HOME
DETAILS

ചരിത്രകാരി ചെറുത്തുനിൽക്കുമ്പോൾ

  
backup
November 30 2021 | 04:11 AM

452532-00


സ്വതന്ത്രഇന്ത്യയിലെ ഏറ്റവും വിഖ്യാതചരിത്രകാരിയായ റോമില താപ്പറിന്റെ നവതിയാണ് ഇന്ന്. ചരിത്രരചനയിലെ ശാസ്ത്രീയവും സെക്കുലറുമായ പഠനരീതി മുന്നോട്ടുകൊണ്ടുപോകുകയും ലോകമെമ്പാടുമുള്ള നിരവധി ശിഷ്യർക്ക് പകർന്നുനൽകുകയും ചെയ്തതിന് അവരുടെ സംഭാവന അവിസ്മരണീയമാണ്. അതിനോടൊപ്പം വികലചരിത്രരചനക്കും മിത്തുവൽക്കരണത്തിനും എതിരായ സന്ധിയില്ലാത്ത പോരാട്ടം ജനങ്ങളുടെ ഇടയിലും അവരുടെ പേര് സുസമ്മതമാക്കിയിട്ടുണ്ട്.


പഞ്ചാബിലെ പുരോഗമന സാഹചര്യങ്ങളിൽ വളർന്നുവന്ന റോമിലയെ ചരിത്രരചനയിലെ സാങ്കേതികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലേക്ക് അടുപ്പിച്ചത്, അശോകനെക്കുറിച്ച് ഓക്സ്ഫോർഡിൽ വിഖ്യാതചരിത്രകാരനായ എ.എൽ ഭാഷാമിന്റെ കീഴിൽ ചെയ്ത ഗവേഷണമാണ്. സാമ്രാജ്യങ്ങളുടെ വളർച്ചയെയും പതനത്തെയും സംബന്ധിച്ചുള്ള സാമ്പ്രദായിക കാഴ്ചപ്പാടുകൾ തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞു. അശോകൻ ബുദ്ധമതം സ്വീകരിച്ചതും ''ധർമവിജയത്തിനു'' വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും മതപരമായും ധാർമികമായുമുള്ള ഒരു രാജാവിന്റെ പരിവർത്തനമല്ല, രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ദിശാപരിവർത്തനമായിരുന്നു അത്. ഈ തിരിച്ചറിവ് മൗര്യസാമ്രാജ്യത്തെ സംബന്ധിച്ച് മാത്രമല്ല, പ്രാചീന ഇന്ത്യാചരിത്രത്തെ സംബന്ധിച്ചു തന്നെയുള്ള കാഴ്ചപ്പാടുകളിൽ മാറ്റംവരുത്തി. പ്രാചീനഇന്ത്യയെ സംബന്ധിച്ച് ബ്രിട്ടീഷ് കൊളോണിയൽ ചരിത്രകാരന്മാരും ചില ദേശീയചരിത്രകാരന്മാരും സൃഷ്ടിച്ച ആശയങ്ങൾക്കു മേലാണ് പ്രാചീന ഇന്ത്യാചരിത്രം അതുവരെ നിലനിന്നിരുന്നത്. ഇന്ത്യക്ക് ഒരു ചരിത്രമേ ഇല്ലെന്ന ആദ്യകാല ബ്രിട്ടീഷ് ധരണകൾ അതിനകം തിരസ്കരിക്കപ്പെട്ടിരുന്നു. ആര്യന്മാരുടെ ആക്രമണം, വൈദിക ഇതിഹാസ കാലഘട്ടങ്ങൾ, മൗര്യ-ഗുപ്ത സാമ്രാജ്യങ്ങളുടെ യുഗം, ''ക്ലാസിക്കൽ'' ഹൈന്ദവ സാംസ്കാരികഘട്ടം, മുസ് ലിം രാഷ്ട്രങ്ങൾ, ബ്രിട്ടീഷ് അധിനിവേശം എന്ന രീതിയിലുള്ള മറ്റൊരു ഇന്ത്യാചരിത്രം ആർ.സി മജുൻദാറിനെ പോലുള്ളവർ ചേർന്ന് വളർത്തിക്കൊണ്ടുവന്നിരുന്നു. ഇന്ത്യൻ സംസ്കാരത്തെയും അതിലടങ്ങിയ ഹൈന്ദവപാരമ്പര്യത്തെയും സംബന്ധിച്ച കൃത്യമായ മുൻവിധികളുടെ അടിസ്ഥാനത്തിലാണ് ദേശീയചരിത്രകാരന്മാരായി കണക്കാക്കപ്പെട്ട പലരും രചനകൾ നടത്തിയത്.


