അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുമ്പോള്‍
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും അട്ടപ്പാടിയിലെ ശിശുമരണ നിരക്കും ഗര്‍ഭിണികളുടെ ദുരിതവും മാറ്റമില്ലാതെ തുടരുകയാണ്. വികസനം തൊട്ടുതീണ്ടാത്ത നാട്ടില്‍ ഇന്നും നിരവധി ആളുകള്‍ പ്രതീക്ഷയോടെ ജീവിച്ചിരിപ്പുണ്ട്. 47 നവജാത ശിശുക്കളെ നഷ്ടമായ 2013 ലെ ദുരന്തത്തിന് ശേഷം 8 വര്‍ഷത്തിനിടെ 121 കുട്ടികളെ നഷ്ടമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും കൃത്യമായ ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിലേക്ക് നയിച്ചത്.
അട്ടപ്പാടിയില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അരിവാള്‍ രോഗികള്‍ക്കും (സിക്കിള്‍ സെല്‍ അനീമിയ) അട്ടപ്പാടിയില്‍ പഞ്ഞമില്ല. തനതു ഭക്ഷണമായ റാഗിയും ചാമയും ഉള്‍പ്പെടെ കഴിച്ചുവളര്‍ന്ന ഒരു വിഭാഗത്തെ സഹായിക്കാനെന്ന പേരില്‍ റേഷന്‍ അരിയും മറ്റും നല്‍കി സ്വാഭാവിക ശാരീരിക ശേഷിയെ തകര്‍ത്തവരാണ് ഉത്തരവാദികളെന്നു ഒരു കൂട്ടം ഊരുവാസികള്‍ പറയുന്നു.
അടുത്തിടെ അഞ്ച് ദിവസത്തിനുള്ളില്‍ ഒരമ്മയേയും അഞ്ച് കുട്ടികളേയുമാണ് നഷ്ടമായത്. ശിശു മരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറച്ചുകൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞുവെന്ന് അവകാശപ്പെടുമ്പോഴാണ് അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യപരിപാലനം എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തി തുടങ്ങിയ കോട്ടത്തറ ട്രൈബര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിലനില്‍ക്കുമ്പോഴും പൂര്‍ണ ഗര്‍ഭിണികള്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി 40 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ്.
നവജാത ശിശുവിദഗ്ധന്‍ ഇല്ലാത്തതും അനുബന്ധ സൗകര്യങ്ങളുടെ കുറവുമാണ് രോഗികളെ ഇത്തരത്തില്‍ മറ്റാശുപത്രികളിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം ഇനിയും ശിശുമരണം വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."