്നത്. രക്തം അവശേഷിച്ചാൽ സൂക്ഷ്മജീവികൾ മാംസത്തിൽ വളരുകയും പെറ്റുപെരുകുകയും ചെയ്യും. ഇൗ രൂപത്തിൽ അറവ് നടത്തുന്ന മാംസം രക്തമുക്തമായതിനാൽ ദീർഘകാലം സൂക്ഷിക്കാനാകും. രക്തം വാർന്നൊഴുകുന്നതിലൂടെയുള്ള മരണമായതിനാൽ വേദനയനുഭവപ്പെടാതെ അറവുമൃഗത്തിന് മരിക്കാനാകും. വേദനയ്ക്ക് ഹേതുവായ തലച്ചോറിലെ നാഡികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനാലാണിത്. ജീവൻ പോകുന്ന സമയത്ത് മൃഗം പിടയുന്നത് വേദന കാരണമല്ലെന്നും രക്തം പുറത്തേക്ക് ഒഴുകുന്നത് നിമിത്തം പേശികൾ സങ്കോചിക്കുന്നത് കൊണ്ടാണെന്നും തെളിയിക്കപ്പെട്ടതാണ്.
അറവ് ചെയ്തതിന് ശേഷം ദിവസങ്ങളോളം സൂക്ഷിക്കാൻ പറ്റിയ സംവിധാനം വ്യാപകമായതോടെ കശാപ്പുശാലകളെ നേരിട്ട് ആശ്രയിക്കുന്ന അവസ്ഥയക്ക് മാറ്റം വന്നു.ആവശ്യക്കാർ വർധിക്കുകയും വിപണന സാധ്യത കൂടുകയും ചെയ്തതോടെ കുത്തക കമ്പനികൾ വരെ ഇൗ രംഗത്തേക്ക് കടന്നുവന്നു. അനന്തമായ കച്ചവട സാധ്യതകൾ മനസ്സിലാക്കി കമ്പോളവത്കരണത്തിന്റെ ഭാഗമായി ഇത് പ്രത്യേകം ശ്രദ്ധനേടുകയും നിരന്തര ചർച്ചകൾക്ക് വിധേയമാകുകയും ചെയ്യുന്നുണ്ടെന്ന് മാത്രം. ഹലാൽ സമ്പ്രദായം പൊലെ തന്നെ ജൂതമതത്തിലും ചില നിയമങ്ങളുണ്ട്. ഇതിനാണ് കോഷർ എന്നു പറയുന്നത്. ശുദ്ധമായ ഭക്ഷ്യയോഗ്യമായ വസ്തു എന്നാണ് കോഷറിന്റെ ഹിബ്രു ഭാഷയിലെ അർഥം. ജൂതമതാനുയായികളിൽ നല്ലൊരു വിഭാഗവും കോഷർ മാനദണ്ഡങ്ങൾ പിന്തുടരുന്നവരാണെന്നതിനാൽ കോഷർ മുദ്ര ചെയ്ത ഭക്ഷ്യവിഭവങ്ങൾ വിപണിയിൽ സുലഭമാണ്.
മൃഗസ്നേഹികളെന്ന പേരിൽ പ്രത്യക്ഷപ്പെടുന്ന ഇസ്‌ലാം വിരുദ്ധരുടെ പ്രചാരണങ്ങളും തകൃതിയായി ലോകത്ത് നടക്കുന്നുണ്ട്. സംഘ്പരിവാർ അജൻഡകളുടെ ഭാഗമായാണ് നിലവിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഭക്ഷണവിവാദം. എന്താണ് ഹലാൽ എന്ന് മനസ്സിലാക്കാത്തവരാണ് ഇതിന് പിന്നിലുള്ളത്. കഴിഞ്ഞദിവസം ഹൈക്കോടതി പോലും ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. ഇന്ത്യൻ വിപണിയിലെ മാംസക്കുത്തകക്കാർ മുസ്‌ലിംകളല്ല എന്നത് വളരെ കൗതുകകരമാണ്. ഹലാലെന്ന് സർട്ടിഫൈഡ് സ്റ്റിക്കറൊട്ടിച്ച പന്നി മാംസം പോലും വിപണിയിൽ ഉണ്ടെന്നറിയുമ്പോഴാണ് ഇൗ രംഗത്തെ പ്രഹസനം മനസ്സിലാകുക. സംഘ്പരിവാർ അജൻഡകൾക്കനുസരിച്ച് വാണിജ്യമന്ത്രാലത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്‌സ് എക്‌സ്‌പോർട്ട് ഡവലപ്‌മെൻ്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) അവരുടെ മാന്വലിൽ നിന്ന് ഹലാലെന്ന വാക്ക് ഒഴിവാക്കിയെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. ഇത് വിപണിയിൽ ഇന്ത്യയെ തകർക്കുമെന്നുറപ്പാണ്. ഹലാൽ നിയമപ്രകാരം തയാറാക്കിയ മാംസം എന്ന സക്ഷ്യപത്രം ഇല്ലാതാകുന്നതോടെ മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, സഉൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഇന്ത്യൻ മാംസ വിപണിയെ കൂടുതൽ ആശ്രയിക്കുന്ന മുസ്‌ലിം രാജ്യങ്ങൾ നമ്മുടെ ഉത്പന്നങ്ങളെ തഴയും.
ഹലാലെന്നാൽ ഭക്ഷണവുമായി മാത്രം ബന്ധപ്പെട്ടതല്ല. മാംസ ഉത്പന്നങ്ങൾ ഇസ്‌ലാമിക രീതിയിലാകണമെന്നതും ലഹരി, മാലിന്യമക്തമാകണമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട താൽപര്യം. അറവ് നടത്തുന്നവൻ മുസ്‌ലിമോ അടിസ്ഥാന ജൂത,ക്രൈസ്തവ വിശ്വാസിയോ ആകണമെന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ഹലാൽ സ്റ്റിക്കറൊട്ടിച്ചതെല്ലാം ഹലാലാകണമെന്നില്ല.
കേരളത്തിലെ സാമൂഹിക സാഹചര്യം പറ്റേ തകിടം മറിക്കാനും അതിലൂടെ അക്കൗണ്ട് തുറക്കാനും ലക്ഷീകരിച്ചുള്ള അജൻഡകളാണ് ഇപ്പോൾ നടക്കുന്നത്. അതിനനുസരിച്ച് ബഹിഷ്കരണ മുദ്രാവാക്യങ്ങളുയർത്താനും തമ്മിലടിപ്പിക്കാനുമുള്ള ആസൂത്രിത നീക്കങ്ങൾ ശക്തമാണ്. പ്രതിരോധം തീർക്കേണ്ടവർ മൗനം പാലിക്കുമ്പോൾ തകരുന്നത് രാജ്യത്തിൻ്റെ പൈതൃകം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."