ഇത്തരം ചരിത്രരചനയ്ക്കെതിരേ ആദ്യം ശബ്ദമുയർത്തിയത് ഡി.ഡി കൊസാംബി ആയിരുന്നു. മിത്തുകളിൽ നിന്നും മുൻവിധികളിൽ നിന്നും മുക്തമായ ശാസ്ത്രീയചരിത്രത്തിനു വേണ്ടി വാദിച്ച അദ്ദേഹം സാമ്രാജ്യങ്ങളെയും യുദ്ധങ്ങളെയും കുറിച്ചല്ല ചരിത്രം അന്വേഷിക്കേണ്ടതെന്നും ജനങ്ങളുടെ ജീവിതരീതിയെ കുറിച്ചാണെന്നും വിലയിരുത്തി. റോമിലയടക്കമുള്ള അക്കാലത്തെ ചരിത്രവിദ്യാർഥികളെ കൊസാംബിയുടെ വാദങ്ങൾ സ്വാധീനിച്ചു.


ഇന്ത്യയിലെ ജനജീവിതം കണ്ടെത്താനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ എന്തെല്ലാമാണ്? ഇന്ത്യയുടെ അതിപ്രാചീനകാലം ഏറെക്കുറെ പൂർണമായി പുരാവസ്തു വിജ്ഞാനീയത്തെ ആധാരമാക്കിയാണ് നിർണയിക്കുന്നത്. ഹാരപ്പൻ സംസ്കാരത്തിന് ഒരു ലിപിയുണ്ടെങ്കിലും അതിന്റെ വായന അന്നും ഇന്നും കീറാമുട്ടിയാണ്. എഴുത്തുരൂപങ്ങൾ ആരംഭിക്കുന്നത് മൗര്യകാലം മുതലാണ്. പിന്നീട് വരുന്ന ചരിത്രരേഖകളിൽ പ്രധാനം ശിലാശാസനങ്ങളാണ്. അതേസമയം സംസ്‌കൃതത്തിലും പാളി-പ്രകൃതത്തിലും രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ നമുക്ക് ലഭ്യമാണ്. ഈ ഗ്രന്ഥങ്ങളെയും അവയുടെ മറ്റു ചരിത്രരേഖകളും വിശകലനവും ആധാരമാക്കിയാണ് ചരിത്രപഠനം ഇന്ത്യയിൽ പുരോഗമിച്ചിട്ടുള്ളത്. ഇന്ത്യാചരിത്രത്തിന്റെ മിത്തുവൽക്കരണം നടക്കുന്നതും മതസാംസ്കാരിക പാരമ്പര്യങ്ങൾ സ്ഥാപിക്കപ്പെടുന്നതും ഇത്തരം വിശകലനങ്ങളെ ആധാരമാക്കിയാണ്.
ബ്രാഹ്മണ സംസ്കൃതപാരമ്പര്യം എന്നാണ് റോമില താപ്പർ ഇത്തരം രചനകളെ വിശേഷിപ്പിച്ചത്. ഇവയിലൂടെ തെളിയുന്നത് അധീശത്വവിഭാഗങ്ങളുടെ ചരിത്രമാണ്. ജനങ്ങളുടെ ചരിത്രമല്ല. അധീശത്വവിഭാഗങ്ങളുടെ ചരിത്രത്തിൽപോലും മിത്തും യാഥാർഥ്യവും കെട്ടുപിണഞ്ഞുകിടക്കുകയാണ്. അവയെ ഇഴപിരിച്ചെടുക്കാൻ സാമ്പ്രദായിക പഠനരീതികൾ കൊണ്ട് സാധ്യമല്ല. പുതിയ പഠനരീതികൾ വളർത്തിക്കൊണ്ടുവരണം. അതിനുള്ള സാധ്യതകൾ റോമില തേടിയത് ആധുനിക സാമൂഹ്യശാസ്ത്രത്തിലാണ്. മാർസെൽ മൊസ്സ്, റോബർട്ട് റെഡ്‌ഫീൽഡ്, കാറൽ പോല്യാനി, എമ്മാനുവൽ തെരെ, പിയറി ഫിലിപ് റെയ്, ഇന്ത്യൻ സമൂഹവിദ്യാർഥികളായിരുന്ന ജെ. ഗോണ്ട, ഹെസ്റ്റർമാൻ മുതൽ മൈക്കിൾ വൈറസിലും എഫ്.ജെ കൂപ്പറും വരെയുള്ള നിരവധി പണ്ഡിതന്മാരുടെ നിരീക്ഷണപഠനങ്ങൾ പുതിയ വിഭവസാമഗ്രികൾ നൽകി. ഈ പഠനങ്ങൾ അവരെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള പഠനങ്ങളിൽ എത്തിച്ചു. ഏറ്റവും അവസാനം പ്രാചീനഇന്ത്യയെ സംബന്ധിച്ച ജൈവശാസ്ത്ര പഠനങ്ങളും അവരുടെ ശ്രദ്ധയെ ആകർഷിച്ചു. ഇവയെല്ലാം ചേർത്ത് പ്രാചീനഇന്ത്യൻ പഠനങ്ങളെ മാത്രമല്ല, ഇന്ത്യാ ചരിത്രരചനയെ തന്നെ മാറ്റിമറിക്കുന്നതിനു സഹായകരമായ ഒരു രീതിശാസ്ത്രത്തിലേക്കു നീങ്ങാൻ റോമില താപ്പറിനു കഴിഞ്ഞു.


