HOME
DETAILS

ദാരിദ്ര്യത്തിന്റെ രാഷ്ട്രീയം

  
backup
November 30 2021 | 04:11 AM

9635612-021

ഡോ. കെ.എൻ ഗണേഷ്


ദാരിദ്ര്യത്തിന് ഒരു രാഷ്ട്രീയമുണ്ട്. അതെ. ദാരിദ്ര്യം ഒരു രാഷ്ട്രീയ വിഷയം തന്നെ. ഓരോ രാജ്യത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടായിരിക്കുമെന്നേയുള്ളൂ. പട്ടാളഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഭരണരീതി കൊണ്ടാണ് ദാരിദ്ര്യവും പട്ടിണിയും ഉണ്ടാവുന്നത്. ഏകാധിപത്യഭരണത്തിൽ ദാരിദ്ര്യത്തിന് മറ്റൊരു കാരണമുണ്ടാവും. വർഗീയതയും വിഭാഗീയതയുമുള്ള രാജ്യങ്ങളിൽ കാരണങ്ങൾ വേറെയാവും. എവിടെയായാലും ദാരിദ്ര്യവും പട്ടിണിയും അതിക്രൂരം തന്നെ.
ഇന്ത്യയിൽ ദാരിദ്ര്യം പെട്ടെന്നൊരു വിഷയമായിരിക്കുന്നു. നീതി ആയോഗ് തയാറാക്കിയ ദാരിദ്ര്യ സൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ബഹുമതി കേരളത്തിനു കിട്ടിയത് രാജ്യമാകെ ചർച്ചാ വിഷയമാവുകയാണ്. കാരണം ലളിതം, രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഭരണത്തിനു കീഴിലുള്ള സംസ്ഥാനങ്ങളിലൊന്നും പട്ടിണി ഒഴിയുന്നില്ലെന്നതു തന്നെ.


കേരളത്തിനകത്തും ഇതൊരു രാഷ്ട്രീയ വിഷയമായിരിക്കുന്നു. യു.ഡി.എഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേരളത്തിൽനിന്ന് ദാരിദ്ര്യം വിട്ടകന്നതെന്ന പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തു വന്നിരിക്കുന്നു. 2015-16 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ അടിസ്ഥാനമാക്കിയാണ് ദാരിദ്ര്യസൂചിക തയാറാക്കിയിരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.


അതീവദാരിദ്ര്യ നിർമാർജനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പുതിയ പദ്ധതി പൂർണമായും നടപ്പിലാകുന്നതോടെ കേരളത്തിൽ ദാരിദ്ര്യം ഒട്ടുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു. ജനക്ഷേമം ഉറപ്പു വരുത്താനുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനം മൂലമാണ് ദാരിദ്ര്യം വളരെ കുറഞ്ഞതും കേരളം ദാരിദ്ര്യ സൂചികയിൽ മികച്ച സ്ഥാനത്തെത്തിയതുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിൽ ഇങ്ങനെയൊരു ''ദാരിദ്ര്യചർച്ച'' യ്ക്ക് ഒരു സാധ്യതയുമില്ലെന്നതാണ് യാഥാർത്ഥ്യം. അഞ്ചു വർഷക്കാലം നീണ്ടു നിൽക്കുന്ന ഒരു ഭരണകാലം കൊണ്ട് തീർക്കാവുന്നതല്ല ഏതെങ്കിലും സംസ്ഥാനത്തെ ദാരിദ്ര്യവും അതിനിടയാക്കുന്ന കാരണങ്ങളും. സ്വാതന്ത്ര്യം കിട്ടിയ ശേഷം കേരളത്തിൽ മാറി മാറി വന്ന സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനവും ജാഗ്രതയും തന്നെയാണ് ദാരിദ്ര്യത്തിന്റെ സൂചികയിൽ കേരളത്തിന് തിളക്കമുള്ള സ്ഥാനം കിട്ടാൻ കാരണമായത്.
ആരോഗ്യം, വിദ്യാഭ്യാസം, പൊതുവായ ജീവിത നിലവാരം എന്നിങ്ങനെ വിവിധ മേഖലകളിലെ 12 മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നീതി ആയോഗ് ഈ സൂചിക തയാറാക്കിയിരിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ലഭ്യത ഒരു പ്രധാന ഘടകമാണ്. നല്ല വിദ്യാഭ്യാസമുള്ളവർക്ക് മികച്ച തൊഴിൽ ലഭിക്കുക സ്വാഭാവികം. സ്‌കൂളിൽ പോയി പഠിക്കുന്ന കുട്ടികളുടെ എണ്ണം, സ്‌കൂളുകളിലെ ഹാജർ നിലവാരം, സ്‌കൂളിൽ പോയി പഠിക്കുന്ന വർഷങ്ങൾ എന്നിങ്ങനെയുള്ള കണക്ക് ഇതിലുൾപ്പെടുന്നു. ആരോഗ്യ രംഗത്ത് പോഷകാഹാര ലഭ്യത, ഗർഭിണികൾക്കു കിട്ടുന്ന പരിചരണം, ശിശുമരണ നിരക്ക് തുടങ്ങിയയാണ് പരിഗണിച്ചത്.
പാചകത്തിനുപയോഗിക്കുന്ന ഇന്ധനം, പൊതുവായ ശുചീകരണ നിലവാരം, കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത, പാർപ്പിടം, ആസ്തി, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയാണ് ജീവിത നിലവാരം നിർണയിക്കുന്ന ഘടകങ്ങൾ.
ഒരു ജനതയുടെ ജീവിത നിലവാരം ഉയരുന്നത് ഒരു പ്രത്യേകാലത്തെ ഭരണം കൊണ്ടല്ല എന്ന് മനസിലാക്കാൻ ഇപ്പറഞ്ഞ കാര്യങ്ങൾ സഹായിക്കും. പക്ഷെ ഏതെങ്കിലുമൊരു ഭരണകാലത്ത് ഇതിലെവിടെയെങ്കിലും ഒരു അലംഭാവമോ ഉദാസീനതയോ ഉണ്ടാവാൻ പാടില്ല താനും. എല്ലാ മേഖലകളിലുമുള്ള നിരന്തരമായ വളർച്ചയിലൂടെ മാത്രമേ ദാരിദ്ര്യം പൂർണമായും തുടച്ചു നീക്കാനാവൂ.


