ആംബുലന്‍സോടിക്കാന്‍ കരിക്ക് കച്ചവടക്കാരന് മോഹം; മൂന്ന് വാഹനങ്ങളിലിടിച്ച് നാലുപേര്‍ക്ക് പരുക്ക്
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് വഴിയോര കച്ചവടക്കാരന്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ടുപോയി മൂന്ന് വാഹനങ്ങളിലിടിച്ച് നാലുപേര്‍ക്ക് പരുക്ക്. കിടങ്ങൂര്‍ കട്ടച്ചിറ ഹൈവേ റോഡില്‍ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അപകടം. പാലാ ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയത്തിന് രോഗിയുമായി പോയ ആംബുലന്‍സ് തിരികെ കട്ടച്ചിറയില്‍ എത്തിയപ്പോള്‍ കരിക്ക് കുടിക്കാനായി ഡ്രൈവര്‍ ദീപേഷ് വഴിയോരത്ത് നിര്‍ത്തിയിട്ടു.
കരിക്ക് കുടിച്ച ശേഷം റോഡിന് മറുവശത്തുള്ള സുഹൃത്തിന്റെ അടുത്തേക്ക് പോയി. ഈ സമയം കരിക്ക് കച്ചവടക്കാരനായ പിറയാര്‍ സ്വദേശി മുരുകന്‍ ആംബുലന്‍സില്‍ കയറുകയും വാഹനം ഓടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ വാഹനം റിവേഴ്‌സ് ഗിയറില്‍ വീഴുകയും വേഗത്തില്‍ പിന്നോട്ട് പോവുകയുമായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശി ജബ്ബാറിന്റെയും പാലാ സ്വദേശി സണ്ണി ജോസഫിന്റെയും ഓട്ടോറിക്ഷകള്‍ ഇടിച്ച് മറിച്ച ശേഷം ബൈക്ക് യാത്രക്കാരനെ മരത്തോട് ചേര്‍ത്ത് ഇടിച്ചശേഷമാണ് നിന്നത്. ബൈക്ക് യാത്രക്കാരനായ കരിപ്പൂര് മഠത്തിപറമ്പ് കാഞ്ഞാമറ്റത്തില്‍ കുഞ്ഞുമോന് സാരമായി പരുക്കേറ്റു.
ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ജബ്ബാറിനെയും സണ്ണിയേയും ഓട്ടോറിക്ഷ യാത്രക്കാരെയും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ എത്തിച്ച് പ്രഥമിക ചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂര്‍ എസ്‌ഐ കുര്യന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മുരുകനെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്.ഐ കുര്യന് മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."