കൊവിഡ് ആഫ്രിക്കന്‍ വകഭേദം ഒമിക്രോണ്‍: ഏഴ് രാജ്യങ്ങള്‍ക്ക് യു.എ. ഇ വിലക്ക്
ദുബൈ: ആഫ്രിക്കയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതോടെ ഗള്‍ഫ് കടുത്ത ജാഗ്രതയില്‍. പല രാജ്യങ്ങളും ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങി. തിങ്കളാഴ്ച മുതല്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ യു.എ.ഇ തീരുമാനിച്ചു.
സഊദി അറേബ്യയും ബഹ്‌റൈനും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്.കൊവിഡ് പുതിയ വകഭേദമായ ഒമിക്രോണിന്റെ വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ എണ്ണവിലയിലും കുത്തനെ ഇടിവുണ്ടായി. ബാരലിന് 10 ഡോളറാണ് താഴ്ന്നത്. 2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമാണ്.ദക്ഷിണാഫ്രിക്ക, നമീബിയ, ബോത്സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തുന്നത്. തിങ്കളാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക. ഇപ്പോള്‍ യാത്രകള്‍ കുറച്ചിരിക്കുകയാണ്. എന്നാല്‍ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഇപ്പോള്‍ അവസരമുണ്ടാകും. തിങ്കളാഴ്ച മുതല്‍ ഈ അവസരവും നിലയ്ക്കും.
ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പുതിയ ബുക്കിങ് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സ്വാഭാവികമായും മറ്റു വിമാന കമ്ബനികളും സര്‍വീസ് നടത്തില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഞായറാഴ്ച രാത്രി വരെ യാത്ര സാധ്യമാകും. അത് കഴിഞ്ഞ് യാത്ര ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ സര്‍വീസ് ഉണ്ടാകില്ല എന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്.
ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഒമൈക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് നല്‍കിയ പേര്. നിലവിലെ വാക്‌സിനുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതല്ലെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.കഴിഞ്ഞ 14 ദിവസത്തിനിടെ ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, യുഎഇ പൗരന്മാര്‍ക്ക് ഇളവുണ്ട്. കൂടാതെ നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്. പക്ഷേ, ഇവര്‍ രോഗമുണ്ടോ എന്ന പരിശോധന നടത്തി രേഖ കൈവശം സൂക്ഷിക്കണം.ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം ആദ്യം കണ്ടത്. ശേഷം ബോത്സ്വാന, ലെസോത്തോ, സിംബാബ്വെ, ഇസ്വാതിനി, നമീബിയ എന്നീ രാജ്യങ്ങളും രോഗം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."