1957-ൽ ഐക്യകേരളത്തിന്റെ ആദ്യ ജനകീയസർക്കാർ വരുന്നതിനു മുമ്പ് തന്നെ തിരുവിതാംകൂറിൽ രാജഭരണം വളരെയധികം വികസന പരിപാടികൾ തുടങ്ങി വച്ചിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ വലിയ വളർച്ച നേടിയ രാജ്യമായിരുന്നു തിരുവിതാംകൂർ. സർ സി.പി രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്താണ് ആലുവായിലെ എഫ്.എ.സി.ടി, തിരുവനന്തപുരത്തെ ടൈറ്റാനിയം എന്നിങ്ങനെയുള്ള വലിയ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ചത്. നല്ല റോഡുകളും.
വിദ്യാഭ്യാസ രംഗത്തും തിരുവിതാംകൂർ വളരെ മുന്നിലായിരുന്നു. അക്കാലത്ത് നായർ സമുദായം ഉൾപ്പെടെയുള്ള സവർണ വിഭാഗങ്ങൾക്കു മാത്രമേ പൊതുവിദ്യാലയങ്ങളിൽ പഠിക്കാനാകുമായിരുന്നുള്ളൂ. എങ്കിൽകൂടി ഇതിനെ വെല്ലുവിളിക്കാനുള്ള ശേഷി ഈഴവ-ക്രിസ്ത്യൻ-മുസ് ലിം സമുദായങ്ങളുടെ ഐക്യത്തിനു കഴിഞ്ഞു എന്നതും ചരിത്രത്തിലെ പ്രധാന കാര്യമാണ്.


ഈ സമുദായങ്ങളുടെ ഐക്യവും അതിന് എസ്.എൻ.ഡി.പി നേതാവ് സി. കേശവൻ നൽകിയ നേതൃത്വവും ഇതിൽ വളരെ വലിയ പങ്കുവഹിച്ചു. സി. കേശവന്റെ നേതൃത്വത്തിലാണ് ഈഴവ, ക്രിസ്റ്റ്യൻ, മുസ് ലിം സമുദായങ്ങൾ നിവർത്തന പ്രസ്ഥാനം രൂപീകരിച്ചതും വിദ്യാഭ്യാസത്തിലും സർക്കാർ ഉദ്യോഗത്തിലും പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനു വേണ്ടി രാജഭരണത്തോടും സർ സി.പിയോടും പോരിനിറങ്ങിയതും.
ഒരു നാടിന്റെ വിദ്യാഭ്യാസരംഗത്തെ പുരോഗതിയാണ് ദാരിദ്ര്യം അകറ്റുന്നതിനു സമൂഹത്തെ പ്രാപ്തമാക്കുന്നത്. തിരുവിതാംകൂർ കാലഘട്ടം മുതൽ തന്നെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റമുണ്ടായി. തിരുവിതാംകൂർ രാജഭരണത്തിലായിരുന്നുവെങ്കിലും ബ്രിട്ടീഷ് നിയന്ത്രണം ശക്തമായിരുന്നു. ചർച്ച് മിഷൻ സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് 1815-ൽ ത്തന്നെ കോട്ടയത്ത് പ്രസിദ്ധമായ സി.എം.എസ് കോളജ് സ്ഥാപിച്ചു. തിരുവിതാംകൂർ പ്രദേശത്ത് നല്ല നിലയിൽ ഇംഗ്ലീഷ് പഠനസൗകര്യങ്ങളില്ലാതിരുന്നതിനാലാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സി.എം.എസ് കോളജ് ആരംഭിച്ചത്. തിരുവനന്തപുരത്തെ ഗവൺമെന്റ് എൻജിനീയറിങ് കോളജ് 1939ൽ തുടങ്ങിയതാണ്.