ഇതിന്റെ പ്രധാന സൂചനകളെ ഇത്തരത്തിൽ സംഗ്രഹിക്കാം. വേദങ്ങളും ബ്രാഹ്മണങ്ങളും ഇതിഹാസങ്ങളും അടങ്ങുന്ന പ്രാചീനരചനകൾ ഗോത്രസമൂഹത്തിൽനിന്ന് കുലാധിപത്യത്തിലേക്കും കുലാധിപത്യത്തിൽനിന്ന് രാഷ്ട്രങ്ങളിലേക്കുമുള്ള പരിവർത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ മാറ്റങ്ങളുടെ കേന്ദ്രം കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഉത്ഭവസ്ഥാനമായ ഗാർഹിക സമ്പദ്ഘടനയുടെ വളർച്ചയാണ്. ആദ്യകാലത്ത് സമൂഹവിഭജനത്തിന്റെ രൂപങ്ങളായിരുന്ന വർണങ്ങൾ രാഷ്ട്രങ്ങളുടെ ഉൽപത്തിയോടെ സ്വത്തുടമയുടെയും അധികാരാരോഹണങ്ങളുടെയും ജ്ഞാനത്തിനു മേലുള്ള അധിപത്യത്തിന്റെയും സൂചകങ്ങളായി മാറുകയും ഗോത്രസമൂഹങ്ങളടക്കമുള്ള എല്ലാ പണിയാളർ വിഭാഗങ്ങളും ഇവരുടെ കീഴിൽ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉടലെടുക്കുന്ന ബ്രാഹ്മണ സംസ്കൃതപാരമ്പര്യം സാംസ്കാരികമായ ഒരു ബൃഹദ്പാരമ്പര്യമായി മാറുകയും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വളർന്നുവന്ന പ്രാദേശിക സമൂഹങ്ങളെയെല്ലാം അതിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്യുന്നു. സമൂഹവിഭജനം കൂടുതൽ സങ്കീർണമായി തീരുന്നതോടെ വ്യത്യസ്ത ജനവിഭാഗങ്ങൾ ജാതികളായി വേർതിരിക്കുന്നു. വർണാശ്രമ ധർമം ജാതിഘടനയെ നിർണയിക്കുന്ന ആശയസംഹിതയായി മാറുന്നു. ഇങ്ങനെ വളർന്നുവരുന്ന വർണ ജാതിവ്യവസ്ഥ മൊത്തം സമൂഹത്തിന്റെ നിർണായക ഘടകമായിത്തീരുന്നു. അതേസമയം വ്യത്യസ്ത പ്രാദേശിക സമൂഹങ്ങൾ അവരുടെ ഭാഷാ സംകാരിക ഭേദങ്ങളെ പ്രകടിപ്പിക്കുന്നുമുണ്ട്. ഇതിന്റെ ഫലമായി വർണ ജാതിവ്യവസ്ഥ നിർണയിക്കുന്നതെങ്കിലും പ്രാദേശികഭേദങ്ങൾ നിലനിക്കുന്ന ഒരു ബഹുസംസ്കാരിക വർണശിൽപമായി ഇന്ത്യ രൂപപ്പെടുന്നു. ഈ ബഹുസാംസ്കാരിക രൂപത്തെ ഏതെങ്കിലും മതപരമ്പര്യത്തിലോ, ആർഷഭാരത സംസ്കാരത്തിലോ കൂട്ടിക്കെട്ടുക സാധ്യമല്ല. ഏതെങ്കിലും ഭരണാധികാരിയുടെ മതബോധത്തിലല്ല ഭരിക്കപ്പെടുന്ന ജനതയുടെ വിശ്വാസ സംഹിതകൾ നിലനിൽക്കുന്നത്. ഇത്തരം ധാരണകളുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത ഭൂതകാലം ഇന്ത്യക്കു സങ്കൽപ്പിക്കാൻ കഴിയുകയില്ല, ഇന്ത്യക്കുള്ളത് വിവിധ സംസ്കാരിക ഭൂതകാലങ്ങളാണ്. രാമായണ മഹാഭാരതങ്ങളുടെയും ശാകുന്തളം പോലുള്ള രചനകളുടെയും സസൂക്ഷ്മ പഠനങ്ങളിലൂടെ ഈ ഭൂതകാലത്തിനു സ്ഥലത്തിലും കാലത്തിലും വന്നുചേരുന്ന വൈവിധ്യങ്ങളെ റോമില താപ്പർ വിശദീകരിക്കുന്നു.


ചരിത്രപരമായ ഈ വൈവിധ്യങ്ങളെ പൂർണമായി നിരാകരിച്ചുകൊണ്ട് ഇന്ത്യൻ സംസ്കാരത്തിലെ മതാധിപത്യത്തെ പൊലിപ്പിച്ചത് ബ്രിട്ടീഷ് കൊളോണിയൽ പണ്ഡിതന്മാരാണ്. ഇന്ത്യൻ ശകാരം ക്ഷേത്രസംസ്‌കമാണെന്നു വാദിക്കുകയും മുസ് ലിംകൾ നടത്തിയതായി കരുതപ്പെട്ട ക്ഷേത്രധ്വംസനത്തെ പട്ടികപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തതും ബ്രിട്ടീഷുകാരാണ്. ഈ വികലചരിത്രത്തെ അതേപടി ഏറ്റെടുത്ത് സ്വന്തം ഹിന്ദുത്വ വാദത്തിന്റെ അടിത്തറയാക്കുകയാണ് ഹിന്ദുത്വചരിത്രകാരന്മാരും സംഘ്പരിവാറും ചെയ്തത്. ഇതെങ്ങനെയാണ് അവർ സാധിച്ചത് എന്നതിനെ തുറന്നുകാട്ടുകയാണ് സോമനാഥ ക്ഷേത്രത്തിന്റെ പഠനത്തിലൂടെ താപ്പർ ചെയ്യുന്നത്. മഹ്മൂദ് ഗസ്നി തകർത്ത സോമനാഥ ക്ഷേത്രത്തെ സംബന്ധിച്ച കഥ പ്രചരിക്കുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണ്. സോമനാഥക്ഷേത്രം നിലനിന്ന പ്രദേശത്തെ മഹ്മൂദ് ആക്രമിച്ചെന്നത് വസ്തുതയാണെങ്കിലും ക്ഷേത്രം തകർത്തില്ലെന്നതും പിന്നീടുള്ള നൂറ്റാണ്ടുകളിൽ, ക്ഷേത്രം ആരാധനാകേന്ദ്രം ആയിരുന്നെന്നും തെളിവുകളുടെ സഹായത്തോടെ താപ്പർ വാദിക്കുന്നു. ക്ഷേത്രം തകർത്തുവെന്നതിനു തെളിവായി ബ്രിട്ടീഷുകാർ പ്രദർശിപ്പിച്ചത് അഫ്‌ഗാനിസ്ഥാനിൽ കണ്ടെത്തിയ ഒരു ഗേറ്റ് ആണ്. ഗേറ്റും ക്ഷേത്രവും തമ്മിലുള്ള ബന്ധംപോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഹിന്ദുത്വവാദികൾ കഥ ഏറ്റെടുക്കുകയും കെ.എം മുൻഷിയുടെ ജയ് സോമനാഥ് എന്ന നോവലിലൂടെ കഥയെ സ്ഥിരീകരിക്കാൻ ശ്രമം നടത്തുകയും ചെയ്തു.


ഇതുപോലെയുള്ള കെട്ടുകഥകളാണ് സംഘ്പരിവാർ കെട്ടിയുയർത്തുന്ന ചരിത്രമായി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കെട്ടുകഥകളാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും കബനാറസിലെ ഗ്യാൻവാപി പള്ളിയുടെ കാര്യത്തിലും മഥുരയിലെ കേശവ് ഖായ് ക്ഷേത്രത്തിന്റെ കാര്യത്തിലും സംഘ്പരിവാർ ഉയർത്തിയത്. ഇത്തരം ചരിത്രാഭാസങ്ങൾക്കെതിരേ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ബുദ്ധിജീവിയെന്ന നിലയിൽ റോമിലാ താപർ കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളാണ് അവരെ നമുക്കു പ്രിയങ്കരിയാക്കുന്നത്. അവരുടെ ചരിത്രാഖ്യാനത്തിന്റെ പ്രസക്തിയും ഈ ചെറുത്തുനിൽപ്പിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago