നാവിക സേനയെ ഇനി മലയാളി നയിക്കും; ആര്‍ ഹരികുമാര്‍ നേവി മേധാവിയായി ചുമതലയേറ്റു
തിരുവനന്തപുരം: നാവികസേനയെ ഇനി മലയാളി നയിക്കും. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു. നേവിയുടെ ഇരുപത്തിയഞ്ചാമത് മേധാവിയാണ് ഹരികുമാര്‍. 2024 ഏപ്രില്‍ മാസം വരെയാണ് കാലാവധി.
സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ചായിരുന്നു ചടങ്ങ്.
ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമെന്ന് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. ഏത് വെല്ലുവിളിയേയും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അദ്ദഹം പറഞ്ഞു.
35 വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഹരികുമാര്‍ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റത്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് രണ്‍വീര്‍ തുടങ്ങി അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവര്‍ത്തിച്ചു. മുംബൈ സര്‍വകലാശാലയിലും യുഎസ് നേവല്‍ വാര്‍ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരമവിശിഷ്ട സേവാ മെഡലും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."