രാജഭരണ കാലത്തുതന്നെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികൾ തിരുവിതാംകൂറിൽ നിലവിൽ വന്നു. തിരുവനന്തപുരത്തെ പ്രശസ്തമായ ജനറൽ ആശുപത്രി 1865ലാണ് പ്രവർത്തനമാരംഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് 195ൽ തുടങ്ങി. കോൺഗ്രസ് നേതാവ് സി. കേശവനായിരുന്നു അന്ന് മുഖ്യമന്ത്രി. ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു.


1957ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഭൂപരിഷ്‌ക്കരണത്തിനും വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനുമാണ് മുൻഗണന നൽകിയത്. നടപ്പു കൃഷിക്കാരെയും കുടികിടപ്പുകാരെയും ഒഴിപ്പിക്കുന്ന എല്ലാ നടപടികളും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇ.എം.എസ് സർക്കാർ കൊണ്ടുവന്നത് അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ. കുടിയാന്മാർക്കും കുടികിടപ്പുകാർക്കും വാരംകൃഷിക്കാർക്കും സമഗ്രമായ ഒരു നിയമമുണ്ടാവുന്നതുവരെ സംരക്ഷണം നൽകുകയായിരുന്നു ലക്ഷ്യം. റവന്യൂ മന്ത്രിയായിരുന്ന കെ.ആർ ഗൗരിയമ്മയായിരുന്നു ഈ നിയമം തയാറാക്കിയത്. സമഗ്രമായൊരു ഭൂപരിഷ്‌ക്കരണനിയമം കൊണ്ടുവന്നതാണ് കേരളത്തിന്റെ ദാരിദ്ര്യ നിർമാർജനത്തിനെതിരേയുള്ള യാത്രയിലെ പ്രധാന വഴിത്തിരിവ്. ഭൂപരിഷ്‌ക്കരണം സംബന്ധിച്ച് സ്വാതന്ത്ര്യ സമരകാലത്തു തന്നെ കോൺഗ്രസ് വ്യക്തമായ തീരുമാനം എടുത്തിരുന്നു. 1951ൽ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ സമഗ്രമായൊരു നിയമം തയാറാക്കിയിരുന്നുവെങ്കിലും നിയമസഭയിൽ അവതരിപ്പിക്കാനോ പാസാക്കാനോ കഴിഞ്ഞില്ല.


അറുപതുകളിലാരംഭിച്ച ഗൾഫ് കുടിയേറ്റവും കേരളത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ചു. വർഷങ്ങൾ കഴിയുന്തോറും ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ തേടിപ്പോയ മലയാളി യുവാക്കളുടെ എണ്ണം കൂടുകയായിരുന്നു. കേരളത്തിൽ നഴ്‌സിങ്ങ് പഠിച്ച മലയാളി യുവതികൾക്കും ഇതേ കാലത്തു തന്നെ ലോകത്തെ മികച്ച ആശുപത്രികളിൽ ജോലി ലഭിച്ചു. നഴ്‌സിങ്ങ് പരിശീലനത്തിനായി വലിയ ആശുപത്രികൾ നഴ്‌സിങ് കോളജുകൾ തുടങ്ങി.
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലബാർ പ്രദേശത്തിന് ഗൾഫ് കൂടിയേറ്റം വലിയ ഉണർവു നൽകി. ഗൾഫിൽ കൂറ്റൻ ബിസിനസ് സ്ഥാപനങ്ങൾ പണിതുയർത്തിയ മലയാളി സംരംഭകർ കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. ഈ പ്രക്രിയയും കേരളത്തിന്റെ മൊത്തം വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ ആക്കം നൽകി.


കേരളത്തിലങ്ങോളമിങ്ങോളം നോക്കിയാൽ വലിയൊരു യാഥാർത്ഥ്യം മനസിലാവും. ഇവിടെയൊരിടത്തും ദാരിദ്ര്യമോ പട്ടിണിയോ കാണാനാവില്ല എന്ന യാഥാർത്ഥ്യം. എന്നു മാത്രമല്ല, പലയിടത്തും സമ്പന്നതയുടെ വെട്ടിത്തിളക്കം കാണുകയും ചെയ്യും. ചാവക്കാട്, പൊന്നാനി, തിരൂർ, കണ്ണൂർ, കാസർകോട് തുടങ്ങിയ കേന്ദ്രങ്ങൾ ഉദാഹരണം. ഉത്തര കേരളത്തിലെ പ്രധാന ഗൾഫ് കേന്ദ്രങ്ങളാണിവ. അതുപോലെ മധ്യകേരളത്തിലെ തിരുവല്ല, കുമ്പനാട്, പുല്ലാട്, കോഴഞ്ചേരി എന്നിങ്ങനെയുള്ള ഗ്രാമപ്രദേശങ്ങൾ. അതിമനോഹരമായ വീടുകളും കച്ചവടസ്ഥാപനങ്ങളുമൊക്കെ ഈ സ്ഥലങ്ങളുടെ പ്രത്യേകതയാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും ഇവിടെയുണ്ട്. ഗൾഫ് പണത്തിന്റെ കുത്തൊഴുക്ക് കേരളത്തെ വലിയൊരു വളർച്ചയിലെത്തിച്ചിട്ടുണ്ട്. ഗൾഫ് പണം കൊണ്ടുണ്ടാക്കിയ സ്ഥാപനങ്ങൾ വൻതോതിൽ തൊഴിലുകളും സൃഷ്ടിച്ചു.
കൊവിഡ് മഹാമാരി സൃഷ്ടിച്ച ഭീഷണി ഒട്ടേറെപ്പേരുടെ തൊഴിലുകൾ ഇല്ലാതാക്കി. അനേകം കുടുംബങ്ങൾ ഒന്നുമില്ലായ്മയിലേയ്ക്കു താണുപോയി. കഴിഞ്ഞ സർക്കാർ നൽകിയ കിറ്റും ആശ്വാസ നടപടികളും താലക്കാലികാശ്വാസമായെങ്കിലും വീണ്ടുമൊരു ജീവിതം കെട്ടിപ്പെടുക്കാൻ മാത്രം പര്യാപ്തമായിട്ടില്ലെന്ന വസ്തുത അവശേഷിക്കുന്നു.


ജീവിതസൂചികകളുടെ കാര്യത്തിൽ കേരളം അമേരിക്കയുടെയോ യൂറോപ്യൻ രാജ്യങ്ങളുടെയോ നിലവാരത്തിലെത്തിയിട്ട് കാലം കുറെയായെങ്കിലും സമ്പന്ന രാജ്യങ്ങൾ അവിടുത്തെ ജനങ്ങൾക്കു നൽകുന്ന സാമൂഹ്യ സുരക്ഷിതത്വം കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്നില്ലെന്നത് സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ട കാര്യമാണ്.


ഒരു ഗൃഹനാഥന്റെ ശമ്പളം കൊണ്ട് സാമാന്യം നന്നായി ജീവിക്കാനും മക്കളെ പഠിപ്പിക്കാനും കഴിയുന്ന കുടുംബം ഒരു പക്ഷെ ഒരംഗത്തിന് മാരകമായ അസുഖം പിടിപെട്ടാൽ തകർന്നുപോകുന്ന സ്ഥിതിയാണുള്ളത്. കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളിക്ക് പ്രതികൂല കാലാവസ്ഥ കാരണം ഒരു ദിവസം കടലിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ കുടുംബം പട്ടിണിയാവുന്ന സ്ഥിതിയും നിലനിൽക്കുന്നു. ശക്തമായ പെരുമഴക്കാലം പതിവായിരിക്കുന്ന കേരളത്തിന്റെ മത്സ്യതൊഴിലാളികളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. നീതി ആയോഗിന്റെ ദാരിദ്ര്യപട്ടികയിൽ മുകളിൽ നിൽക്കുന്നത് ബീഹാർ (51.91 ശതമാനം), ജാർഖണ്ഡ് (42.16 ശതമാനം), ഉത്തർപ്രദേശ് (37.79 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തിൽ ഇത് 0.71 ശതമാനം മാത്രം.
സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യം മുന്നിൽ കണ്ട് സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയും കേന്ദ്ര സർക്കാർ മതിയായ പിന്തുണ നൽകുകയും ചെയ്താൽ ഇതു സാധിക്കാവുന്നതേയുള്ളൂ. ഉയർന്ന നിലവാരത്തിലെത്തുന്ന കേരളത്തെ ഇന്ത്യയ്ക്ക് ലോകത്തിനു മുമ്പിൽ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago